സൂര്യനെ മോഹിച്ചവൾ: ഭാഗം 41
രചന: ശിവ എസ് നായർ
വിതുമ്പുന്ന അധരങ്ങൾ കടിച്ചമർത്തി നിർമല, മഹേഷ് നിന്നിടത്തേക്ക് ഉറ്റുനോക്കി. കണ്ണുനീർ വന്ന് മൂടി അവളുടെ കാഴ്ച മങ്ങി. തൊണ്ട വറ്റി വരണ്ട് എന്ത് ചെയ്യണമെന്നറിയാതെ അവളാകെ വെപ്രാളപ്പെട്ടു.
മറക്കാൻ ശ്രമിച്ച ഓർമ്മകൾ ഓരോന്നും അവളുടെ മനസ്സിലേക്ക് വീണ്ടും ഇരമ്പിയാർത്തു വന്നു. ഇനി കാണരുതെന്ന് ആഗ്രഹിച്ച മുഖമാണ് ഇപ്പൊ തനിക്ക് മുന്നിൽ പ്രത്യക്ഷമായിരിക്കുന്നത്. അപ്പോഴേക്കും മഹേഷും അവളെ കണ്ട് കഴിഞ്ഞിരുന്നു.
“നിർമലേ…” അവൻ വിളിച്ചെങ്കിലും ചുറ്റുമുള്ള ആളുകളുടെ ആരവത്തിൽ മഹേഷിന്റെ ശബ്ദം മുങ്ങിപ്പോയി.
അപ്പോഴും ഒന്നനങ്ങാൻ പോലും കഴിയാതെ പ്രതീക്ഷിക്കാതെ ഉത്സവ പറമ്പിൽ വച്ച് അവനെ കണ്ട ഞെട്ടലിൽ നിൽക്കുകയാണ് നിർമല. അവളുടെ മുഖം വിളറി വെളുത്തിരുന്നു. പക്ഷേ നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു മഹേഷിന്റെ മുഖത്ത്.
“നിർമലേ…” എന്ന് വിളിച്ചുകൊണ്ട് അവൻ അവൾക്കടുത്തേക്ക് ധൃതിയിൽ നടന്നു. അതേ സമയത്താണ് സെക്രട്ടറിയുമായുള്ള സംസാരം അവസാനിപ്പിച്ച് സൂര്യൻ നിർമലയ്ക്ക് അരികിലേക്ക് വന്നത്. രണ്ട് പേരും ഒരുമിച്ച് കണ്ട് മുട്ടി കഴിഞ്ഞാൽ ഉറപ്പായും സൂര്യൻ അവളോട് ചോദിക്കും മഹേഷ് ആരാണെന്ന്. ഇരുവരും തമ്മിൽ ഉത്സവ പറമ്പിൽ വച്ച് തന്റെ പേര് ചൊല്ലി സംഘട്ടനം നടന്നാൽ നാട് മൊത്തം അറിഞ്ഞു ആകെ നാണക്കേടാകും. ഭയന്ന് വിറച്ച നിർമല ഇപ്പൊ കുഴഞ്ഞു വീഴുമെന്ന അവസ്ഥയിലായി.
“വേണ്ടതൊക്കെ എടുത്തോ നിർമലേ?” സൂര്യൻ അവളോട് ചോദിച്ചു.
“ഉം…” ഒരു മൂളലോടെ അവൾ നടന്ന് വരുന്ന മഹേഷിനെ പാളി നോക്കി.
നിർമലയോട് സംസാരിക്കാൻ വെപ്രാളത്തോടെ ഓടി വന്ന മഹേഷ് അവളുടെ അടുത്തെത്താനായതും അവളെ ചേർത്ത് പിടിച്ച് നിൽക്കുന്ന സൂര്യനെ കണ്ട് മുന്നോട്ട് ചലിക്കാനാവാതെ നിന്നിടത്ത് തന്നെ തറഞ്ഞു നിന്നുപോയി. കടക്കാരന് പൈസ കൊടുത്ത ശേഷം നിർമലയുടെ കൈ പിടിച്ച് സൂര്യൻ പോകാൻ തുടങ്ങുകയായിരുന്നു. ആ നിമിഷം അവളൊന്ന് പിന്തിരിഞ്ഞു മഹേഷിനെ നോക്കി.
