Novel

നിൻ വഴിയേ: ഭാഗം 13

രചന: അഫ്‌ന

മുന്നിൽ രണ്ടു കയ്യും കെട്ടി നിതിൻ നിൽക്കുന്നുണ്ട്, മുഖത്തെ ഭാവം എന്താണെന്ന് തിരിച്ചറിയാൻ പറ്റുന്നില്ല, അതിനു കുറച്ചു പുറകിലായി അഭിയും. അങ്ങോട്ട്‌ നോക്കാത്തതാണ് ഭേദം…. “പെട്ടെടി പെട്ടു “ജ്യോതി മെല്ലെ പറഞ്ഞു. “ഇന്ന് നിന്റെ അവസാനമാണെടി പുല്ലേ” അവളുടെ വായിൽ നിന്ന് കേട്ടതോടെ ജ്യോതി കുറച്ചു പിന്നിലേക്ക്‌ നീങ്ങി നിന്നു, ഇനി അടിയെപ്പോ വീഴുമെന്ന് പറയാൻ പറ്റില്ല,അന്തരീക്ഷം ഗുരുതരം.

“എന്താ ഇതിന്റെയൊക്കെ അർത്ഥം” നിതിൻ ദേഷ്യത്തിൽ അവളെ നോക്കി ചോദിച്ചു.അവന്റെ ചോദ്യവും നോട്ടവും കണ്ടു രണ്ടും പിടിക്കിട്ടാ പുള്ളികളെ പോലെ ദയനീയമായി അവനെ നോക്കി. അവരുടെ നിൽപ്പും അവന്റെ ഭാവവും കണ്ടു അവർ കള്ളം പറഞ്ഞതാണെന്ന് ഓർത്തു ദീപ്തി ചുണ്ട് കൊട്ടി ചിരിച്ചു.

“നിങ്ങൾ എന്താ മിണ്ടാത്തെ ഞാൻ ചോദിച്ചതിന് ഉത്തരം പറ ” “അ….. അ….തു…ണ്ടല്ലോ ഏട്ടാ ഇ…വള്” തൻവി വാക്കുകൾ കിട്ടാതെ ജ്യോതിയേ ചൂണ്ടി. ജ്യോതി പുളി കടിച്ച പോലെ അവനെ നോക്കി ഇളിച്ചു. “എനിക്കപ്പോയെ തോന്നി ഇങ്ങനെ വായിട്ടടിച്ചപ്പോൾ, ഇതൊക്കെ വെറും തള്ളാണെന്ന്…..”ദീപ്തി പുറകിൽ നിന്ന് പരിഹസിച്ചു. അത് അവർക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു.

ഇരുവരും പരസ്പരം കൈ കോർത്തു പിടിച്ചു അതടക്കി. “നിതിനേ കണ്ടപ്പോയല്ലേ ഇതൊക്കെ കള്ളം ആണെന്ന് അറിഞ്ഞത്, അല്ലെങ്കിൽ ഇത് കോളേജ് മുഴുവൻ പാടി നടന്നേനെ ഇവള് ” “കള്ളമോ?എന്ത് കള്ളം?”നിതിൻ സംശയത്തോടെ ദീപ്തിയെ നോക്കി. “നിങ്ങൾ ഇഷ്ട്ടത്തിലാണെന്ന് ഇവൾ പറഞ്ഞത് “അവൾ പുച്ഛത്തോടെ തൻവിയെ നോക്കി പറഞ്ഞു. “അത് കള്ളം ആണെന്ന് ഞാൻ പറഞ്ഞോ”അവൻ പോക്കറ്റിൽ കൈ ഇട്ടു അവളെ ഉറ്റു നോക്കി.

തലക്കടി കിട്ടിയ പോലെ ആയി അവൾ. “അപ്പൊ ഇവരോട് ദേഷ്യപ്പെട്ടത് ” അവൾ ചമ്മലോടെ അവനെ നോക്കി. “കല്യാണം ആവുമ്പോൾ എല്ലാവരെയും അറിയിച്ചാൽ മതി എന്ന് ഇവള് തന്നെയാ എന്നോട് പറഞ്ഞേ, എന്നിട്ട് അവള് തന്നെ ഇതൊക്കെ വിളിച്ചു പറഞ്ഞതിന് വഴക്ക് പറഞ്ഞതാ…. ദീപ്തി എന്താ വിചാരിച്ചേ ” നിതിൻ പറയുന്നത് കേട്ട് ദീപ്തിയേക്കാൾ ഷോക്ക് അടിച്ചതിന് മുൻപിൽ നിൽക്കുന്ന രണ്ടിനുമാണ്.

