Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 67

രചന: റിൻസി പ്രിൻസ്

ചിരിയോടെ പറഞ്ഞവന് അവളെ ചേർത്ത് പിടിച്ച് ചുംബനങ്ങൾ കൊണ്ട് മൂടിയപ്പോഴും അവളുടെ മനസ്സിൽ നിറയെ വേദനയായിരുന്നു, നാളെ ഈ സമയം താൻ ഒറ്റയ്ക്ക് ഈ മുറിയിൽ അവന്റെ ഓർമ്മകളെ താലോലിച്ചു കഴിയണമല്ലോ എന്ന വേദന…

അന്നത്തെ രാത്രിയിൽ മുഴുവൻ അവന്റെ നെഞ്ചിൽ തല ചായ്ച്ചു വെച്ചാണ് അവൾക്കിടന്നത്… അവളുടെ മുടിയിൽ തഴുകി അവനും…. അവനും അവളും ഉറങ്ങിയിരുന്നില്ല, പരസ്പരം ഉയരുന്ന നെടുവീർപ്പുകളും നെഞ്ചിന്റെ ക്രമാതീതമായ ഹൃദയതാളവും ഇരുവരും ഉറക്കത്തിലല്ലെന്ന് തെളിയിച്ചു തന്നു… എന്നാൽ മൗനം വലിയൊരു ആവരണം അവർക്കിടയിൽ തീർത്തിരുന്നു… വെളുപ്പിനെ എഴുന്നേറ്റവനൊപ്പം തന്നെ അവളും ഉണർന്നു…

അവന് പോകാനുള്ള കാര്യങ്ങളെല്ലാം അവനു വേണ്ടി അവളും ചെയ്തു കൊടുത്തിരുന്നു.. മുറിയിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് അവളെ നെഞ്ചോട് ചേർത്ത് പിടിച്ച് മൂർത്താവിൽ ഒന്ന് മൂകരാൻ അവൻ മറന്നിരുന്നില്ല ഇനിയെന്നാണ്..? ദിവസങ്ങൾക്കിനി യുഗങ്ങളുടെ അന്തരം ആണല്ലോ ഉള്ളത്, ഒരു വർഷം പെട്ടെന്ന് പോകും എന്ന് അവളെ പറഞ്ഞ് ആശ്വസിപ്പിക്കുമ്പോഴും ഈ ഒരു വർഷത്തിലെ ദിനരാത്രങ്ങൾക്കും നാഴികകൾക്കും വിനാഴികകൾക്കും ഒക്കെ ഒരു യുഗത്തിന്റെ ദൈർഘ്യം ഉണ്ടെന്ന് അവനും അറിയാമായിരുന്നു…. പ്രിയപ്പെട്ടവരെ ഇവിടെ ഒറ്റയ്ക്ക് ആക്കി പോകുന്നതിന്റെ വിരഹ ദുഖം അവനെയും അലട്ടുന്നുണ്ടായിരുന്നു, പക്ഷേ അങ്ങനെയല്ലേ പറ്റൂ, ജീവിതം പച്ചപിടിപ്പിച്ചല്ലേ പറ്റൂ,

വിനോദാണ് കാറും കൊണ്ട് വന്നത്…. എയർപോർട്ടിലേക്ക് ശ്രീജിത്തും പോകുന്നുണ്ട്, സുഗന്ധിയും സതിയും അവനെ കെട്ടിപ്പിടിച്ച് കരച്ചിലാണ്…. പുറമേ കാണിച്ചില്ലെങ്കിലും മീരയുടെ ഉള്ളം ആർത്തലച്ച് കരയുകയാണെന്ന് അവനു അറിയാമായിരുന്നു… ഇറങ്ങുന്നതിന് മുൻപ് കണ്ണുകൾ കൊണ്ട് ഒരിക്കൽക്കൂടി അവളോട് യാത്ര പറയാൻ മറന്നിരുന്നില്ല, പോകും മുൻപ് അടുത്തേക്ക് ഒന്ന് വിളിക്കണമെന്ന് ഉണ്ടായിരുന്നുവെങ്കിലും എല്ലാവരും നിൽക്കുന്നതുകൊണ്ട് അതിനും അവന് സാധിക്കുന്നുണ്ടായിരുന്നില്ല., എല്ലാവരോടും യാത്ര പറഞ്ഞു വീണ്ടും പ്രവാസത്തിലേക്ക് ചേക്കേറാൻ അവൻ ആ വണ്ടിയിൽ യാത്രയാകുമ്പോൾ ആ വണ്ടി തന്റെ കണ്ണിൽ നിന്നും മായുന്നതുവരെ പടിപ്പുര വാതിലിൽ അവളും നോക്കി നിന്നു. അവൾക്ക് മാത്രം അറിയാവുന്ന ഒരു ഏകാന്തതയും അരക്ഷിതാവസ്ഥയും അവളിൽ കൂടുകൂട്ടി….