എല്ലാം നഷ്ടപ്പെട്ടവന്റെ വേദനയോടെ ആകെ തകർന്ന് നിൽക്കുകയാണ് മഹേഷ്. എന്നാലും നീയെന്നെ ചതിച്ചല്ലോ നിർമലേ എന്നവൻ ചോദിക്കുന്നത് പോലെ അവൾക്ക് തോന്നി. മഹേഷിന്റെ നോട്ടത്തെ നേരിടാൻ കഴിയാനാവാതെ അവൾ മുഖം കുനിച്ചു.
താൻ ഭയന്നത് പോലെ അവൻ തങ്ങൾക്കരികിലേക്ക് വരാതെ അവിടെ തന്നെ നിന്നത് നിർമലയ്ക്ക് നേരിയ ആശ്വാസം നൽകി.
സൂര്യനോടൊപ്പം എത്രയും പെട്ടെന്ന് അവിടെ നിന്ന് പോകാൻ അവളുടെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. ഇരുവരും നടന്ന് അമ്പല പറമ്പിൽ ഒതുക്കിയിട്ടിരുന്ന ജീപ്പിൽ കയറി പോകുന്നത് വരെ മഹേഷ് നിർമലയെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
🍁🍁🍁🍁🍁🍁
അസ്വസ്ഥമായ മനസ്സോടെയാണ് നിർമല തിരികെ അമ്പാട്ട് തറവാട്ടിലേക്ക് ചെന്ന് കയറിയത്. മഹേഷിനെ കണ്ടത് മുതൽ അവളുടെയുള്ളിൽ ഒരു പെരുമ്പറ മുഴങ്ങുന്നുണ്ട്.
അവസാനമായി കണ്ട് പിരിയുമ്പോൾ അവൻ പറഞ്ഞ വാചകങ്ങൾ അവളുടെ കാതുകളിൽ വീണ്ടും വീണ്ടും മുഴങ്ങി.
“നിർമലേ… ഞാൻ വരൂടി… എന്നെ മറക്കല്ലേടി നീ… എന്നെ കാത്തിരിക്കാൻ നീ മാത്രേയുള്ളൂ… നീയില്ലാതെ എനിക്ക് പറ്റില്ല.” അടിച്ചവശനാക്കി നിർമലയുടെ അച്ഛനും ബന്ധുക്കളും ചേർന്ന് മഹേഷിനെ ആട്ടിപായിക്കുമ്പോൾ അവൻ പറഞ്ഞ വാക്കുകളാണ്. അതിനും അവന് കിട്ടി കുറെയധികം ചവിട്ടും തൊഴിയും.
“ഒരു വർഷം ഞാൻ കാത്തുരുന്നതല്ലേ മഹേഷേട്ടാ. എന്നെപോലൊരു പെൺകുട്ടിക്ക് എത്രയെന്ന് വച്ചാ പിടിച്ചു നിൽക്കാൻ പറ്റാ. വീട്ടുകാർ കണ്ട് പിടിച്ച ആൾടെ മുന്നിൽ താലിക്കായി തല കുനിക്കേണ്ടി വന്നുപോയി. അല്ലാതെ ഞാൻ മനഃപൂർവം ഏട്ടനെ ചതിക്കാൻ വേണ്ടി വേറെ കെട്ടിയതല്ല.” നിർമല സ്വയം പിറു പിറുത്തു.
താനീ നാട്ടിലുണ്ടെന്ന് അറിഞ്ഞ സ്ഥിതിക്ക് ഏത് നിമിഷവും മഹേഷ് തന്നെ കാണാനായി അമ്പാട്ട് പറമ്പിൽ തറവാട്ടിലേക്ക് കടന്ന് വരുമെന്ന് ഓർത്ത് അവൾ ഭയന്നു.
ഒരേസമയം താൻ രണ്ട് പുരുഷന്മാരെയാണ് ചതിക്കുന്നതെന്ന് നിർമലയ്ക്ക് തോന്നി. ഓർത്തിട്ട് അവൾക്കൊരു എത്തും പിടിയും കിട്ടിയില്ല. മുന്നോട്ട് എന്ത് ചെയ്യണമെന്നും അറിയില്ല.