ഇതൊക്കെ എപ്പോ എന്നും ആലോചിച്ചു അവനെ നോക്കി. “സോറിടാ, ഞാൻ ചുമ്മാ പറഞ്ഞതാ… നിനക്ക് വിഷമമായോ നിനക്ക് “നിതിൻ ദീപ്തിയെ മാറ്റി തൻവിയുടെ തോളിൽ കയ്യിട്ടു. അവൾ കണ്ണു തള്ളി കൊണ്ടു അവനെ നോക്കി ഉണ്ട് ഇല്ലെന്ന രീതിയിൽ തലയാട്ടി. “ഞാൻ പുറത്തു വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് എത്ര നേരമായെന്ന് അറിയോ, കാണാതായപ്പോൾ ഇങ്ങോട്ട് കയറി വന്നതാ, അപ്പൊ ഇവിടെ ഇതും”അവൻ കൈ എടുക്കാതെ സംസാരം തുടർന്നു.

അതിന് അവനെ കണ്ണുരുട്ടി പിന്നിലൂടെ കയ്യിന് പിച്ചി ഒന്ന് ചിരിച്ചു. “ഇത്ര മതി, ഓവർ ആകുന്നുണ്ട് “തൻവി മെല്ലെ പറഞ്ഞു. “ഒഹ് സോറി…..” “എന്നാ നമുക്ക് ഇറങ്ങിയാലോ,.. വാ ചോദിക്കട്ടെ “അവൻ അവളെയും വലിച്ചു ഗേറ്റിനടുത്തേക്ക് നടന്നു. തൻവി പോകും വഴി ജ്യോതിയെയും വലിച്ചു.അഭിയെ മറി കടന്നു ഇരുവരും മുന്നോട്ട് നടന്നു. തൻവിയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കണമെന്നുണ്ട് പക്ഷേ എന്തിന്…….

അവൾ തല വെട്ടിച്ചു മുന്നോട്ടു നടന്നു. അഭിയ്ക്ക് ഉള്ളം വിങ്ങാൻ തുടങ്ങി, ഹൃദയം നുറുങ്ങും പോലെ അവിടെ കൈ വെച്ചു. കണ്ണിൽ നിന്ന് അറിയാതെ ഒരു കുഞ്ഞ് തുള്ളി നിലത്തേക്ക് പതിച്ചു.അവൻ വേഗം മുഖം തിരിച്ചു, എന്തൊക്കൊയോ മനസ്സിൽ തീരുമാനിച്ചുറപ്പിച്ച പോലെ. അവന്റെ മാറ്റങ്ങൾ എല്ലാം ദീപ്തിയുടെ ദേഷ്യം വർധിപ്പിച്ചു.

“നിന്നെ ഞാൻ അധികക്കാലം വാഴിക്കില്ലടി “വീറോടെ അവൾ പോകുന്ന വഴിയിലേക്ക് നോക്കി പുലമ്പി. പുറത്തെത്തിയതും തൻവി നിതിനെ തള്ളി ഒരൊറ്റ ചവിട്ട്, “എന്താടി….. എന്തിനാ എന്നെ ഇപ്പൊ ചവിട്ടിയെ “നിതിൻ അവളെ നോക്കി കണ്ണുരുട്ടി. “എന്തിനെന്നോ? എന്തിനെന്ന് അറിയില്ലേ…..എന്തൊരു ആക്ടിങ് ” “ഒഹ് അത്,… ഞാൻ തകർത്തില്ലേ”അവൻ പുറകിൽ നിൽക്കുന്ന ജ്യോതിയേ നോക്കി. അവൾ തമ്പ് കാണിച്ചു.

“പിന്നല്ലാതെ തകർത്തു വാരിയില്ലേ “അവൾ ചിരിച്ചു കൊണ്ടു പറഞ്ഞതും തൻവി ഒന്ന് നോക്കി അതോടെ നഖം കടിച്ചു മൂളിപ്പാട്ടും പാടി എങ്ങോട്ടോ നോക്കി.എന്തിനാ വെറുതെ തടി കേടാവുന്നെ. “ഞാൻ നിന്നെ അവളുടെ ഇടയിൽ നിന്ന് സപ്പോർട് ചെയ്തതല്ലേ പോത്തേ,…നീ എന്റെ ഫ്രണ്ട് അല്ലെ ഞാൻ അങ്ങനെയൊക്കെ ചിന്തിക്കോ”അവൻ അവളുടെ തലയിൽ പിടിച്ചു കുനിഞ്ഞു.