തിരികെ വീട്ടിലേക്ക് കയറിയെങ്കിലും എല്ലാവരും അവരവരുടെ തിരക്കുകളിലാണ് രമ്യ ബാങ്കിൽ പോകാൻ തുടങ്ങുന്നു സതിയും സുഗന്ധിയും മുറിയിൽ കയറി വാതിൽ അടച്ച് എന്തൊക്കെ പറയുന്നുണ്ട്, അജയൻ ബസിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ കുളിക്കാനായി പോകുന്നു… എല്ലാം പഴയതുപോലെ തന്നെ പക്ഷേ തന്നിൽ മാത്രം എന്തോ ഒരു നഷ്ടം…! തന്റെ ഉത്സാഹം കെട്ടടങ്ങിയത് പോലെ പ്രിയപ്പെട്ടവന്റെ അസാന്നിധ്യം അത്രമാത്രം തന്നെ തളർത്തുന്നു എന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചു….

മുറിയിലേക്ക് ചെന്നതും മാധവിയെ അവൾ വിളിച്ചു സുധി പോയതിനെ പറ്റി മാധവിയോട് പറയുകയും ചെയ്തു, ആശ്വാസവാക്കുകൾ അവർ നൽകിയെങ്കിലും അവളുടെ ഉള്ളിൽ ഒരു വല്ലാത്ത വേദന ഉറഞ്ഞു കൂടുന്നുണ്ടായിരുന്നു… ഒന്നും ചെയ്യാൻ മനസ്സില്ലാതെ മുറിയിൽ കയറി ഇരിക്കുകയായിരുന്നു അവൾ, തല രാത്രിയിൽ അവൻ അഴിച്ചിട്ടിട്ട് പോയ ഷർട്ട് തന്റെ നെഞ്ചോട് പിടിച്ചുകൊണ്ട്… ചെറിയ കാലയളവുകൊണ്ട് ഇത്രമാത്രം താനവനെ ഇഷ്ടപ്പെട്ടുപോയോ…

വാതിലിൽ ഒരു കൊട്ട് കേട്ടാണ് അവൾ പുറത്തേക്ക് ചെന്നത്, നോക്കിയപ്പോൾ സതിയാണ് അത്ര താല്പര്യം ഇല്ലാത്ത മുഖത്തോടെ തന്നെ നോക്കി നിൽക്കുന്നു…

” ഇങ്ങനെ മുറിയിൽ കയറി കതകടച്ചു ഇരുന്നാൽ എങ്ങനെയാ..? സുഗന്ധിയും അജയനും ഒക്കെ പോയി സുധി ഗൾഫിൽ ചെന്നോളും അതിന് നീ ഇവിടെ കതകും കൊട്ടിയടച്ച് കരഞ്ഞുകൊണ്ടിരുന്നിട്ട് ഒരു കാര്യവുമില്ല… കല്യാണം കഴിഞ്ഞ് ആദ്യമായിട്ട് ഗൾഫിനു പോകുന്ന ആളൊന്നും അല്ലല്ലോ, അവന് പിന്നെ ജോലിക്ക് പോണ്ടേ, നിന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ഇവിടെ ഇരുന്നാൽ മതിയോ.? സമയം സമയത്ത് വയറ്റിലൊട്ട് വല്ലതും പോകണമെങ്കിൽ എന്റെ ചെറുക്കൻ തന്നെ കഷ്ടപ്പെടണം, അല്ലാതെ നിന്റെ വീട്ടിൽ നിന്ന് രണ്ടു തലമുറയ്ക്ക് ഇരുന്നു ഉണ്ണാൻ ഉള്ളതൊന്നും തന്നിട്ടില്ലല്ലോ, വല്ലതും കഴിക്കണമെങ്കിൽ എന്നെ ഒന്ന് സഹായിക്കാൻ നോക്ക്. എനിക്ക് തന്നെ എല്ലാവർക്കും കൂടി വെച്ച് വിളമ്പാൻ വയ്യ,

