Novel

സൂര്യനെ മോഹിച്ചവൾ: ഭാഗം 45

രചന: ശിവ എസ് നായർ

കിണറ്റിൽ നിന്നും പുറത്തെടുത്ത ശരീരം രണ്ട് പേര് താങ്ങി പിടിച്ച് കൊണ്ട് വന്ന ഇറയത്തേക്ക് കിടത്തി.

വർദ്ധിക്കുന്ന നെഞ്ചിടിപ്പോടെ സൂര്യൻ ഇറയത്തേക്ക് വന്ന് നോക്കി.

“ജാനകി ആന്റി…” അവന്റെ അധരങ്ങൾ അറിയാതെ മന്ത്രിച്ചുപോയി.

“എന്റെ ജാനകീ…” എന്ന് നിലവിളിച്ച് കൊണ്ട് രതീഷും ജാനകിയുടെ അമ്മ സരോജിനിയും ഇറയത്തേക്ക് പാഞ്ഞുവന്നു.

ആരൊക്കെയോ ചേർന്ന് ഇരുവരെയും ബലമായി പിടിച്ചു മാറ്റി അകത്തേക്ക് കൊണ്ട് പോയി. ആ സമയത്തോടെ സൂര്യന്റെ മിഴികൾ തേടിയത് നീലിമയെയായിരുന്നു.

ഇറയത്തു നിന്ന് വീടിനുള്ളിലേക്ക് കയറി അവൻ ചുറ്റിനും നോക്കി. മുറിയുടെ ഒരു മൂലയ്ക്ക് മുട്ടുകാലിൽ മുഖം പൂഴ്ത്തി കൂനിക്കൂടി ഇരിക്കുന്ന നീലിമയെ കാണവേ സൂര്യന്റെ ഉള്ളിൽ പല സംശയങ്ങളും ഉടലെടുത്തു.

“സൂര്യാ… വേഗം ജീപ്പിറക്ക്. നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം. ജാനകിക്ക് ജീവനുണ്ടെന്ന് തോന്നുന്നു. കയ്യിലെ നാഡിമിടിപ്പ് നോക്കിയപ്പോ ഒരു സംശയം.” മെമ്പർ സുഗുണൻ വന്നവനെ തട്ടി വിളിച്ച് പറഞ്ഞതും നീലിമയെ ഒന്ന് നോക്കിയിട്ട് സൂര്യൻ പെട്ടെന്ന് അയാൾക്കൊപ്പം പുറത്തേക്ക് ഇറങ്ങി.

മൂന്നാല് പേര് ചേർന്ന് ജാനകിയെ ജീപ്പിലേക്ക് കയറ്റി. രതീഷിന്റെ മടിയിൽ തല വച്ച് അനക്കമറ്റ് കിടക്കുകയാണ് അവൾ. പ്രാർത്ഥനയോടെ കൈകൾ കൂപ്പി രതീഷ് കണ്ണുകൾ അടിച്ചിരുന്നു. അവന്റെ മിഴികൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.

മഴയും ഇരുട്ടുമൊന്നും വക വയ്ക്കാതെ അതിവേഗത്തിൽ പാഞ്ഞ ജീപ്പ് കൃത്യം പതിനഞ്ച് മിനിറ്റ് കൊണ്ട് ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചേർന്നു.

സ്ട്രച്ചറിൽ കിടത്തി ജാനകിയെ അകത്തേക്ക് കൊണ്ട് പോകുന്നത് നോക്കി സൂര്യൻ നിന്നു. ജാനകി എങ്ങനെ കിണറ്റിൽ വീണു? അതോ അവരെങ്ങാനും ആത്മഹത്യ ചെയ്യാൻ ചാടിയതാണോ. രതീഷും സരോജിനി അമ്മയും അലമുറയിട്ട് കരയുമ്പോൾ തെറ്റ് ചെയ്തവളെ പോലെ മുറിയുടെ മൂലയ്ക്ക് തല കുമ്പിട്ടിരുന്ന നീലിമയുടെ മുഖം മനസ്സിൽ തെളിയവേ സൂര്യന് ഒരു സമാധാനവും കിട്ടിയില്ല.

എന്താ നടന്നതെന്ന് വ്യക്തമായി ആർക്കും അറിയില്ല. രതീഷിനോട് ചോദിക്കാമെന്ന് വച്ചാൽ ഒന്നും ചോദിച്ചറിയാൻ പറ്റിയ അവസ്ഥയല്ല അയാളുടേത്.

“സുഗുണേട്ടാ… ജാനകി ആന്റി എങ്ങനെയാ കിണറ്റിൽ വീണത്. എന്താ നടന്നതെന്ന് സുഗുണേട്ടന് അറിയോ?” ജീപ്പിനരികിൽ നിന്ന് സിഗരറ്റ് വലിച്ചുകൊണ്ടിരുന്ന സുഗുണനരികിലേക്ക് വന്ന് സൂര്യൻ ചോദിച്ചു.