“സോറി,ഞാൻ പെട്ടന്ന് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ” “ദീപ്തിയുടെ വാ അടിപ്പിക്കാൻ തന്നെയാ അങ്ങോട്ട് വന്നേ, ഇനി താനെ അടഞ്ഞോളും. അതുവരെ നമുക്കിങ്ങനെ കയ്യും പിടിച്ചു നടക്കാം ” അവൻ പറയുന്നത് കേട്ട് തൻവി ചിരിച്ചു മുൻപിലേക്ക് നടന്നു. “എക്സാം ഒക്കെ അടുത്തില്ലേ…..സ്റ്റഡി ലീവിന് നിങ്ങൾ പോകുന്നുണ്ടോ നാട്ടിലേക്ക് “നിതിൻ “ഞാൻ പോകുന്നില്ല, അവിടെ പോയാൽ പഠിത്തം ഒന്നും നടക്കില്ല,

പിന്നെ അഭിയും ദീപ്തിയും വേറെയും അതിനേക്കാളും നല്ലത് ഹോസ്റ്റൽ തന്നെയാ “തൻവി പറയുന്നത് കേട്ട് രണ്ടു പേരും അവളെ ഉറ്റു നോക്കി. “നീ അവരെ കണ്ടിട്ടാണോ ജീവിക്കാൻ പോകുന്നെ…അല്ലല്ലോ,”ജ്യോതി “അതല്ല, ഇപ്പൊ പോയാൽ ശരിയാവില്ല. ദീപുവും ഉണ്ടാവില്ല,ബോറടിക്കും അല്ല,നിങ്ങൾ പോകുന്നുണ്ടോ ”

“പോകാതെ പിന്നെ “നിതിൻ ചിരിച്ചു. “ഞാനും പോകുന്നില്ല, വീട്ടിൽ ഇപ്പൊ ആരും ഇല്ല. ആകെ ഉള്ളത് അമ്മായിയും അമ്മാവനും മാത്രമാണ് ഉള്ളത്…… അതുകൊണ്ട് വെക്കേഷനേ ഞാനും പോകുന്നൊള്ളു “ജ്യോതി ജ്യോതിയുടെ അച്ഛനും അമ്മയും വിദേശത്താണ് താമസം, ജ്യോതിയ്ക്കു അങ്ങോട്ട്‌ പോകാൻ താല്പര്യമില്ലാത്തത് കൊണ്ടു ഇപ്പൊ നാട്ടിൽ നിന്ന് പഠിക്കുന്നത്. എല്ലാം ഉണ്ടായിട്ടും അതിന്റെ ഒരു അഹങ്കാരവും അവൾക്കില്ല…

അത് തന്നെയാണ് അവളുടെ ക്വാളിറ്റിയും. “അപ്പൊ രണ്ടും ഹോസ്റ്റൽ തല മറിച്ചിടാൻ തീരുമാനിച്ചു ലെ ” “പിന്നല്ലാണ്ട്….. ഏട്ടന്റെ ഗാങ് ഓക്കേ പോയോ “തൻവി പുറകിലേക്ക് നോക്കി. “അവരൊക്കെ എപ്പോയെ പോയി, അതുകൊണ്ടല്ലേ മെല്ലെ ഇങ്ങോട്ട് വലിഞ്ഞേ ” “മ്മ്,അവൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു, അവിടെ ഇരിപ്പിടത്തിൽ ഇരുന്നു ഓരോന്ന് സംസാരിച്ചിരുന്നു.അഭിയുടെ ബുള്ളറ്റ് അവരെ മറി കടന്നു പോയി.

