കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 68
രചന: റിൻസി പ്രിൻസ്
ഫോണിന്റെ സ്ക്രീനുകളിൽ കുറച്ച് സമയം രണ്ടു പേരും ഒന്നും മിണ്ടിയില്ല, സംസാരം മൗനത്തിന് വഴിമാറിയെങ്കിലും രണ്ടുപേരുടെയും മിഴികൾ ഒരേപോലെ നിറഞ്ഞൊഴുകി, വേദന നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ സുധി തന്നെയാണ് ഫോൺ കട്ട് ചെയ്തത്… തിരികെ വിളിക്കാൻ അവൾക്കും തോന്നിയില്ല, രണ്ടുപേരുടെയും മനസ്സ് വിരഹ വേദനയാൽ ഉരുകുകയായിരുന്നു
പതിയെ സുധിയില്ലാത്ത അസാന്നിധ്യവുമായി അവൾ പൊരുത്തപ്പെട്ട് പോയിരുന്നു… എന്നാൽ സുധി പോയതിനു ശേഷം ഉള്ള അവളുടെ വീട്ടിലെ ജീവിതം ഒട്ടും തന്നെ അംഗീകരിക്കാൻ പറ്റുന്നതായിരുന്നില്ല. ഒന്നിന് പുറകെ ഒന്നായി ഓരോ ജോലികൾ ചെയ്യാൻ അവളെ നിർബന്ധിക്കുകയായിരുന്നു സതിയുടെ പ്രധാന വിനോദം.. അടുക്കള ജോലികൾക്ക് പുറമെ രമ്യയുടെ കുഞ്ഞിനെ നോക്കുന്ന ഉത്തരവാദിത്വവും അവളുടെ കൈകളിലേക്ക് കൊടുത്തിരിക്കുകയായിരുന്നു സതി…. സുധിയെ വിഷമിപ്പിക്കേണ്ടന്ന് കരുതി ഒന്നും പറയാതിരിക്കാൻ ആണ് അവൾ ശ്രദ്ധിച്ചത്… അന്യനാട്ടിൽ കിടക്കുന്നവനിൽ തന്റെ വേദനകൾ വല്ലാത്തൊരു വേദന നിറയ്ക്കും എന്നുള്ളത് കൊണ്ട് തന്നെ അവൾ ഒന്നും തന്നെ സുധിയോടോ വീട്ടിലോ പറഞ്ഞിരുന്നില്ല. മാധവിയ്ക്ക് തന്റെ അവസ്ഥ വേദന ഉണ്ടാക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു, അതുകൊണ്ടു തന്നെ വീട്ടിൽ വിളിച്ചു ഒന്നും പറയാൻ അവൾക്ക് തോന്നിയില്ല…
പിറ്റേദിവസം മുതൽ മീരയ്ക്ക് കോളേജിൽ പോകണമായിരുന്നു ആ കാര്യം മടിയോടെയാണെങ്കിലും അവൾ സതിയോടെ പറഞ്ഞു,
” നീ ഇതൊന്നും എന്നോട് പറയേണ്ട കാര്യമില്ല…! അവനോട് പറഞ്ഞിട്ട് എന്താണെന്നുവെച്ചാൽ തീരുമാനിച്ചോ, പോകുന്നെങ്കിൽ പോകുവോ വരുന്നെങ്കിൽ വരുവോ എന്താണെന്ന് വെച്ചാൽ തീരുമാനിച്ചോ,
താല്പര്യമില്ലാതെ പറഞ്ഞു സതി…
” സുധിയേട്ടൻ പറഞ്ഞത് പൊയ്ക്കോളാനാ, സുധിയേട്ടൻ തന്നെ ആദ്യത്തെ സെമസ്റ്ററിനുള്ള ഫീസ് അടച്ചു,
” ഓഹോ അങ്ങനെയുള്ള കാര്യങ്ങളൊക്കെ നടന്നോ, വിവാഹത്തിനു ശേഷം പഠിപ്പിക്കാം എന്ന് ഞങ്ങൾ പറഞ്ഞത് അവന്റെ കാശുകൊണ്ട് പഠിപ്പിക്കാം എന്നല്ല, നിന്റെ അമ്മയല്ലേ പറഞ്ഞത് നിന്നെ പഠിപ്പിച്ചോളാം എന്ന്, പിന്നെന്തിനാ അവനെക്കൊണ്ട് പൈസ അടപ്പിച്ചത്..?
