Novel

പ്രണയമായ്: ഭാഗം 13

രചന: ശ്രുതി സുധി

അന്നൊരു അവധി ദിവസമായിരുന്നു… അച്ഛനും അമ്മയും ഒരു കല്യാണത്തിന് പോയി. വീട്ടിൽ ഞാനും അമ്മുവും മാലതി ചേച്ചിയും മാത്രം.. അമ്മുവിനെ കുറിച്ച് പറഞ്ഞാൽ…. അവൾക്കു ഞാനെന്നു വെച്ചാൽ ജീവനാണ്. തിരിച്ചു എനിക്കും… അവൾ എന്നെ അമ്മ എന്നാണ് വിളിക്കുന്നത്. അങ്ങനെ തന്നെ ആണ് പഠിപ്പിച്ചത്… ആ ഒരു ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉണ്ട്. എന്നോടുള്ള സ്നേഹം ഇത്തിരി കൂടുതൽ ആണെങ്കിലേ ഉള്ളൂ. മറ്റാരും എന്നോട് കൂടുതൽ സ്നേഹം കാണിക്കുന്നതൊന്നും ആശാത്തിക് ഇഷ്ടമല്ല. അമ്മ എന്നെ ചേർത്തു പിടിക്കുകയോ ഉമ്മ തരുകയോ ചെയ്താൽ പിണങ്ങി ഹാളിൽ അവളുടെ കുഞ്ഞി കസേരയിൽ പോയി മുഖം വീർപ്പിച്ചു ഇരിക്കും. കല്യാണം കഴിഞ്ഞ് ഒരാഴ്ച ആയപ്പോഴേക്കും അവളുടെ കിടപ്പ് എന്റെ കൂടെ ആക്കിയായിരുന്നു. അതൊരു കണക്കിന് എനിക്ക് ഉപകാരം ആയി. അവൾ കൂടെ ഉള്ളതോണ്ട് മുറിയിൽ എത്തിയാലും ഉണ്ണിയേട്ടൻ അധികം ദേഷ്യപ്പെടാറില്ല… മാത്രമല്ല വെറും രണ്ടു വയസുകാരിയുടെ ബുദ്ധി അല്ല അവൾക്കു. പലപ്പോഴും അവളുടെ ഓരോ പ്രവർത്തി എന്നിൽ അത്ഭുതം ഉണ്ടാക്കിയിട്ടുണ്ട്…

അന്ന് ആ അവധി ദിവസം വൈകിട്ട് ചായക്ക് പലഹാരമായി കൊഴുക്കട്ട ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു ഞാൻ.. അമ്മുവിനെ അടുക്കളയിൽ സ്ലാബിൽ ഇരുത്തി അരിപൊടി കുഴച്ചു ഉണ്ട ഉരുട്ടി അതിനുള്ളിൽ തേങ്ങ മിശ്രിതം ചേർത്തു വീണ്ടും ഉരുട്ടി കൊഴുക്കട്ടകൾ തയാറാക്കി. ഇതു കണ്ടു അമ്മുവിനും അതുപോലെ ചെയ്യണം എന്നു വാശി… പലപ്പോഴും അവൾ ചപ്പാത്തി കുഴകുമ്പോൾ ഒക്കെ ഇതുപോലെ ചെയ്യണം എന്നു പറയാറുള്ളത് കൊണ്ട് അത്രയും മാവ് കളയണ്ടല്ലോ എന്നു കരുതി അവൾക്കുവേണ്ടി കുറച്ചു ക്ലേ വാങ്ങി വച്ചു. അതിൽ നിന്നും വെളുത്ത ക്ലെയും തവിട്ടു നിറത്തിലുള്ള ക്ലെയും ഒരു പാത്രത്തിൽ ആക്കി അവൾക്കു മുന്നിൽ വച്ചു കൊടുത്തു.
വെളുത്ത ക്ലേ ഉരുളകൾ ആക്കി അതിനുള്ളിൽ തവിട്ടു ക്ലേ വച്ചു ഫിൽ ചെയ്തു വീണ്ടും ഉരുട്ടി കുഞ്ഞു കൊഴുക്കട്ടകൾ പോലെ നല്ല വൃത്തിയിൽ ഉണ്ടാക്കി വച്ചിരിക്കുന്നത് കണ്ടു ഞാനും മാലതി ചേച്ചിയും നോക്കി നിന്നുപോയി.