മഹേഷ് ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് തന്നെയായിരുന്നു നിർമല വിചാരിച്ചിരുന്നത്. കഴിഞ്ഞ ഒരു വർഷം അവനെ പറ്റി ഒരു വിവരവും ഇല്ലാതിരുന്നപ്പോൾ തന്റെ ബന്ധുക്കൾ എല്ലാവരും കൂടി ചേർന്ന് മഹേഷിനെ കൊന്ന് കളഞ്ഞോന്ന് പോലും നിർമല സംശയിച്ചിരുന്നു. അവനെ കുറിച്ചൊന്നും അറിയാതായപ്പോൾ മഹേഷിന് അരുതാത്തതെന്തോ സംഭവിച്ചെന്ന് കരുതി അവൾ ആകെ തകർന്ന് പോയതാണ്. മഹേഷ് മരിച്ചു കാണുമെന്ന് വിശ്വസിക്കാൻ മനസ്സ് വരാതെ അവന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു നിർമല കഴിഞ്ഞ ഒരു വർഷവും.
സൂര്യന്റെ ഭാര്യയായതിന് ശേഷമാണ് യാഥാർഥ്യം ഉൾക്കൊണ്ട് അവൾ സ്വയം മാറാൻ തീരുമാനിച്ചത്. സൂര്യന്റെ നിഷ്കളങ്കമായ സ്നേഹം തന്നെയാണ് നിർമലയെ ഈ വിധം മാറ്റിയതും. സൂര്യന്റെ പെണ്ണായി മാറാനുള്ള മോഹത്തോടെ അന്നത്തെ രാത്രി മനോഹരമാക്കാൻ സ്വപ്നം കണ്ടവൾക്ക് മനസ്സിനേറ്റ കനത്ത പ്രഹരമായിരുന്നു മഹേഷുമായുള്ള കണ്ട് മുട്ടൽ.
രാത്രി ഏറെ വൈകിയിട്ടും നിർമലയ്ക്ക് ഉറങ്ങാനേ കഴിഞ്ഞിരുന്നില്ല. സൂര്യന്റെ നെഞ്ചിൽ തല ചേർത്ത് വച്ച് നിശബ്ദമായി തേങ്ങി കൊണ്ടവൾ കിടന്നു.
“എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലി ഒരിക്കലും നഷ്ടപ്പെടുത്തരുതേ ദേവി. മഹേഷേട്ടൻ മരിച്ചുവെന്ന് എന്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച ശേഷമാണ് ആ സ്ഥാനത്തേക്ക് സൂര്യേട്ടനെ ഞാൻ കണ്ട് തുടങ്ങിയത്. ഇനി ഞാൻ കൂടി കാരണം ഈ മനുഷ്യൻ വേദനിക്കുന്നത് കാണാനെനിക്ക് വയ്യ. എന്റെ പ്രശ്നങ്ങൾക്ക് എന്തെങ്കിലുമൊരു പോംവഴി ഉണ്ടാക്കി തരണേ ഭഗവതി.” നെഞ്ചിൽ പറ്റിച്ചേർന്ന് കിടന്ന താലി ഉള്ളം കൈയ്യിൽ പൊതിഞ്ഞു പിടിച്ച് നിർമല മന്ത്രിച്ചു.
🍁🍁🍁🍁🍁🍁🍁
“നിനക്കെന്ത് പറ്റി നിർമലേ? രാവിലെ മുതൽ ഒന്നിലും ഒരു ഉഷാറില്ലല്ലോ നിനക്ക്.” നേരം പുലർന്നപ്പോൾ മുതൽ വിഷാദം തളം കെട്ടിയ നിർമലയുടെ മുഖം കണ്ടപ്പോൾ സൂര്യൻ എന്താണെന്ന് കാര്യം തിരക്കി.
“ഒന്നുമില്ല സൂര്യേട്ടാ… ഇന്നലെ ഉറക്കം തീരെ ശരിയായില്ല, അതിന്റെയാകും.”
“അതൊന്നുമല്ലെന്ന് എനിക്കറിയാം… ഇന്നലെ അമ്പലത്തിൽ വച്ച് മാല ഊരിപോയതിന്റെ സങ്കടമല്ലേ നിനക്ക്. അത് നീ ഇതുവരെ മനസ്സിൽ നിന്ന് കളഞ്ഞില്ലേ. വെറുതെ നിസ്സാര കാര്യങ്ങോളോർത്തു വിഷമിച്ചിരിക്കാൻ നാണമില്ലേ പെണ്ണേ.” അവളുടെ കവിളിൽ മൃദുവായി പിച്ചികൊണ്ട് സൂര്യൻ പറഞ്ഞു.
പെട്ടെന്ന് ഒരു പൊട്ടിക്കരച്ചിലോടെ നിർമല അവന്റെ നെഞ്ചിലേക്ക് വീണു.