സതിക്കു വല്ലാത്ത ദേഷ്യം തോന്നിയിരുന്നു…
” ഞാൻ പറഞ്ഞിട്ടില്ല അമ്മേ സുധിയേട്ടൻ കാശ് അടച്ചത്, ഞാൻ വിചാരിച്ചു പോലുമില്ല സുധിയേട്ടൻ അടയ്ക്കുമെന്ന്..
” ഓ പിന്നെ അവൻ പൈസ അടച്ചപ്പോൾ നിനക്ക് പറയാരുന്നില്ലേ നിന്റെ അമ്മ അടച്ചോളുമെന്ന്, അപ്പൊൾ എങ്ങനെയാ എന്റെ മോനെ കൊണ്ട് ഇനി ഉള്ള ഒരു വർഷത്തേക്കുള്ള പഠന ചെലവും കൂടി നടത്തിപ്പിക്കാന്നായിരിക്കും വീട്ടുകാരും നീയും കൂടി തീരുമാനിച്ചിരിക്കുന്നത് അല്ലെ…? ഒരു രൂപ പോലും സ്ത്രീധനം തരാതെ ഇങ്ങോട്ട് കയറി വന്നതും പോരാ ഇനിയിപ്പോൾ നിന്നെ പഠിപ്പിക്കേണ്ട ചുമതലയും കൂടി അവന്റെ തലമണ്ടയിൽ ആണെന്ന് പറഞ്ഞാൽ ബുദ്ധിമുട്ടാ…. ഏതായാലും ഫീസ് ഒക്കെ അടച്ച സ്ഥിതിക്ക് നീ പോയിട്ട് വാ, പിന്നെ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം, പോകുന്നതും വരുന്നതൊക്കെ കൊള്ളാം ഇവിടുത്തെ കാര്യങ്ങളൊക്കെ കൃത്യമായിട്ട് ചെയ്തിരിക്കണം.. എനിക്കിനി വയ്യാത്ത കാലും വെച്ച് ഒന്നും ചെയ്യാൻ വയ്യ.. രാവിലെ പോകുന്നതിനു മുൻപ് ഉച്ചയ്ക്കത്തേക്കുള്ളതെല്ലാം ഉണ്ടാക്കി വെച്ചേക്കണം, വൈകിട്ടത്തേക്ക് ഉള്ളത് വന്നിട്ടുണ്ടാക്കിയാൽ മതി..! പിന്നെ വീടും പരിസരവും എല്ലാം വൃത്തിയാക്കിയിട്ടിട്ട് ഇവിടുന്ന് പോകാൻ പറ്റത്തൊള്ളൂ…
അന്ന് വൈകിട്ട് സുധി വിളിച്ചപ്പോൾ പിറ്റേന്ന് മുതൽ ക്ലാസിന് പോകുന്ന കാര്യം അവൾ അവനോട് പറഞ്ഞിരുന്നു, പഠിതത്തിൽ ശ്രദ്ധ കുറയരുത് എന്നും ആദ്യം പ്രിഫറൻസ് നൽകേണ്ടത് പഠനത്തിന് ആയിരിക്കണമെന്ന് ഒക്കെ അവൻ അവളോട് പറയുകയും ചെയ്തിരുന്നു… സതി പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ അവൾ അവനോട് പറഞ്ഞിരുന്നുമില്ല. ഇതിനിടയിൽ മാധവി ക്ലാസ് തുടങ്ങുന്ന കാര്യം ഓർമിപ്പിക്കാൻ അവളെ വിളിച്ചിട്ടുണ്ടായിരുന്നു. മറന്നിട്ടില്ലന്ന് പറഞ്ഞ് അവരെയും അവൾ ആശ്വസിപ്പിച്ചു…
