Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 69

രചന: റിൻസി പ്രിൻസ്

മൂവന്തിക്ക് കയറിയുള്ള ഈ വരവ് നടക്കില്ല.. മുശാട്ടാ വരുന്നതിനു തുല്യമാണത്, എനിക്കത് ഇഷ്ടമല്ല ഒന്നെങ്കിൽ കോളേജ് പോകണ്ടാന്ന് വയ്ക്കുക, അല്ലെങ്കിൽ നേരത്തെ വരിക.. പിന്നെ വൈകിട്ടത്തേക്ക് എല്ലാവർക്കും ചപ്പാത്തി മതി എന്നാണ് പറഞ്ഞത്, വേഗം മാവ് കുഴച്ച് അത് ഉണ്ടാക്കാൻ നോക്ക്. ഇനി എല്ലാം എപ്പോൾ ഉണ്ടാക്കാനാ,

അത്രയും പറഞ്ഞ് അവർ അകത്തേക്ക് കയറിയപ്പോൾ എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു മീര

സിങ്കിൽ ഉണ്ടായിരുന്ന പാത്രങ്ങൾ മുഴുവൻ കഴുകി വെച്ചതിനു ശേഷം അവൾ നേരെ മുറിയിലേക്കാണ് പോയത്, വല്ലാത്തൊരു തളർച്ചയും വേദനയും എല്ലാം അവൾക്ക് തോന്നിയിരുന്നു… ഫോൺ എടുത്തു നോക്കിയപ്പോൾ നാല് തവണയോളം സുധി വിളിച്ചിട്ടുണ്ട്… വീട്ടിൽ വന്നാൽ വിളിക്കണം എന്ന് പറഞ്ഞതായിരുന്നു…

” അവൾ പെട്ടെന്ന് തന്നെ ഫോൺ എടുത്ത് തിരിച്ചു വിളിച്ചു..

അവളുടെ മുഖഭാവം കണ്ടപ്പോൾ അവൾ നല്ല ക്ഷീണിതയാണെന്ന് അവന് തോന്നിയിരുന്നു…

” വീട്ടിൽ വന്നിട്ട് എന്താ വിളിക്കാതിരുന്നത്…?

ഗൗരവത്തിൽ ആണ്..

” സോറി സുധിയേട്ടാ…. ഞാൻ മറന്നു പോയി നല്ല ക്ഷീണം ഉണ്ടായിരുന്നു, ചായ കുടിച്ചു കഴിഞ്ഞ് കുറച്ചു പാത്രം കൂടി കഴുകാൻ ഉണ്ടായിരുന്നു അത് കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ വൈകി….

” പാത്രം കഴുകാൻ അവിടെ വേറെ ആരുമില്ലേ..? ഒരു ദേശത്തു നിന്ന് മറ്റൊരുടത്തേക്ക് ഇത്രയും ക്ഷീണിച്ച് യാത്ര ചെയ്ത താൻ തന്നെ വേണോ പാത്രം കഴുകി വയ്ക്കാൻ…

” അങ്ങനെയല്ല ചായ കുടിക്കാൻ നേരത്ത് സിങ്കിൽ കുറച്ചു പാത്രം കിടക്കുന്നത് ഞാൻ കണ്ടിരുന്നു, അതങ്ങനെ അവിടെ ഇടണ്ടല്ലോന്ന് കരുതി ഞാൻ തന്നെ കഴുകി…അത്രയേ ഉള്ളൂ

അവൾ പറഞ്ഞു…

“അത്രയേ ഉള്ളൂ…?