“ജാനകി കിണറ്റിൽ വീണ് കിടക്കുന്നുവെന്ന് രതീഷ് വന്ന് പറയുമ്പോഴാ സംഭവം ഞാനറിയുന്നത്. കേട്ടപാതി കുറച്ച് ആൾക്കാരേം കൂട്ടി അങ്ങോട്ട്‌ പോയി നോക്കുകയായിരുന്നു. ഒന്നും ചോദിച്ചറിയാൻ പറ്റിയിട്ടില്ല. അതിനുള്ള സാഹചര്യം കിട്ടിയതുമില്ല. പിന്നെ സരോജിനി അമ്മ ആ നീലിമ കൊച്ചിനെ എന്തൊക്കെയോ പറഞ്ഞ് പ്രാകുന്നതും നീയല്ലെടി എന്റെ മോളെ കൊന്നതെന്നൊക്കെ ചോദിക്കുന്നത് കേട്ടിരുന്നു.

രാത്രി ആ വീട്ടിലെന്തോ നടന്നുവെന്നത് ഉറപ്പാ. പിന്നെ കിണറ്റിന്റെ ഒരു വശം ഇടിഞ്ഞു കിടക്കുന്നത് കൊണ്ട് വെള്ളം കോരുന്നതിനിടയിൽ കര ഇടിഞ്ഞു വീണ് ജാനകി കിണറ്റിൽ പോയതോണോന്നും സംശയമുണ്ട്. എന്തായാലും പോലിസ് വന്ന് അന്വേഷിക്കട്ടെ. ഞാൻ സ്റ്റേഷനിൽ വിവരം അറിയിച്ചിട്ടുണ്ട്.” സിഗരറ്റ് കുറ്റി കാൽച്ചുവട്ടിലിട്ട് ഞെരിച്ചുകൊണ്ട് അയാൾ അവനോട് തനിക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞ് അമർത്തിയൊന്ന് മൂളിക്കൊണ്ട് സൂര്യൻ വണ്ടിയിലേക്ക് കയറി. കോ ഡ്രൈവിംഗ് സീറ്റിൽ പരമു പിള്ളയും കൂടി കയറിയപ്പോൾ അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

“ഭാര്യ വീട്ടിൽ തനിച്ചാ… അതോണ്ട് ഞാൻ നിക്കുന്നില്ല, രാവിലെ വരാം.”

“നീ പൊയ്ക്കോ സൂര്യാ… ഞങ്ങളൊക്കെ ഉണ്ടല്ലോ ഇവിടെ.”

“എങ്കിൽ ശരി… രാവിലെ കാണാം.”

സുഗുണന് നേർക്ക് കൈവീശിയിട്ട് സൂര്യൻ ജീപ്പ് മുന്നോട്ടെടുത്തു.

🍁🍁🍁🍁🍁🍁

പിറ്റേന്ന് ഉച്ചയോടെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് ജാനകിയുടെ മൃതദേഹം ആവണിശ്ശേരിയിലേക്ക് കൊണ്ട് വന്നു. അപ്പോഴേക്കും പോലിസ് നടപടി ക്രമങ്ങളും പൂർത്തിയായി കഴിഞ്ഞിരുന്നു.

പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ ജാനകി നാല് മാസം ഗർഭിണിയായിരുന്നു. മാസമുറ കൃത്യമായി വരാത്തതിനാൽ വയറ്റിലൊരു കുഞ്ഞ് വളരുന്നത് ജാനകിയും അറിഞ്ഞിരുന്നില്ല. തളർച്ചയും ക്ഷീണവും മാത്രമേ അവർക്കുണ്ടായിരുന്നുള്ളു. അത് ഗർഭത്തിന്റെ ആണെന്ന് ജാനകി മനസ്സിൽ പോലും വിചാരിച്ചതല്ല.

ഇറയത്തു കിടത്തിയ ജാനകിയുടെ ശരീരത്തിൽ വീണ് സരോജനി അമ്മ അലമുറയിടുമ്പോൾ സർവ്വവും തകർന്നവനെ പോലെ ഭാര്യയുടെ വയറ്റിൽ മുഖം ചേർത്ത് വച്ച് നിശബ്ദം കണ്ണീർ വാർത്ത് കിടക്കുകയാണ് രതീഷ്.

തങ്ങൾക്ക് ജനിക്കാനിരുന്ന പൊന്നോമന ഭൂമിയിലേക്ക് വരുന്നതിന് മുൻപ് തന്നെ ജീവൻ വെടിഞ്ഞത് അയാൾക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇടയ്ക്കിടെ എന്തൊക്കെയോ പതം പറഞ്ഞ് രതീഷ് എങ്ങലടിക്കുന്നുണ്ടായിരുന്നു. അടക്കി നിർത്താൻ ശ്രമിച്ചിട്ടും അയാൾക്ക് കരയാതിരിക്കാൻ കഴിഞ്ഞില്ല.