തൻവി വാശിയോടെ തല താഴ്ത്തി.. നിതിനും ജ്യോതിയും അസ്വസ്ഥതയോടെ അവളെ നോക്കി. ദൂരെ നിന്നു മിററിൽ കൂടെ അഭി വേദനയോടെ ആ കാഴ്ച നോക്കി കണ്ടു…… എന്തിനാ എന്നോട് ഇങ്ങനെ, അകറ്റി നിർത്തരുതായിരുന്നു….. ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ആ പഴയ ഒളിഞ്ഞു നോട്ടവും കുറുമ്പ് നിറഞ്ഞുള്ള സംസാരവും ചിരിയും. അപ്പോയോ അറിയാതെ അതെല്ലാം ആസ്വദിച്ചു പോയി….. അവൻ കണ്ണുകളടച്ചു നിശ്വസിച്ചു വേഗത കൂട്ടി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാവിലെ തൻവി ബെഡിൽ ചുരുണ്ട് കിടക്കുന്നത് കണ്ടാണ് ജ്യോതി എണീക്കുന്നത്. അവൾ സംശയത്തോടെ അവളെ നോക്കി എണീറ്റു. അവളുടെ മുഖമെല്ലാം ചുവന്നു ചുളിഞ്ഞിട്ടുണ്ട്. കൈ രണ്ടും വയറിൽ ചുറ്റി പിടിച്ചു ചുരുണ്ടു കൂടിയാണ് കിടക്കുന്നത്. “എന്താ തൻവി,….periods ആയോ “അവൾ അടുത്തിരുന്നു.അതിന് ഒന്ന് മൂളി വീണ്ടും തിരിഞ്ഞു തലയണയ്ക്കു മുകളിൽ കയറി കിടന്നു.

“നീ കിടന്നോ,ഞാൻ പ്ലാസ്കിൽ കുറച്ചു കാപ്പി വാങ്ങി വരാം.”ജ്യോതി കവിളിൽ ഒന്ന് നുള്ളി പുറത്തേക്കിറങ്ങി. തൻവിയ്ക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നി. ഈ ഒരു ദിവസം എപ്പോഴും പേടിയാണ്… അസ്സഹനീയമായ വേദന, മാനസിക പിരിമുറുക്കം…പേരെടുത്തു പറയാൻ കഴിയാത്ത ശരീരിക അസ്വസ്ഥകൾ.

ചേർത്തു പിടിക്കാൻ ആരെങ്കിലും വേണമെന്നാഗ്രഹിക്കുന്ന നിമിഷം. കണ്ണുകൾ നിറഞ്ഞു പതിയെ ഉറങ്ങി പോയി. ജ്യോതി വരുമ്പോൾ അവൾ ഉറങ്ങിയിരുന്നു. അവൾ ഉണർത്താതെ അതവിടെ വെച്ച് വേഗം പോയി റെഡിയായി….. ഇറങ്ങാൻ നേരം തൻവിയെ മെല്ലെ തട്ടി വിളിച്ചു. “ഞാൻ ഇറങ്ങുവാ, എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മറക്കരുത്, “ജ്യോതി അത്രയും പറഞ്ഞു ഡോർ അടച്ചു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

കോളേജിൽ തൻവിയെയും പ്രതീക്ഷിച്ചു ബൈക്കിൽ ചാരി ഇരിക്കുവാണ് അഭി. എന്നാൽ ഗേറ്റ് കടന്നു വരുന്ന ജ്യോതിയേ കണ്ടു അവൻ എണീറ്റു പുറകിലേക്ക് കണ്ണുകൾ പായിച്ചു.എന്നാൽ പ്രതീക്ഷിച്ച ആളെ എത്ര നോക്കിയിട്ടും കാണാൻ സാധിച്ചില്ല. അതിന്റെ നീരസം അവന്റെ മുഖത്തു തെളിഞ്ഞു….. അഭിയുടെ നിൽപ്പ് കണ്ടു ജ്യോതി ഒരു പരിചയ ഭാവത്തിൽ അവനെ ഒന്ന് നോക്കി ചിരിച്ചു കടന്നു പോയതും അഭി പുറകിൽ നിന്ന് വിളിച്ചു.

“ജ്യോതി ഒരു മിനിറ്റ് ” പുറകിൽ നിന്ന് അഭിയുടെ വിളി കേട്ട് അവൾ സംശയത്തോടെ അവനെ തിരിഞ്ഞു നോക്കി. “തൻവി എവിടെ? ഇന്ന് കോളേജിലേക്ക് ഇല്ലേ “ആകുലതയോടെയുള്ള അവന്റെ ചോദ്യം കേട്ട് അവൾ വാ പൊളിച്ചു പോയി…എങ്ങനെ നടന്നിരുന്ന ആളാ ഇപ്പൊ. “അവൾക്ക് സുഖമില്ല, ഇന്ന് കോളേജിലേക്കില്ല ” “സുഖമില്ലേ? “അഭി ഒന്ന് ഞെട്ടി. “ഏയ്‌ കാര്യമായിട്ടൊന്നും ഇല്ല, periods പൈൻ.”ജ്യോതി ചിരിയോടെ പറഞ്ഞു.