പെട്ടന്നാണത് സംഭവിച്ചത്….. ഹാളിൽ നിന്നും ഉണ്ണിയേട്ടൻ പാഞ്ഞു വരുന്നതും കണ്ടു വേഗം അമ്മുവിനെയും എടുത്ത് അവൾ ഉണ്ടാക്കി വെച്ച ക്ലേ പ്ലേറ്റോടു കൂടെ എടുത്തു അടുക്കള വാതിലിലൂടെ പുറത്തേക്കു കളഞ്ഞു തിരിച്ചു പാഞ്ഞു വന്നു എന്റെ മുഖമടച്ചു ഒരടി ആയിരിന്നു. കണ്ണടച്ച് തുറക്കും വേഗത്തിൽ ഈ കാര്യങ്ങൾ നടന്നതുകൊണ്ട് എന്താ ഏതാ എന്നൊന്നും മനസ്സിലാക്കാൻ പറ്റിയില്ല… ദേഷ്യത്തിൽ എന്നോടെന്തോ പറയാൻ ആഞ്ഞപ്പോളാണ് അവിടെ മാലതി ചേച്ചിയെ കണ്ടത്. പിന്നൊന്നും മിണ്ടിയില്ല. പെട്ടന്നുള്ള അടിയിൽ ഉണ്ടായ വേദനയും മാലതി ചേച്ചി കണ്ടതിലുള്ള വിഷമവും ഞാൻ വേഗം മുറിയിലേക്കു പോയി ബാത്‌റൂമിൽ കയറി ടാപ് തുറന്നു എല്ലാ സങ്കടവും അമർഷവും കരഞ്ഞു തീർത്തു. ബാത്റൂമിലെ ഡോറിൽ തുടരെ മുട്ടുകേട്ടു തുറന്നപ്പോൾ അമ്മു നിന്നു കരയുന്നു. അവളെ എടുത്തു തോളത്തിട്ടു. നിറഞ്ഞു വന്ന കണ്ണുനീർ അവളുടെ കുഞ്ഞു കൈകളാൽ തുടച്ചു മാറ്റി ഉണ്ണിയേട്ടൻ അടിച്ച കവിളിൽ അവൾ ചുണ്ട് ചേർത്തു എന്നെ പറ്റിപിടിച്ചു കിടന്നു. പെട്ടന്നാണ് മാലതി ചേച്ചി റൂമിലേക്കു കയറി വന്നത്. ചേച്ചി പറഞ്ഞാണ് ഞാൻ കാര്യങ്ങൾ അറിഞ്ഞത്. ആരുമില്ലാത്ത നേരത്തു ഞാൻ അമ്മുവിനെയും കൊണ്ട് ജോലി എടുപ്പിക്കുന്നതാണെന്നു കരുതിയത്രെ ഉണ്ണിയേട്ടൻ. അതാ തല്ലിയത് പോലും. ചേച്ചി പറഞ്ഞപ്പോളാ ആളു കാര്യങ്ങൾ മനസ്സിലാക്കിയത്. തല്ലിയതിന്റെ വിഷമത്തിൽ ആണെന്ന് തോന്നുന്നു പോലും ഒന്നും മിണ്ടാതെ വണ്ടിയും എടുത്തു പോയി … തല്ലിയതിനു വിഷമം ഒന്നും ഉണ്ടാകില്ല. അതെനിക്കറിയാം… എന്തായാലും ഇവിടെ നടന്ന കാര്യങ്ങൾ മറ്റാരും അറിയണ്ട എന്നു ചട്ടം കെട്ടി.