സാധാരണ 5 മണിക്ക് എഴുന്നേൽക്കുന്ന മീര അന്ന് മൂന്നുമണിയായപ്പോൾ തന്നെ ഉണർന്നിരുന്നു, കാലത്തെ ഏഴു മുപ്പതിന്റെ ബസിന് പോയാലേ കോളേജിൽ എത്താൻ പറ്റുകയുള്ളൂ… അതിനു മുൻപേ എല്ലാം തയ്യാറാക്കണമെങ്കിൽ മൂന്നുമണിക്ക് എങ്കിലും ഉണരണം, നേരത്തെ തന്നെ എല്ലാ കാര്യങ്ങളും അവൾ ചെയ്തിരുന്നു.. സതി ഉണർന്നു വന്നപ്പോൾ വീടും പരിസരവും അടക്കം എല്ലാം വൃത്തിയാക്കിയതിനു ശേഷമാണ് അവൾ പോകാനായി ഇറങ്ങിയത്… സുധി പറഞ്ഞു തന്ന ഒരു ഊഹം വെച്ച് ഏത് ബസ്സിന് കയറണമെന്നും അവൾക്ക് രൂപം ഉണ്ടായിരുന്നു, റെഡിയായി ബസ്റ്റോപ്പിലേക്ക് നടന്നപ്പോൾ തന്നെ വിനോദ് കാറും കൊണ്ട് അരികിലേക്ക് വന്നിരുന്നു ..
” സുധി രാവിലെ വിളിച്ചിരുന്നു താൻ ഇന്ന് തൊട്ട് കോളേജിൽ പോകുവാണെന്ന് പറഞ്ഞു. അപ്പൊൾ ഏത് ബസ്സിനാണെന്നൊക്കെ ഒന്ന് പറഞ്ഞേക്കണം എന്ന് പറഞ്ഞു,
ഞാൻ ബസ്റ്റോപ്പിൽ ആക്കാം, കയറിയിക്കോ, രണ്ടുമൂന്നു ദിവസം ബുദ്ധിമുട്ട് കാണും…
വിനോദ് പറഞ്ഞപ്പോൾ അവൾക്ക് സമാധാനമായിരുന്നു
ബസ്റ്റോപ്പിൽ ചെന്ന് അവളോട് ഏത് ബസ്സിന് പോകണമെന്നും ബസ് ഇറങ്ങിയതിനു ശേഷം ഏത് സ്ഥലത്ത് ഇറങ്ങണമെന്ന് ഒക്കെ പറഞ്ഞാണ് അവൻ പോയത്…. രണ്ട് ബസ്സ് മാറി കേറിയാൽ അവളുടെ കോളേജിൽ എത്താൻ സാധിക്കുകയുള്ളൂ, കോളേജിലേക്ക് ചെന്നപ്പോൾ സുഹൃത്തുക്കൾക്കെല്ലാം അറിയേണ്ടത് വിവാഹ വിശേഷങ്ങൾ തന്നെയായിരുന്നു.. തന്റെ ഭർത്താവിനെ കുറിച്ച് വാതോരാതെ സംസാരിക്കാൻ താല്പര്യം ആയിരുന്നു