“സൂര്യേട്ടനെ നഷ്ടപ്പെടുമോന്ന് ഓർത്ത് എനിക്ക് പേടിയുണ്ട്. എന്ത് വന്നാലും എന്നെ ഉപേക്ഷിക്കല്ലേ ഏട്ടാ… എനിക്കിനി അത് സഹിക്കാൻ കഴിയില്ല. നിങ്ങളിപ്പോ എന്റെ ജീവനാണ്.”
“ഏയ്… എന്താ പെണ്ണേ ഇത്. നിന്നെ ഉപേക്ഷിക്കാനായിരുന്നെങ്കിൽ അതെനിക്ക് നേരത്തെ ആവാമായിരുന്നു. ചുമ്മാ അതുമിതും ആലോചിച്ചു സങ്കടപ്പെടാതെ എപ്പഴും ചിരിച്ച മുഖത്തോടെ വേണം നിന്നെയെനിക്ക് കാണാൻ.” അവളുടെ നീണ്ട മുടിയിഴകളിൽ തലോടി കവിളിൽ ചുംബിച്ചുകൊണ്ട് സൂര്യൻ പറഞ്ഞു.
അവന്റെ വാക്കുകളൊന്നും അവളുടെയുള്ളിൽ എരിഞ്ഞുകൊണ്ടിരുന്ന കനലിനെ ശമിപ്പിച്ചിരുന്നില്ല. ഉത്സവപറമ്പിൽ വച്ച് മഹേഷിനെ കണ്ട കാര്യം സൂചിപ്പിക്കാനും നിർമലയ്ക്ക് കഴിഞ്ഞില്ല. അത് കേട്ടാൽ ഉറപ്പായും സൂര്യൻ വിഷമിക്കുമെന്ന് അവൾക്കറിയാം. താൻ കാരണം അവന്റെ സന്തോഷം ഇല്ലാതാക്കേണ്ടെന്ന് കരുതി നിർമല എല്ലാം ഉള്ളിലടക്കി പുറമെ സന്തോഷം അഭിനയിച്ചു.
🍁🍁🍁🍁🍁🍁
രണ്ട് മൂന്ന് ദിവസങ്ങൾ മാറ്റമില്ലാതെ കടന്ന് പോയി. ഏത് നിമിഷവും അമ്പാട്ട് പറമ്പിൽ തറവാട്ടിലേക്ക് മഹേഷിന്റെ കടന്ന് വരവ് പ്രതീക്ഷിച്ചിരിക്കുകയാണ് നിർമല. അങ്ങനെയൊരു അവസ്ഥയെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് അവൾക്ക് അറിയില്ലായിരുന്നു. തീ പിടിച്ച മനസ്സുമായി ഉറക്കവും സമാധാനവും നഷ്ടപ്പെട്ട നിർമല വീർപ്പുമുട്ടലോടെ ദിനങ്ങൾ തള്ളി നീക്കി.
അന്ന് ഉച്ചയ്ക്ക് ശേഷം പട്ടണത്തിൽ പോയതായിരുന്നു സൂര്യൻ. രാധമ്മയും പണി കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അമ്പാട്ടെ തറവാട്ടിൽ നിർമല തനിച്ചേ ഉണ്ടായിരുന്നുള്ളൂ.
വൈകുന്നേരം അമ്പലത്തിൽ പോകുമ്പോൾ ദേവിക്ക് മുല്ലപ്പൂ മാല സമർപ്പിക്കാനായി ഉമ്മറത്തിരുന്ന് തൊടിയിൽ നിന്ന് പറിച്ചെടുത്ത മുല്ലമൊട്ട് വാഴ നാരിൽ കോർക്കുകയായിരുന്നു നിർമല. ആ സമയത്താണ് പടിപ്പുര കടന്ന് മഹേഷ് കയറി വന്നത്.
“നിർമലേ…” ചിരപരിചിതമായൊരു സ്വരം കേട്ടവൾ മുഖമുയർത്തി നോക്കി. പടിപ്പുരയ്ക്ക് മുന്നിൽ നിന്ന് അവളെ നോക്കി പുഞ്ചിരിക്കുന്ന മഹേഷിനെ കണ്ട് നിർമലയുടെ മുഖം വിളറി വെളുത്തു.