അവൻ ഒന്ന് തലയാട്ടി. അവൾ അപ്പോൾ തന്നെ തിരിച്ചു ക്ലാസിലേക്ക് നടന്നു. അഭിയ്ക്ക് എന്തോ അവളെ കാണാൻ കഴിയാത്ത പോലെ ഒരു വിങ്ങൽ പോലെ. അവൻ ഗ്രൗണ്ടിലേക്ക് ഇറങ്ങാതെ ബെഞ്ചിൽ ഇരുന്നു. ഇത് കണ്ടു കൊണ്ടാണ് ദീപ്തി അവന്റെ അടുത്തേക്ക് വരുന്നത്. അവൾ അത് മുഖത്തു പ്രകടിപ്പിക്കാതെ അപ്പുറത്തു വന്നിരുന്നു. “എന്താ മുഖത്തു ഒരു ടെൻഷൻ ” പെട്ടെന്ന് ആരുടെയോ ശബ്ദം കേട്ട് അവൻ തല ഉയർത്തി നോക്കി.

അടുത്തിരിക്കുന്ന ദീപ്തിയേ കണ്ടു അവൻ തല തിരിച്ചു. “എന്താ നിനക്ക് ഞാൻ വന്നത് പിടിച്ചില്ലേ “അവൾ ദേഷ്യത്തോടെ അവനെ നോക്കി. “ഇല്ലെന്ന് പറഞ്ഞാൽ നീ പോകുവോ”അവന്റെ ശബ്ദം ഉയർന്നു.അവളിൽ കാര്യമായ ഒരു ഭാവവും ഇല്ലായിരുന്നു. “പോകില്ല,…. പ്രാണസഖിയേ കാണാൻ പറ്റാത്തതിന്റെ ദേഷ്യത്തിൽ ആയിരിക്കും.”അവൾ പുച്ഛിച്ചു കൊണ്ടു അവന്റെ കയ്യിൽ പിടിച്ചു.

“ദീപ്തി എന്റെ ക്ഷമയേ പരീക്ഷിക്കരുത്, നീ എണീറ്റു പോകാൻ നോക്ക് “അവൻ കൈ എടുത്തു മാറ്റി. “ഞാൻ എന്ത് പരീക്ഷിച്ചു,” “നീ ഒറ്റൊരാൾ കാരണം ആണ് കാര്യങ്ങൾ ഇത്രയും വഷളായത്…. എന്റെ ഗതികേട് കൊണ്ടാണ് അന്ന് അങ്ങനെ ഒക്കെ….. ഇപ്പൊ അതോർക്കുമ്പോൾ ഒന്നും വേണ്ടായിരുന്നു എarytiന്ന് തോന്നി പോകുവാ “അവൻ മുഷ്ടി ചുരുട്ടി ബെഞ്ചിൽ ഇടിച്ചു. ദീപ്തി അവന്റെ പ്രവൃത്തി ഇഷ്ടപ്പെടാതെ മുഖം തിരിച്ചു.

“അവൾ പോകുന്നെങ്കിൽ പോകട്ടെ, നിനക്ക് ഞാൻ ഇല്ലേ “അവൾ വശ്യമായി ചിരിച്ചു അവന്റെ കൈകൾ കോർത്തു പിടിച്ചു.അഭി തട്ടി മാറ്റി അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവിടെ നിന്ന് എണീറ്റു പോയി. ദീപ്തിയുടെ മുഖം വലിഞ്ഞു മുറുകി. “നീ എത്ര നാൾ ഇങ്ങനെ ഓടി ഒളിക്കും, ഇതുവരെ കൊണ്ടെത്തിക്കാൻ എനിക്ക് കഴിഞ്ഞെങ്കിൽ നിന്റെ സ്വന്തമാക്കാനും എനിക്കറിയാം “അവൾ ഉറച്ച സ്വാരത്തിൽ പറഞ്ഞു സ്വയം ചിരിച്ചു നിവർന്നിരുന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