ഒരേ സമയം ഭാര്യേം കുഞ്ഞിനേയുമാണ് അയാൾക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. രതീഷിന്റെ കൈകൾ ജാനകിയുടെ വയറിന്മേൽ തലോടുന്നതും അടക്കം പറഞ്ഞ് വിങ്ങുന്നതും നോക്കി കാണവേ കണ്ട് നിക്കുന്നവരുടെ കണ്ണുകളിലും നനവ് പടർന്നു.

തനിക്ക് മുന്നിലെ രംഗങ്ങൾ വീക്ഷിച്ചു കൊണ്ട് ജീവച്ഛവം കണക്കെ നീലിമ ഭിത്തിയിൽ ചാരി ഇരിപ്പുണ്ടായിരുന്നു. തലേന്ന് രാത്രി അരങ്ങേറിയ സംഭവ വികാസങ്ങൾ അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു.

“നീലിമേ… അടുക്കളയിൽ ഒരു തുള്ളി വെള്ളമില്ല. നീ പോയി വെള്ളം കോരികൊണ്ട് വാ. നിനക്കൊന്നും തിന്നാനും കുടിക്കാനും വേണ്ടെന്ന് കരുതി ബാക്കിയുള്ളവന് പട്ടിണി കിടക്കാൻ പറ്റില്ലല്ലോ.” കട്ടിലിൽ കമഴ്ന്ന് കിടക്കുകയായിരുന്നു നീലിമ. അവളുടെ തോളത്തു തട്ടി വിളിച്ചു കൊണ്ട് ജാനകി അങ്ങനെ പറഞ്ഞതും അവൾ ദേഷ്യം കൊണ്ട് അടിമുടി വിറച്ചു.

“എന്നെ കെട്ടിച്ചു വിട്ട് ബാധ്യത തീർക്കാൻ നിക്കുവല്ലേ ചെറിയമ്മ. അങ്ങനെ ഞാൻ പോയി കഴിഞ്ഞാൽ ഈ വീട്ടിലെ പണിയൊക്കെ ചെറിയമ്മ ഒറ്റയ്ക്ക് തന്നെ ചെയ്യേണ്ടി വരുമല്ലോ.

അതുകൊണ്ട് ഇനി മുതൽ ഈ വീട്ടിൽ ഒരു ജോലിയും ഞാൻ ചെയ്യില്ല. നിങ്ങൾക്കും ഭർത്താവിനും വച്ച് വിളമ്പി തരുന്നതല്ല എന്റെ പണി.”

കുറച്ചു ദിവസം മുൻപാണ് നീലിമയുടെ പ്ലസ്‌ ടു റിസൾട്ട്‌ വന്നത്. അത്യാവശ്യം നല്ല മാർക്കും അവൾക്കുണ്ടായിരുന്നു. കോളേജിൽ ചേർന്ന് ഡിഗ്രി പഠിക്കാനുള്ള ആഗ്രഹം നീലിമയ്ക്കുണ്ടായിരുന്നു. അവൾ നല്ല മാർക്കോടെ പാസ്സായതോ കോളേജിൽ ചേർന്ന് പഠിക്കുന്നതോ ഒന്നും ജാനകിക്ക് താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അന്ന് കോളേജിൽ ചേരാനുള്ള അപേക്ഷ കൊടുക്കാൻ ഒരുങ്ങി ഇറങ്ങിയ നീലിമയെ എങ്ങോട്ടും പോകാൻ സമ്മതിക്കാതെ വീട്ടിൽ പൂട്ടിയിട്ടു.

അവളിനിയും അവിടെ നിന്നാൽ പഠിക്കാനെന്ന പേരും പറഞ്ഞ് തങ്ങൾടെ ബാധ്യത കൂട്ടുമെന്ന് അവര് വിചാരിച്ചു. മൂന്ന് മാസം കൂടി കഴിഞ്ഞാൽ പെണ്ണിന് പതിനെട്ട് തികയും. അന്നേരം വല്ലതും നക്കാപിച്ച കൊടുത്ത് ആരുടെയെങ്കിലും തലയിൽ കെട്ടി വച്ച് ഭാരമൊഴിവാക്കണമെന്ന കണക്ക് കൂട്ടലിലാണ് ജാനകി. നീലിമ അവിടെ നിൽക്കുന്നത് തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്നതാണ് അവരേറ്റവും കൂടുതൽ ഭയന്ന സംഗതി.