“എന്റെ ദേവീ… ചതിച്ചല്ലോ നീ.” നെഞ്ചിൽ കൈവച്ചവൾ വിറങ്ങലിച്ചു നിന്നുപോയി
അത്യധികം ആഹ്ലാദത്തോടെ നിർമലയെ പേര് ചൊല്ലി വിളിച്ചു കൊണ്ട് മഹേഷ് അവൾ ക്ക് നേരെ ചുവടുകൾ വച്ചു.
“മഹേഷേട്ടാ… നിങ്ങൾ… നിങ്ങളിവിടെ…” വാക്കുകൾ പൂർത്തീകരിക്കാൻ കഴിയാനാവാതെ നിർമല വിറപൂണ്ടു. അവളുടെ മുഖത്ത് അവനോടുള്ള ഭയം നിഴലിച്ചു.
“നീയെന്തിനാ നിർമലേ എന്നെക്കണ്ട് ഭയക്കുന്നത്. നിന്റെ മഹേഷേട്ടനല്ലേ ഞാൻ.” അവളുടെ അടുത്തേക്ക് വന്ന് നിർമലയുടെ കരങ്ങൾ കവന്ന് മഹേഷ് പ്രേമത്തോടെ അവളെ നോക്കി.
“എന്റെ കയ്യീന്ന് വിട് മഹേഷേട്ടാ… ഞാൻ… ഞാനിന്ന് മറ്റൊരാളുടെ ഭാര്യയാണ്. എന്നെ മറ്റൊരർത്ഥത്തിൽ ഇനി കാണരുത്.” നിർമല വിതുമ്പിപ്പോയി.
“നീ എന്തൊക്കെയാ പറയണേ? നീയെന്റെയാ നിർമലേ… എന്റെ മാത്രം… നിനക്ക് വേണ്ടിയാ ഇക്കണ്ട ദുരിതങ്ങളൊക്കെയും സഹിച്ചു ഞാനിവിടെ നിൽക്കുന്നത്.”
“മഹേഷേട്ടൻ ഒത്തിരി വൈകിപ്പോയി… എന്നെ കാണാനായി നിങ്ങളിവിടെ വരരുതായിരുന്നു. ഇവിടുത്തെ സൂര്യട്ടനുമായി എന്റെ വിവാഹം കഴിഞ്ഞിട്ട് മാസമങ്ങളായി. ഇനിയെന്റെ ജീവിതം സൂര്യേട്ടനോടൊപ്പമായിരിക്കും. മഹേഷേട്ടൻ തിരിച്ചു പൊയ്ക്കോ.”
“എന്നെ സ്നേഹിച്ചിട്ട് എനിക്ക് മുന്നിൽ സർവ്വവും സമർപ്പിച്ച നിനക്കെങ്ങനെയാ നിർമലേ ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുന്നത്. എനിക്കൊപ്പം കിടക്ക പങ്കിട്ട നിനക്കെങ്ങനെ ഇവന്റെ കൂടെ ജീവിക്കാൻ കഴിയുന്നു. നീ എന്തൊക്കെ പറഞ്ഞാലും ശരി എനിക്ക് നിന്നേ വിട്ടൊരു ജീവിതമില്ല.”
“ഇങ്ങനെയൊന്നും എന്നോട് പറയരുത് നിങ്ങൾ… ഞങ്ങൾ ഒരുമിച്ചൊരു ജീവിതം തുടങ്ങാൻ പോവുന്നതേയുള്ളു. അദ്ദേഹത്തെ വിഷമിപ്പിച്ചുകൊണ്ട് നമുക്ക് നന്നായി ജീവിക്കാൻ ഒരിക്കലും കഴിയില്ല. ഇപ്പോ ഈ ജീവിതംവുമായി ഞാൻ പൊരുത്തപ്പെട്ട് കഴിഞ്ഞു. അതുകൊണ്ട് സൂര്യേട്ടൻ വരുന്നതിന് മുൻപേ മഹേഷേട്ടൻ തിരിച്ചു പൊയ്ക്കോ.” നിർമല അവന് മുന്നിൽ കൈകൂപ്പി നിന്നു.
“അങ്ങനെ പോകാനല്ല ഞാൻ വന്നത് നിർമലേ. എനിക്ക് നിന്നെ വേണം. നിന്നെയും കൊണ്ടേ ഞാൻ പോവൂ.” അവളുടെ കൈയിൽ കടന്ന് പിടിച്ചുകൊണ്ട് മഹേഷ് പറഞ്ഞു….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…