അപ്പോഴാണ് ഫോൺ റിംഗ് ചെയ്യുന്ന കണ്ടത്. നോക്കിയപ്പോൾ അമ്മാവൻ ആണ്. ഫോൺ എടുത്തു ഹലോ പറഞ്ഞപ്പോൾ ആണ് അപ്പുറത്തു നിന്നും സംസാരിക്കുന്നതു ദേവി ആന്റി ആണെന്ന് മനസ്സിലായത്. ആന്റിക് തീരെ സുഖമില്ല. കുറച്ചു ദിവസം അവിടെ ചെന്നു നിൽക്കാമോ എന്നു ചോദിച്ചു. മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല. കുറേ നാളായി ആന്റി വല്ലാതെ മാറി പോയിരുന്നു. കല്യാണം അടുത്തപ്പോഴേക്കും വല്ലാത്ത സ്നേഹം ആയിരുന്നു. ഉണ്ണിയേട്ടനെ വല്യ കാര്യമാണ്. അന്ന് വീട്ടിൽ ചെന്നു നിന്നപ്പോഴൊക്കെ ഉണ്ണിയേട്ടനോട് നന്നായി തന്നെയാണ് പെരുമാറിയതൊക്കെ. എന്തായാലും ഇവിടെ എല്ലാരോടും ചോദിച്ചിട്ട് വരാം എന്നു മാത്രം പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോഴേക്കും അച്ഛനും അമ്മയും എത്തി. അവരോട് ആന്റി വിളിച്ച കാര്യം പറഞ്ഞു. കുറച്ചു ദിവസം പോയി നില്കാൻ അനുവാദവും തന്നു. ഇവരുടെ സമ്മതം കിട്ടിയാൽ പിന്നേ ഉണ്ണിയേട്ടന്റെ കാര്യം ഇവര് നോക്കിക്കോളും. ആദ്യം ഉണ്ണിയേട്ടനോട് പറഞ്ഞിരുന്നെങ്കിൽ അപ്പൊ തന്നെ എതിർക്കുമായിരുന്നു. ഇനി ഇപ്പൊ എതിർത്താലും ഇവര് കൈകാര്യം ചെയ്തോളും. എന്തായാലും ഇന്ന് തന്നെ പോകാൻ തീരുമാനിച്ചു. ഒന്നു വിളിച്ചു പറഞ്ഞേക്കാം എന്നു കരുതി പലതവണ ഉണ്ണിയേട്ടനെ വിളിച്ചപ്പോഴും എടുക്കുന്നില്ല. അമ്മയും അച്ഛനും മാറി മാറി വിളിച്ചിട്ടും എടുക്കുന്നില്ല. പിന്നെ നോക്കിയപ്പോൾ ഫോൺ സ്വിച്ച് ഓഫ്‌. പറയാതെ പോകാനും തോന്നുന്നില്ല. പിന്നേ അവരെല്ലാം നിർബന്ധിച്ചു. എന്തായാലും പോകാൻ കരുതിയതല്ലേ പോയിട്ട് വാ.. ഉണ്ണിയേട്ടനോട് അവര് പറഞ്ഞോളാം എന്നു പറഞ്ഞപ്പോൾ വീണ്ടും പോകാൻ തന്നെ തീരുമാനിച്ചു. അമ്മുവിനെ മിസ്സ്‌ ചെയ്യുന്നതോർത്തായിരുന്നു വിഷമം. അവളെയും കൊണ്ടുപോയാലോ എന്നോർത്തതാണ്. പിന്നേ ആന്റിയുടെ കാര്യം ഓർത്തപ്പോൾ വേണ്ടാ എന്നു കരുതി. ഏതു സമയത്താണ് സ്വഭാവം മാറുന്നതെന്ന് പറയാൻ കഴിയില്ല . വൈകിട്ട് ആറുമണിക് ഉള്ള ബസിൽ നിന്നും പുറപ്പെട്ടു കൃത്യം ഏഴുമണി ആയപ്പോളേക്കും വീട്ടിലെത്തി… എല്ലാരും ഒരുമിച്ച് വീണ്ടും പഴയ പോലെ…

**************

അന്ന് പതിവില്ലാതെ നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങി. അച്ഛനും അമ്മയും കല്യാണത്തിന് പോയിരുന്നു. വീട്ടിൽ ചെന്നപ്പോൾ മുൻവശത്തെ വാതിൽ ചാരിയിട്ടേ ഉള്ളു. അകത്തു കയറി നോക്കിയപ്പോൾ കണ്ട കാഴ്ച എന്റെ ഉള്ളം നോവിക്കുന്നതായിരുന്നു. ആ സമയം മനസ്സിൽ തെളിഞ്ഞ ചിത്രത്തിന് രണ്ടാനമ്മയുടെ ക്രൂരതകൾ ഏറ്റുവാങ്ങിയ കുഞ്ഞുങ്ങളുടെ മുഖമായിരുന്നു… ആ സ്ഥാനത്തിപ്പോ എന്റെ അമ്മുവും… എല്ലാരും ഉള്ളപ്പോൾ എന്തു സ്നേഹപ്രകടനം ആരുമില്ലാത്തപ്പോൾ അവസ്ഥ ഇതും. നേരത്തെ വന്നതുകൊണ്ടല്ലേ സത്യാവസ്ഥകൾ മനസ്സിലാക്കാൻ കഴിഞ്ഞത്… വെറും രണ്ടുവയസ്സുള്ള കുഞ്ഞിനെ കൊണ്ട് ജോലി ഒക്കെ ചെയ്യിക്കാൻ എങ്ങനെ തോന്നുന്നു ഇവൾക്ക്… പിന്നൊന്നും നോക്കിയില്ല നേരെ അടുക്കളയിലേക്കു ചെന്നു അമ്മുവിനെയും എടുത്തു അവളെക്കൊണ്ട് ഉണ്ടാക്കിവെപ്പിച്ചതെല്ലാം എടുത്തു കളഞ്ഞിട്ടു സർവ ദേഷ്യവും ചേർത്തു കൊടുത്തു ലക്ഷ്മിയുടെ മുഖത്തിന്‌ ഒരെണ്ണം… നല്ലത് പറയാൻ നാവു തരിച്ചു വന്നതാ… അപ്പോഴാണ് മാലതി ചേച്ചി നില്കുന്നത് കണ്ടത്. അതുകൊണ്ട് ഒന്നും മിണ്ടാൻ നിന്നില്ല. അപ്പോഴേക്കും ലക്ഷ്മി പോയിരുന്നു അവിടെ നിന്നും. പിന്നീടാണ് യാഥാർഥ്യം ഞാൻ മനസ്സിലാക്കിയത് മാലതിചേച്ചിയിൽ നിന്നും. പിന്നേ കുറേ ഉപദേശവും..

