27 കിലോമീറ്റര്‍ മൈലേജുള്ള ഗ്രാന്റ് വിറ്റാര 7 സീറ്റര്‍ എത്താന്‍ ഇനി കാലമേറെയില്ല
മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വില്‍ക്കപ്പെടുന്നതിനൊപ്പം കൂടുതല്‍ മോഡലുകള്‍ സ്വന്തമായുള്ള കമ്പനിയുമായ മാരുതി സുസുക്കിയുടെ ഗ്രാന്റ് വിറ്റാരയുടെ 7 സീറ്റര്‍ മോഡല്‍ വിപണിയില്‍ എത്താന്‍ ഇനി അധികം കാത്തിരിക്കേണ്ടെന്നാണ് ലഭിക്കുന്ന വിവരം.
അടുത്ത വര്‍ഷം തന്നെ ഇന്ത്യന്‍ റോഡുകളിലേക്കു ഇവയെത്തും. വലിയ കുടുംബങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി രൂപകല്‍പന ചെയ്തിരിക്കുന്ന മിഡ്‌സൈസ് എസ്‌യുവിയായ മാരുതി സുസുക്കി ഗ്രാന്റ് വിറ്റാരയുടെ പുതിയ മോഡലില്‍ ഏഴു പേര്‍ക്ക് സുഖമായി യാത്രചെയ്യാം. 27 കിലോമീറ്റര്‍ മൈലേജുണ്ടാവുമെന്നതാണ് കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.
മാരുതി സുസുക്കി ടൊയോട്ടയുമായി സഹകരിച്ച് പുറത്തിറക്കിയ വാഹനമെന്ന പ്രത്യേകതയും ഇതിനുണ്ട്.
വലിപ്പം കൂടുന്നതിനൊപ്പം വീല്‍ബെയ്‌സ് ഉള്‍പ്പെടെയുള്ളവയിലും രൂപാന്തരം സംഭവിക്കും.
എക്സ്റ്റീരിയര്‍ ലുക്കില്‍ ചില്ലറ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഒപ്പം തന്നെ പുതിയ ഇന്റീരിയര്‍ തീമായിരിക്കും വരാന്‍ പോകുന്ന ഗ്രാന്‍ഡ് വിറ്റാര 7 സീറ്ററിന്റെ മറ്റൊരു ഹൈലൈറ്റ്. ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്കൊപ്പം തന്നെ പുത്തന്‍ ടെക്‌നോളജികളും സജ്ജീകരിച്ചാകും പുതിയ കാര്‍ എത്തുക.
മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര കാറിന്റെ 7 സീറ്റര്‍ പതിപ്പില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ഉള്‍പ്പടെയുള്ള ട്രെന്‍ഡിംഗ് ഫീച്ചറുകളും നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര 7 സീറ്റര്‍ മോഡല്‍ വാഗ്ദാനം ചെയ്യുന്നത്.
1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോളും 1.5 ലിറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് പെട്രോളുമാണ് അവ. ഇതില്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ 103 പിഎസ് പവറും 107 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അതേസമയം 116 പിഎസ് പവറും 122 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍.
നിലവിലെ വിറ്റാര മോഡലിന്റെ രണ്ടു നിര സീറ്റാണ് മൂന്നുവരി സീറ്ററാക്കി രൂപാന്തരപ്പെടുത്തി പുറത്തിറക്കാന്‍ പോകുന്നത്.