കുറച്ചു സമയം കഴിഞ്ഞു ഫോൺ റിങ് ചെയ്യുന്നത് കേട്ട് തൻവി മുഖം ചുളിച്ചു എണീക്കാതെ കൈ കൊണ്ടു ഏതി അതെടുത്തു. ദീപുവാണ്….. “ഹലോ ” “തനു….. ഇപ്പൊ എങ്ങനെയുണ്ടെടാ….”അപ്പുറത്തെ ചോദ്യം അവൾക്ക് നേരിയ ആശ്വാസം തോന്നി. എന്നും അങ്ങനെ തന്നെയാണ് എന്റെ ഓരോ ചലനവും ദീപുവിന് കാണാപാടമാണ്….ഈ ഒരു ദിവസം എന്നെ പോലെ ദീപുവിനും അസ്വസ്ഥതയാണ്. എന്റെ എല്ലാ വേദനയിലും സന്തോഷത്തിലും പങ്ക് ചേരാൻ ദൈവം എനിക്ക് വേണ്ടി അഴച്ചതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

“നീ എന്താ ഒന്നും മിണ്ടാത്തെ, തീരെ വയ്യേ, കോളേജിൽ പോയിട്ടില്ലല്ലോ ” “കുഴപ്പമില്ല, എന്നത്തേയും പോലെ തന്നെ……” “മെഡിസിൻ വാങ്ങി കഴിച്ചോ “അവന്റെ ചോദ്യം കേട്ട് തൻവി തലയ്ക്കു കൈ വെച്ചു. “മറന്നു അല്ലെ??”അവന്റെ ചോദ്യം കേട്ട് ഒന്ന് മൂളി. “ഞാൻ പറഞ്ഞിട്ടില്ലേ തലേന്ന് തന്നെ വാങ്ങി വെക്കണം എന്ന്. ഇനി മൈഗ്രീൻ വരാൻ വേറെ കാരണം വേണ്ടല്ലോ “അവൻ ദേഷ്യപ്പെട്ടു.

“മനപ്പൂർവം അല്ലല്ലോ,….”അവൾ തലയ്ക്കു കൈ വെച്ചു വേദന കടിച്ചു പിടിച്ചു. “അവിടെ ആരെങ്കിലും ഉണ്ടോ ” “ഇല്ല, എല്ലാരും പോയി ” “മ്മ്, എന്നാ ഇനി കിടന്നോ… എനിക്ക് ക്ലാസ്സ്‌ എടുക്കാൻ ടൈം ആയി “ദീപു ഫോൺ വെച്ചതും ജ്യോതി കൊണ്ടു വെച്ച കാപ്പി കുറച്ചെടുത്തു കുടിച്ചു. ഇത്തിരി ആശ്വാസം തോന്നിയെങ്കിലും വീണ്ടും അതിന്റെ പതി മടങ് വേദന വീണ്ടും വന്നു. അമ്മയെ വിളിച്ചു കമിഴ്ന്നു കിടന്നു….

വാർഡൻ ഡോറിൽ വന്നു കൊട്ടുന്ന ശബ്ദം കേട്ട് തൻവി തല ഉയർത്തി അവരെ നോക്കി. “തൻവിയ്ക്ക് ഒരു വിസിറ്ററുണ്ട്, മെഡിസിൻ തരാൻ ആണെന്ന് പറഞ്ഞു” നിതിൻട്ടൻ ആയിരിക്കും, ചിലപ്പോൾ ജ്യോതി പറഞ്ഞു വിട്ടതാണെന്ന് കരുതി. “അത് എന്റെ ഏട്ടനാണ്, എനിക്ക് മെഡിസിൻ തരാൻ വന്നതാണ് “അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു വീണ്ടും ബെഡിൽ മുഖം പുഴ്ത്തി കിടന്നു.