“അതൊരു പാവമാണ് മോനെ… അമ്മുന്നു വെച്ച ജീവനാണ്.. സ്വന്തം മകളെപോലെയാ അതിനെ നോക്കുന്നത്. ലക്ഷ്മി ഒരിക്കലും അങ്ങനെയൊന്നും ചിന്തിക്ക പോലും ഇല്ല. മോൻ ലക്ഷ്മിയെ തെറ്റിദ്ധരിച്ചതാ. ”

ഞാൻ ഒന്നു മൂളുക മാത്രം ചെയ്തു മുറിയിലേക്കു പോയി.. പാവം പോലും… എനിക്ക് പുച്ഛമാണ് തോന്നിയത്. ഈ സമയമത്രയും അമ്മു ആണെങ്കിൽ അമ്മാ അമ്മായെന്നും പറഞ്ഞു നല്ല കരച്ചിൽ ആയിരുന്നു. മുറിയിൽ ചെന്നപ്പോൾ ബാത്റൂമിലെ ടാപ്പിൽ നിന്നും വെള്ളം വീഴുന്നതോടൊപ്പം അടക്കി പിടിച്ച തേങ്ങലുകളും കേൾകാം. അന്നേരം എന്തോ ഇതുവരെ ഇല്ലാത്ത ഒരു വിഷമം. ചെയ്തത് തെറ്റായോ.. ഹേയ് ഇല്ല.. അല്ലെങ്കിലും ഇവളെപോലുള്ളവർക് ഒരടിയുടെ കുറവുണ്ട്… അങ്ങനെയെല്ലാം സ്വയം ആശ്വസിച്ചു… അമ്മുവാണെങ്കിൽ ബാത്റൂമിലെ വാതിലിൽ ഇടിച്ചു കരയുന്നു.ബാത്റൂമിലെ ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോഴേക്കും ഞാൻ വേഗം പുറത്തിറങ്ങി വണ്ടിയും എടുത്തു പോയി.

കുറേ നേരം അതിലെ ഇതിലെ നടന്നു.. ഹോ.. ഇനി ഇതു അമ്മ അറിയും അച്ഛനറിയും പിന്നേ വഴക്കായി ഉപദേശമായി… ഹോ… ഏതു നേരത്താണോ എന്തോ അങ്ങനൊക്കെ ചെയ്യാൻ തോന്നിയത്. കുറേ നേരം കഴിഞ്ഞപ്പോൾ ലക്ഷ്മിയുടെ കാൾ വന്നു… ഈ പെണ്ണെന്തിനാ എന്നെ വിളിക്കുന്നത് എന്നു ചിന്തിച്ചപ്പോഴേക്കും കാൾ കട്ട്‌ ആയി. അല്പസമയം കഴിഞ്ഞു പിന്നെയും കാൾ… ഒന്നും എടുത്തില്ല. പിന്നെ തുരുതുരാ കാൾ ആയിരുന്നു അമ്മയുടെ, അച്ഛന്റെ…പെട്ടന്ന് ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു . അല്ലെങ്കിൽ പിന്നെയും വിളിച്ചോണ്ട് ഇരിക്കും. അന്ന് കുറച്ചു ലേറ്റ് ആയിട്ടാണ് വീട്ടിൽ ചെന്നത്. വണ്ടി വെച്ച് അകത്തു കയറാൻ തുടങ്ങിയപ്പോൾ ആണ് അമ്മ വാതില്കലേക്കു വന്നത്… ആഹാ കണ്ണുരുട്ടി കലി തുള്ളി ആണ് നിൽപ്. അപ്പൊ കാര്യങ്ങൾ എല്ലാ അറിഞ്ഞിട്ടുണ്ട്… ഇന്നെന്റെ കാര്യം സ്വാഹാ…. നോക്കിയപ്പോൾ അച്ഛനും കലിതുള്ളിയാണ് നിൽപ്.