അറിവായി കഴിഞ്ഞാൽ ആവണിശ്ശേരി തറവാടും പുരയിടവുമൊക്കെ അവളുടെ പേരിൽ എഴുതി കൊടുക്കാൻ പറഞ്ഞ് വഴക്കുണ്ടാക്കുമോ എന്നൊക്കെ ജാനകി ചിന്തിക്കാറുണ്ട്.

അതൊക്കെ കൊണ്ടുതന്നെ നീലിമയെ കോളേജിൽ അപേക്ഷ കൊടുക്കാൻ പോകാൻ അവർ അനുവദിച്ചില്ല. ചെറിയമ്മയുടെ കാല് പിടിക്കും പോലെ അവൾ അപേക്ഷിച്ചെങ്കിലും അവരുടെ മനസ്സലിഞ്ഞില്ല. ആ നേരം മുതൽ ഒരു തുള്ളി ജലപാനം പോലും നടത്താതെ കരഞ്ഞു കൊണ്ട് ഒരേ കിടത്തമായിരുന്നു നീലിമ.

“എന്റെ കയ്യീന്ന് തല്ല് മേടിച്ചാലേ നീ അനുസരിക്കൂ എന്നുണ്ടോ. ഇത്രേം നാളും നീ വെട്ടി വിഴുങ്ങിയത് എന്റെ ഭർത്താവ് ഉണ്ടാക്കി കൊണ്ട് വന്ന മുതലിൽ നിന്നാ. അല്ലാതെ നിന്റെ അച്ഛൻ സമ്പാദിച്ചു വച്ചതല്ല.”

“എന്റെ അച്ഛനുണ്ടാക്കിയ ഈ വീട്ടിലല്ലേ ഇത്ര കൊല്ലായി നിങ്ങൾ താമസിക്കുന്നത്. അച്ഛൻ മരിക്കും വരെ അച്ഛന്റെ പണത്തിൽ തന്നെയല്ലേ നിങ്ങൾ തിന്ന് കുടിച്ചു നടന്നത്. ഇപ്പൊ നിങ്ങള് വേറെ കെട്ടിയ സ്ഥിതിക്ക് ഇവിടുന്നൊന്ന് ഇറങ്ങി തന്നൂടായിരുന്നോ. എങ്കിൽ അത്രേം സമാധാനം കിട്ടിയേനെ.”

“ഛീ… നിർത്തടി മൂദേവി. ആരോടാ നീ അധിക പ്രസംഗം പറയുന്നത്.” ജാനകി കൈവീശി അവളുടെ മുഖത്തടിച്ചു.

“നിന്റെ തള്ള ചത്തപ്പോ മുതൽ ഈ നെഞ്ചില് കിടത്തിയാടി നിന്നെ ഞാൻ ഉറക്കിയിരുന്നത്. നിനക്ക് നിന്നോട് മാത്രേ സ്നേഹള്ളു. നിന്നെ പോറ്റി വളർത്തിയ എന്നെ നിനക്ക് കണ്ണിന് മുന്നിൽ പിടിക്കൂല. അതിനു കാരണം ഞാനൊരു കല്യാണം കഴിച്ചതല്ലേ.

ജീവിതം കാലം മൊത്തം നിനക്ക് വേണ്ടി എന്റെ സുഖങ്ങൾ ഞാൻ ഉപേക്ഷിക്കണമായിരുന്നോ? സ്വന്തം കാര്യം നോക്കാമെന്ന സ്ഥിതിയായപ്പോ നിനക്ക് എന്നേം ഭർത്താവിനേം ഇവിടുന്ന് ഇറക്കി വിട്ടാ മതിയെന്നായി. കൊള്ളാടി കൊള്ളാം, ചോറ് തന്ന കൈക്ക് തന്നെ തിരിഞ്ഞു കൊത്തിയല്ലോ.” രോഷത്തോടെ അവളുടെ കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ജാനകി അടുക്കളയിലേക്ക് നടന്നു.

“പോയി പാത്രത്തിലൊക്കെ വെള്ളം നിറച്ച് വയ്ക്ക്. ഇല്ലെങ്കിൽ ചട്ടുകം പഴുപ്പിച്ചു വയ്ച്ചു നിന്നെക്കൊണ്ട് ചെയ്യിക്കാൻ എനിക്കറിയാം.”

“ചെറിയമ്മേടെ പേടിപ്പിക്കൽ എന്നോട് വേണ്ട. നിങ്ങൾ അടിച്ചത് ഞാൻ സഹിച്ചു. എന്നുവെച്ച് ഇനിയും എന്റെ ശരീരം നോവിച്ചാൽ ഞാനെന്താ ചെയ്യാന്ന് എനിക്ക് തന്നെ അറിയില്ല.” അടികൊണ്ട കവിൾ പൊത്തിപ്പിടിച്ച് കത്തുന്ന മിഴികളോടെ നീലിമ ജാനകിയെ നോക്കി…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button