അകത്തു ആളനക്കം കേട്ടു നിതിൻ ആണെന്ന് കരുതി വേഗം എണീറ്റു ഡ്രസ്സ്‌ നേരെയാക്കി ഡോറിന്റെ അങ്ങോട്ട് നോക്കി. പക്ഷേ തന്റെ ചിന്തകളെ മാറ്റി മറച്ചു അകത്തേക്ക് കയറി വരുന്ന അഭിയെ കണ്ടു അവളൊന്നു പതറി.അവൻ ഇവിടെ എങനെ എന്ന ചിന്തയായിരുന്നു ഉള്ളിൽ. അവന് കരഞ്ഞു വാടി തളർന്നിരിക്കുന്ന മുഖം കണ്ടു വല്ലാതെയായി, അവളാനുഭവിക്കുന്ന വേദന ഇടയ്ക്ക് ചുളിയുന്ന മുഖം കണ്ടു അവന് മനസിലായി,…

“ഞാൻ അകത്തേക്ക് കയറട്ടെ “അവൻ കയറാൻ മടിച്ചു കൊണ്ടു അവളെ നോക്കി. “ഒരു ഫോര്മാലിറ്റിയുടെ ആവിശ്യം ഇല്ല, അഭിയേട്ടൻ കയറ്”കഷ്ടപ്പെട് പുഞ്ചിരി വരുത്തി അവനെ നോക്കി. അഭി അകത്തേക്ക് കയറി ചുറ്റും ഒന്ന് കണ്ണോടിച്ചു അടുത്തുള്ള ചെയറിൽ ഇരുന്നു….. തൻവിയ്ക്ക് അവനെ നോക്കാൻ മടിയുള്ള പോലെ കണ്ണുകൾ ചുറ്റും പായിച്ചു കൈകൾ പിടിച്ചു ഉരസാൻ തുടങ്ങി.

അഭിയ്ക്ക് നനഞ്ഞു വീർത്ത ആ കുഞ്ഞി കവിളുകൾ കണ്ടു വാത്സല്യത്തോടെ ചേർത്തു പിടിക്കാൻ ഉള്ളം വെമ്പി. പക്ഷേ ഹൃദയത്തെ സ്വയം ശാസിച്ചു പിടിച്ചു വെച്ചു. തൻവിയുടെ നോട്ടം അവനിൽ എത്തിയതും അവൻ വേഗം നോട്ടം മാറ്റി പോക്കറ്റിൽ നിന്ന് മെഡിസിൻ അവൾക്ക് നേരെ നീട്ടി. തൻവി അത് പുഞ്ചിരിയോടെ വാങ്ങി. “ദീപു വിളിച്ചിരുന്നു, നിനക്ക് മൈഗ്രീൻ പ്രോബ്ലം ഉണ്ട്, അതുകൊണ്ട് മെഡിസിൻ ഇന്നൊരു ദിവസത്തേക്ക് വാങ്ങണം എന്ന്”അതിന് അവൾ ഒന്ന് മൂളി..

.അറിയാമായിരുന്നു ദീപു എങ്ങനെയെങ്കിലും അത് സങ്കടിപ്പിച്ചു തരും എന്ന്. “പെട്ടന്ന് എന്തോ ഓർത്ത പോലെ പോക്കറ്റിൽ നിന്ന് മൂന്നാല് ചോക്ലേറ്റ് എടുത്തു അവൾക് നേരെ നീട്ടി. തൻവി നെറ്റി ചുളിച്ചു സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി. “ദീപു പറഞ്ഞിട്ടില്ല, ഇത് എന്റെ വകയാ. വാങ്ങിച്ചോ”അവൻ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി ശാന്തമായി പറഞ്ഞു. തൻവി വാങ്ങാൻ മടിച്ചു കൈ പിന്നിലേക്ക് പിടിച്ചു.

വാങ്ങില്ലെന്ന് ഉറപ്പായതും അഭി കൈ എടുത്തു അവളുടെ ഉള്ളം കയ്യിൽ വെച്ചു കൊടുത്തു. “വിഷം ഒന്നും അല്ല…..”അത്രയും പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി. തൻവി ബെഡിൽ നിന്നെണീറ്റു വാതിലിനടുത്ത് വന്നു നിന്നു…. അഭിയ്ക്ക് നെറ്റിയിൽ ചുണ്ട് ചേർക്കണം എന്നുണ്ടായിരുന്നു, പക്ഷേ ആ ഹൃദയത്തിൽ തനിക്ക് ഇടമില്ലെന്ന് ഓർത്തു ചുണ്ടിൽ ചിരി വരുത്തി തിരിഞ്ഞു നടന്നു. ആ കാഴ്ച അവൾ കണ്ണിൽ നിന്ന് മറയുവോളം നോക്കി നിന്നു….. എന്തിനെന്ന് മാത്രം മനസിലാവാതെ…..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button