“നിന്റെ ഫോൺ എന്ത്യേടാ… എത്ര തവണ വിളിച്ചു. ഒരത്യാവശ്യത്തിനു വിളിച്ചാ കിട്ടില്ലല്ലോ ”

“അതുപിന്നെ ഫോൺ ചാർജ് തീർന്നു ഓഫ്‌ ആയതാ…… അല്ല എന്തായിയുന്നു ഇത്ര അത്യാവശ്യം. ”

“ലക്ഷ്മീടെ വീട്ടിന്നു വിളിച്ചിരുന്നു. അവിടെ ആന്റിക് സുഖമില്ല. കുറച്ചു ദിവസത്തേക്ക് ലക്ഷ്മിയോട് അങ്ങോട്ട് ചെല്ലാമോ എന്നും ചോദിച്ചു. നിന്നോട് അതുപറയാനാ വിളിച്ചത്. നിന്നെ വിളിച്ചു കിട്ടാഞ്ഞപ്പോ പോകുന്നില്ലെന്നും പറഞ്ഞു നില്പാര്ന്നു അവള്. പിന്നെ ഞങ്ങള് നിർബന്ധിച്ചു പറഞ്ഞുവിട്ടു. അച്ഛൻ ആറുമണിയുടെ ബസിനു കയറ്റി വിട്ടു. അവിടെ എത്തിയെന്നും പറഞ്ഞു വിളിച്ചിരുന്നു. നിന്റെ ഫോൺ പിന്നേ ഓഫ്‌ ആയിരുന്നല്ലോ. കൈ കഴുകീട്ടു വാ വല്ലതും കഴികാം ”

“വേണ്ടാ ഞാൻ കഴിച്ചതാ…. അമ്മു ഉറങ്ങിയോ ”

“ഹോ ഒരു കണക്കിനാ ഉറക്കിയത്… ഇത്രേം നേരം അമ്മാ അമ്മാന്നും പറഞ്ഞു കരച്ചിൽ ആയിരുന്നു. ”
അതും പറഞ്ഞു അമ്മ അടുക്കളയിലേക്കും ഞാൻ മുറിയിലേക്കും പോയി. ഒന്നു കുളിച്ചു ഡ്രസ്സ്‌ മാറി കട്ടിലിൽ കിടന്നു.

ഇന്നൊന്നു മനസ്സമാധാനത്തോടെ കിടക്കണം… നമുക്ക് ഇഷ്ടമില്ലാത്തവര് നമ്മുടെ മുറിയിൽ കിടക്കുമ്പോൾ ആ ഉറക്കത്തിനു ഒരു സുഖം ഉണ്ടാകില്ലല്ലോ… ഹോ.. ഇന്ന് പോയിട്ട് ഇനി കുറേ ദിവസം കഴിഞ്ഞു വന്നാൽ മതിയായിരുന്നു. എല്ലാം ഓർത്തു ഉറങ്ങാൻ ആയി കണ്ണടച്ചപ്പോൾ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന ലക്ഷ്മിയുടെ മുഖം ആണ് തെളിയുന്നത്. പെട്ടന്ന് തന്നെ ഞാൻ കണ്ണുകൾ തുറന്നു.. കുറച്ചു കഴിഞ്ഞു വീണ്ടും കിടന്നപ്പോളും ഇതു തന്നെ അവസ്ഥ… ഇതെന്താ ഇപ്പൊ കഥ….. ആ പെണ്ണിന്റെ മുഖം എന്തിനാ എന്റെ മനസ്സിൽ തെളിയുന്നത്…. വേണ്ടാ… അതിന്റെ ആവശ്യമില്ല എന്നുതന്നെ മനസ്സിൽ ഉറപ്പിച്ചു വീണ്ടും കിടന്നു. അപ്പോൾ അന്ന് കല്യാണ ദിവസം നടന്ന കാര്യങ്ങൾ മനസ്സിൽ നൂറാവർത്തി തെളിഞ്ഞു വന്നു…. വീണ്ടും ഞാൻ വഞ്ചിക്കപ്പെട്ടു എന്നു മനസിലാക്കിയ ദിനം……….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button