സതി അത് പറഞ്ഞപ്പോൾ അവൾ മറുതൊന്നും പറയാതെ അവർക്ക് പിന്നാലെ നടന്നു.. അവര് പറഞ്ഞ വാക്കുകളൊന്നും അവളെ വേദനിപ്പിച്ചില്ല അതിലും വലിയ ദുഃഖം അവളിൽ ഉറഞ്ഞു കൂടിയിരുന്നു. അവർ പറഞ്ഞ ജോലികളൊക്കെ യാന്ത്രികമായി തന്നെ അവൾ ചെയ്തിരുന്നു, വൈകുന്നേരത്തോടെയാണ് സുധി ഫോൺ വിളിച്ചത്… ഒരു നെറ്റ് നമ്പറിൽ നിന്നാണ് വിളിച്ചത്, ഒരു കുഴപ്പവും കൂടാതെ അവിടെ എത്തി എന്ന് മീരയോട് പറഞ്ഞിരുന്നു… ഫ്രീ ആയതിനുശേഷം വിളിക്കാം എന്ന് പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു… മീര തന്നെയാണ് സതിയോട് ആ കാര്യം പറഞ്ഞത്, അവർക്ക് എന്തുകൊണ്ടോ ആ കാര്യം ഇഷ്ടപ്പെട്ടില്ല,

“ഓ ഇനിയിപ്പോൾ, എന്നെ വിളിക്കില്ലായിരിക്കും എല്ലാ കാര്യങ്ങളും നിന്നെ വിളിച്ച് ഞാൻ അറിയത്തേ ഉള്ളായിരിക്കും, കല്യാണം കഴിഞ്ഞപ്പോൾ തൊട്ട് അവനല്ലെങ്കിലും അമ്മയെ പറ്റി ഒരു ചിന്ത ഇല്ലല്ലോ,

” എന്തോ തിരക്കാണെന്നാണ് അമ്മ പറഞ്ഞത്, അമ്മയോട് പറയണമെന്ന് എന്നോട് പ്രത്യേകം പറഞ്ഞു.

” അമ്മയോട് പറയണം എന്ന് പ്രത്യേകം പറയേണ്ട കാര്യം എന്താ? എന്നെ ഇങ്ങോട്ട് വിളിച്ച് അവന് പറഞ്ഞാൽ പോരെ… ഞാൻ ഇങ്ങനെ പറഞ്ഞു എന്ന് നിന്നെ അവൻ വിളിക്കുമ്പോൾ പറയണ്ട,

അത്രയും കടുപ്പിച്ച് പറഞ്ഞിട്ട് സതി അപ്പുറത്തേക്ക് പോയിരുന്നു… അവൾ ഒന്നും മിണ്ടാതെ നിൽക്കുകയാണ് ചെയ്തത്,.

രാത്രിയോടെ സുധി നേരത്തെ ഉപയോഗിച്ചിരുന്ന നമ്പറിൽ നിന്ന് ഫോൺ വന്നത്… അവൾ ഫോൺ എടുത്തപ്പോൾ തന്നെ വീഡിയോ കോൾ ചെയ്യാൻ അവൻ പറഞ്ഞിരുന്നു, കുളിക്കാനായി എണ്ണ പുരട്ടി നിൽക്കുകയായിരുന്നു അവൾ, അവനെ കാണാനുള്ള സന്തോഷത്തിൽ അപ്പോൾ തന്നെ അവൾ വീഡിയോ കോൾ ഓൺ ആക്കി…

” സമയം 9 ആയല്ലോ താൻ ഇതുവരെ കുളിച്ചില്ലേ…? അവളുടെ മുഖത്തേക്ക് നോക്കി ആദ്യം അവൻ ചോദിച്ചത് അതാണ്….