മീരയ്ക്കും… വിവാഹ ചിത്രങ്ങൾ ഒക്കെ കണ്ടതോടെ ആളൊരു ഗ്ലാമർ ആണ് എന്ന് കൂട്ടുകാരുടെ ഇടയിൽ നിന്നും ഒരു കമന്റ് വന്നപ്പോൾ അല്പം അഭിമാനത്തോടെ തന്നെ അവൾ ചിരിയോടെ ആ ചിത്രത്തിലേക്ക് ഒന്ന് നോക്കി… പെട്ടെന്ന് അവൾക്ക് അവനെ ഒന്ന് കണ്ടാൽ കൊള്ളാമെന്ന് തോന്നിയിരുന്നു, രാവിലെ മുതൽ താൻ കോളേജിലേക്ക് വരുന്നത് വരെ മൂന്ന് വട്ടമാണ് അവൻ ഫോൺ വിളിച്ചത്… ഡ്യൂട്ടിക്കിടയിലും വിളിച്ച് കൃത്യമായി സ്ഥലത്ത് എത്തിയോ എന്ന് ചോദിക്കുന്നുണ്ടായിരുന്നു… ഒരു കൊച്ചു കുട്ടിയെ ആദ്യമായി സ്കൂളിലേക്ക് വിടുന്നത് പോലെയുള്ള വെപ്രാളം ആണ് അവന് തന്റെ കാര്യത്തിൽ, ആ കരുതലും സംരക്ഷണവും ഓർത്തപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നിയിരുന്നു…. ക്ലാസ്സ് കഴിഞ്ഞതും ബസ്റ്റോപ്പിലേക്ക് എത്തിയപ്പോൾ അവൾ നന്നായി ക്ഷീണിച്ചിരുന്നു,
ബസ്റ്റോപ്പിൽ നിന്നപ്പോഴാണ് സുധി വിളിച്ചത്… അത് വീഡിയോ കാൾ ആയിരുന്നു… അവളുടെ ക്ഷീണിച്ച മുഖം കാണെ തന്നെ അവന് വേദന തോന്നിയിരുന്നു,.
” ഒറ്റദിവസം കൊണ്ട് താൻ ക്ഷീണിച്ചല്ലോ, ഒരുപാട് നാൾ കൂടിയല്ലേ ഇങ്ങനെ ബസ്സിലൊക്കെ അലച്ചിലും ഒക്കെ ആയിട്ട്,..
” താൻ അടുത്തുള്ള ബേക്കറിയിലെ മറ്റോ കയറി ഒരു ചായയും പിന്നെ എന്തെങ്കിലും കഴിക്കാൻ നോക്ക്, ആകെ തളർന്നിരിക്കുകയാണ്.. ഇനിയും കുറച്ചു അധികം ദൂരെ യാത്ര ചെയ്യാനുള്ളതല്ലേ, വീട്ടിലെത്തുന്നത് വരെ കാക്കാണെങ്കിൽ താൻ തല കറങ്ങി വീഴും..
” സാരമില്ല സുധിയേട്ടാ വീട്ടിൽ ചെന്നിട്ട് കഴിച്ചോളാം, എനിക്ക് അങ്ങനെ ഒറ്റയ്ക്ക് കയറി കഴിക്കാൻ ഒക്കെ ഒരു മടിയാ…
” തന്റെ ഒരു കാര്യം ഇങ്ങനെയൊക്കെയല്ലേ അത് പഠിക്കുന്നത്..