” കുറച്ച് മീൻ വെട്ടാൻ ഉണ്ടായിരുന്ന സുധിയേട്ടാ അതും കൂടി കഴിഞ്ഞിട്ട് കുളിക്കാന്ന് കരുതി,

” മ്മ്മ്….. ഞാനിങ്ങു പോന്നപ്പോഴേക്കും അമ്മ തന്നെ ജോലിയെടുപ്പിച്ച് കഷ്ടപ്പെടുത്തുകയാണോ…?

അല്പം കുസൃതിയുടെയും കുറച്ച് കാര്യത്തോടേയും ആണ് അവൻ അവളോട് ചോദിച്ചത്…

” അങ്ങനെയൊന്നുമില്ല സുധിയേട്ടാ, അമ്മ പറഞ്ഞത് ഒന്നുമല്ല ഞാൻ അങ്ങ് വെട്ടി വെച്ചതാ… ഇല്ലെങ്കിൽ പിന്നെ രാവിലെ എല്ലാം കൂടി ബുദ്ധിമുട്ട് ആവില്ലേ…

അങ്ങനെ സുധിയോട് പറഞ്ഞുവെങ്കിലും ആ നിമിഷം സതി നിർബന്ധിപ്പിച്ച് രണ്ട് കിലോയോളം വരുന്ന ചെറിയ നത്തോലി മീൻ ഒരേ ഇരുപ്പിന് ഒന്നിച്ചു വെട്ടിപ്പിച്ചത് അവൾ ഓർത്തു

” സുധിയേട്ടൻ അമ്മയെ വിളിക്കുന്നില്ലേ..?

” നാളെ വിളിച്ചോളാം, യാത്ര ക്ഷീണം ഒക്കെ ആയിട്ട് ഒരു മൂഡില്ല…. പിന്നെ തന്നെ കാണാത്ത വിഷമം മറ്റൊരുവശത്ത്, തന്നെ മാത്രം വിളിക്കാൻ തോന്നിയുള്ളൂ, വിനോദിനെ പോലും വിളിച്ചില്ല.. അവൻ ഒരു മെസ്സേജ് അയച്ചത് ഉള്ളൂ. വന്നു എന്ന്, പക്ഷേ തന്നോട് അങ്ങനെയല്ലല്ലോ തന്നെ കാണാഞ്ഞിട്ട് നെഞ്ച് ഇങ്ങനെ ഇടിക്കുന്നു…. ഇതുവരെ എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല, വല്ലാത്ത സങ്കടം…!

പറയുന്നതിനിടയിൽ അവന്റെ കണ്ണുകൾ ചുവക്കുന്നതും അതിലേക്ക് നീർക്കുമിളകൾ പാഞ്ഞ് എത്തുന്നതും അവൾ കണ്ടിരുന്നു… ഒരു നിമിഷം അവളും അതിശയിച്ചു പോയിരുന്നു, പെട്ടെന്ന് തന്നെ അവൻ ഫോൺ കട്ടാക്കി…. അവൻ കരയുകയാണെന്ന് അവൾക്ക് തോന്നി, വല്ലാത്തൊരു വിഷമം… ഒപ്പം തന്നെ സന്തോഷവും അവൾക്ക് തോന്നി, താനൊപ്പം ഇല്ലാത്തതിനാൽ ഇത്രയും വേദനിക്കുന്നുവെങ്കിൽ അവന്റെ മനസ്സിൽ തനിക്കുള്ള സ്ഥാനം എന്തായിരിക്കും.? അതാണ് ആ നിമിഷം അവൾ ചിന്തിച്ചത്, ഉടനെ തന്നെ അവൾ തിരിച്ച് വീഡിയോ കോൾ വിളിച്ചപ്പോൾ അവൻ ഫോൺ എടുത്തിരുന്നു…

” സുധിയെട്ടൻ കരയാണോ..?

അടക്കിപ്പിടിച്ച് വേദനയോടെ അവൾ ചോദിച്ചു,

” ഏയ് ഞാൻ കരയോന്നുമല്ല…

അവൻ മറ്റെവിടേക്കോ നോക്കിക്കൊണ്ട് പറഞ്ഞു,

” എനിക്കും ഒരുപാട് വിഷമമുണ്ട്, സുധിയേട്ടൻ അടുത്തില്ലാഞ്ഞിട്ട്, ഇന്ന് എനിക്ക് കാര്യമായിട്ട് ഒന്നും കഴിക്കാൻ പോലും പറ്റിയില്ല… ഒന്നും തൊണ്ടയ്ക്ക് നിന്ന് ഇറങ്ങുന്നില്ല, ഞാൻ പിന്നെ സുധിയേട്ടൻ വിഷമിപ്പിക്കേണ്ട എന്ന് കരുതിയ ഒന്നും പറയാതിരുന്നത്…

” നീ വിഷമിക്കരുത്, ഞാൻ വിഷമിക്കതോന്നുമില്ല ഇതിപ്പോ പെട്ടെന്ന് തന്നെ കാണാതെ വന്ന സങ്കടം ആണ്, ഇക്കാര്യം ഓർത്തു ഭക്ഷണം ഒന്നും കഴിക്കാതിരിക്കരുത്, ഒന്നാമത് ആരോഗ്യം ഇല്ല… അതിന്റെ കൂടെ ഇനി പട്ടിണിയും കൂടി കിടന്നാൽ പൂർത്തിയായി… കൂടിയാൽ ഒന്ന് രണ്ട് വർഷം കൂടി അത്രേം കൂടി ഞാൻ ഇവിടെ നിൽക്കും, അത് കഴിഞ്ഞ് കൂലിപ്പണി എടുത്താലും നാട്ടിൽ വന്ന് തന്റെ കൂടെ നിൽക്കും,

” അതുമതിയേട്ടാ നമുക്ക് ഉള്ളത് മതി, എനിക്കങ്ങനെ വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല സുധിയേട്ടൻ എന്നും എന്റെ കൂടെ ഉണ്ടായാൽ മതി അതിനപ്പുറം ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല,

” ഈ ഒരു വാക്ക് തന്നെ എനിക്ക് എന്ത് സമാധാനായന്നോ എന്റെ കൂട്ടുകാരൻമാരൊക്കെ പറയാറുണ്ട് ഇവിടുന്ന് നിർത്തി പോകുന്ന കാര്യം പറയുമ്പോൾ ഭാര്യമാരെ പ്രാരാബ്ധങ്ങളുടെ കെട്ടഴിക്കുമെന്ന്, അതിനർത്ഥം അവിടേക്ക് വരണ്ട എന്ന് തന്നെയാണ്, ആ സമയത്ത് അവരും ജീവിതം വെറുത്തു പോകും, എന്തിനാ ഇങ്ങനെ കിടന്നു മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നതെന്ന് തോന്നും, പക്ഷേ താൻ അങ്ങനെ പറഞ്ഞില്ലല്ലോ, ഈയൊരു മനസ്സ് മാത്രം മതി എനിക്ക്, ഞാനെപ്പോഴും തന്റെ കൂടെ തന്നെയുണ്ട് ….

ഫോണിന്റെ സ്ക്രീനുകളിൽ കുറച്ച് സമയം രണ്ടു പേരും ഒന്നും മിണ്ടിയില്ല, സംസാരം മൗനത്തിന് വഴിമാറിയെങ്കിലും രണ്ടുപേരുടെയും മിഴികൾ ഒരേപോലെ നിറഞ്ഞൊഴുകി, വേദന നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ സുധി തന്നെയാണ് ഫോൺ കട്ട് ചെയ്തത്… തിരികെ വിളിക്കാൻ അവൾക്കും തോന്നിയില്ല, രണ്ടുപേരുടെയും മനസ്സ് വിരഹ വേദനയാൽ ഉരുകുകയായിരുന്നു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button