” എനിക്ക് സത്യായിട്ടും വേണ്ട സുധിയേട്ടാ.. അതുകൊണ്ടാ
” ശരി ഞാൻ നെറ്റ് ഓഫ് ആക്കുന്നില്ല, എന്തെങ്കിലും ഉണ്ടെങ്കിൽ വാട്സാപ്പിൽ എന്നെ വിളിച്ചാൽ മതി… വീട്ടിൽ ചെന്നിട്ട് വീഡിയോ കോള് ചെയ്യാം,
” ശരി സുധിയേട്ടാ…
ഫോൺ വെച്ചതും അവൾക്ക് വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു, ഏതൊരു സാഹചര്യത്തിലും അവന്റെ ശബ്ദവും അവന്റെ വാക്കുകൾ നൽകുന്ന സംരക്ഷണവും തന്നിൽ ഉണർത്തുന്നത് വല്ലാത്തൊരു ഊർജ്ജമാണെന്ന് അവൾ മനസ്സിലാക്കി.. രണ്ട് ബസ് മാറിക്കയറി അവൾ തിരികെ വീട്ടിലെത്തിയപ്പോഴേക്കും സമയം ആറരയോട് അടുത്തിരുന്നു… അവൾ കയറി ചെല്ലുമ്പോൾ സതി ഉമ്മറിത്തിരുന്ന് നാമം ജപിക്കുകയാണ്… അവളെ കണ്ടപ്പോൾ തന്നെ അവർക്ക് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു
നാമം ജപിക്കുന്നത് കൊണ്ട് തന്നെ അവരോട് കൂടുതൽ ഒന്നും സംസാരിക്കാതെ അവൾ അകത്തേക്ക് കയറിയിരുന്നു…
മുറിയിലേക്ക് പോയി മുഖമൊന്നു കഴുകി കുറച്ചുനേരം കട്ടിലിൽ ഒന്ന് കിടന്നു, അപ്പോഴും നാമജപം തീർന്നിട്ടില്ല… അതുകഴിഞ്ഞ് അടുക്കളയിലേക്ക് വന്നു നോക്കിയപ്പോൾ രാവിലെ മുതലുള്ള പാത്രങ്ങൾ സിങ്കിൽ കൂട്ടി ഇട്ടിട്ടുണ്ട് കഴുകിവയ്ക്കാൻ പോലും ആരും മനസ്സ് കാണിച്ചില്ല എന്നത് അവളിൽ ഒരേ നിമിഷം അത്ഭുതവും സങ്കടവും ഉണർത്തിയിരുന്നു.. ഫ്രിഡ്ജിൽ നിന്നും പാൽ എടുത്ത് അല്പം വെള്ളം കൂടി ചേർത്ത് അവൾ നല്ലൊരു ചായ ഉണ്ടാക്കി, കഴിക്കാൻ എന്തെങ്കിലും നോക്കിയപ്പോൾ ഒന്നും തന്നെ കണ്ടിരുന്നില്ല, ഒരു ചായ കുടിച്ചതിനു ശേഷം അവൾ മുറിയിലേക്ക് പോകാൻ തുടങ്ങിയപ്പോഴാണ് പിന്നിൽ നിന്നും സതിയുടെ വിളി കേട്ടത്…
” മീര ഒന്ന് നിന്നേ…
” ത്രിസന്ധ്യ നേരത്ത് ഇങ്ങനെ വരുന്ന പരിപാടി ഇവിടെ നടക്കത്തില്ല, എനിക്കത് ഇഷ്ടമല്ല നീ കോളേജിൽ പോവുകയാണെന്നുണ്ടെങ്കിൽ നാളെ മുതൽ അഞ്ചരയ്ക്ക് മുൻപ് വീട്ടിൽ വരണം, മൂവന്തിക്ക് കയറിയുള്ള ഈ വരവ് നടക്കില്ല.. മുശാട്ടാ വരുന്നതിനു തുല്യമാണത്, എനിക്കത് ഇഷ്ടമല്ല ഒന്നെങ്കിൽ കോളേജ് പോകണ്ടാന്ന് വയ്ക്കുക, അല്ലെങ്കിൽ നേരത്തെ വരിക.. പിന്നെ വൈകിട്ടത്തേക്ക് എല്ലാവർക്കും ചപ്പാത്തി മതി എന്നാണ് പറഞ്ഞത്, വേഗം മാവ് കുഴച്ച് അത് ഉണ്ടാക്കാൻ നോക്ക്. ഇനി എല്ലാം എപ്പോൾ ഉണ്ടാക്കാനാ,
അത്രയും പറഞ്ഞ് അവർ അകത്തേക്ക് കയറിയപ്പോൾ എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു മീര….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…