ഗൗരവത്തോടെ അവളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി അവൻ ചോദിച്ചപ്പോൾ ഇനിയും ഒന്നും പറയാതിരുന്നാൽ ശരിയാവില്ലന്ന് അവൾക്ക് തോന്നിയിരുന്നു… അല്ലെങ്കിലും അവനോട് കള്ളം പറയാനും തനിക്ക് സാധിക്കില്ല… അത്രയും സമയം അനുഭവിച്ച ഏകാന്തതയും വിഷമവും എല്ലാം അറിയാതെ അവൾക്ക് പുറത്തുവന്നു, സംഭവിച്ച കാര്യങ്ങളെല്ലാം സുധിയോട് പറഞ്ഞപ്പോൾ മിഴികൾ നിറയാതിരിക്കാൻ ശ്രെധിച്ചു… എല്ലാം കേട്ടപ്പോൾ അവളെക്കാൾ കൂടുതൽ നൊന്തത് അവന്റെ ഹൃദയമാണ്, താൻ തിരികെ പോകുമ്പോൾ അവൾ ഒരുപാട് കാര്യങ്ങളെ തരണം ചെയ്യേണ്ടി വരുമെന്ന് തോന്നിയിരുന്നു, എന്നാൽ തന്റെ അമ്മ ഇത്രത്തോളം ക്രൂരമായി അവളോട് ഇടപെടുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നില്ല ..
.
” അമ്മ പറഞ്ഞതുകൊണ്ട് താൻ ഇനി പഠിക്കാൻ പോകുന്നില്ല എന്ന് തീരുമാനിച്ചോ…?

എല്ലാം കേട്ട് കഴിഞ്ഞ് ഗൗരവത്തോടെ തന്നെ അവൻ ചോദിച്ചു,

” സുധിയേട്ടൻ അങ്ങനെയാണോ പറയുന്നത്…?

അവളിൽ ഒരു ഞെട്ടൽ ഉണ്ടായി

” ഞാൻ അങ്ങനെയാണ് പറയുന്നതെങ്കിൽ താൻ അതിനു സമ്മതിക്കൂമോ..?

അവൻ ചോദിച്ചു..

” സുധിയേട്ടൻ പറഞ്ഞാൽ പിന്നെ ഞാൻ എന്താ ചെയ്യാ…?

” സുധിയേട്ടൻ അല്ല ദൈവം തമ്പുരാൻ ഇറങ്ങി വന്ന് പറഞ്ഞാലും താൻ പറയണം താൻ പഠിക്കുക തന്നെ ചെയ്യും എന്ന്… തന്റെ അമ്മ കുട്ടിക്കാലം മുതലേ തന്നെ അത്രത്തോളം കഷ്ടപ്പെട്ട് വളർത്തിയതാണെന്ന്, എടോ നമ്മൾ പറയേണ്ട കാര്യങ്ങൾ നമ്മൾ തന്നെ പറയണം, അതിന്റെ പേരിൽ എന്തു പ്രശ്നം വന്നാലും നമ്മൾ അത് ഫേസ് ചെയ്തേ പറ്റൂ… തന്നെ ഞാൻ എവിടുന്നെങ്കിലും വിളിച്ചോണ്ട് വീട്ടിൽ കൊണ്ടുവന്ന് നിർത്തിയിരിക്കുന്നതല്ല, നാലു പേർ അറിഞ്ഞ് താലികെട്ടി എന്റെ വീട്ടിലേക്ക് അവകാശത്തോടെ കയറി വന്നതാണ്, സ്ത്രീധനം തന്നില്ലന്നൊക്കെ അമ്മ പറയുന്നുണ്ടെങ്കിൽ തനിക്ക് വാ തുറന്ന് ചോദിക്കാമല്ലോ അമ്മയുടെ മോൻ ഇഷ്ടപ്പെട്ട തന്നെയല്ലേ എന്നെ കല്യാണം കഴിച്ചതെന്ന്, അല്ലാതെ ഞാൻ അമ്മയുടെ മോന്റെ കാലേ കെട്ടിപ്പിടിച്ച് എന്നെ കല്യാണം കഴിക്കണം എന്നും പറഞ്ഞ് കരഞ്ഞില്ലായിരുന്നല്ലോന്ന്,..

സുധിയുടെ വാക്കുകൾ കേട്ട് അവൾ തന്നെ അമ്പരന്നു പോയിരുന്നു…

” ഞാൻ ഇങ്ങനെയൊക്കെ അമ്മയോട് എങ്ങനെയാ സുധിയേട്ടാ ചോദിക്കുന്നെ…? അമ്മ എന്തായിരിക്കും കരുതുക

” അമ്മയൊന്നും കരുതിയില്ല താൻ ചോദിക്കാതിരിക്കുമ്പോഴായിരിക്കും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്… ഇന്നത്തെ കാലത്ത് തന്നെപ്പോലുള്ള പെൺകുട്ടികൾ കുറവായിരിക്കും. പ്രതികരിക്കുന്നവരാണ് കൂടുതൽ ആൾക്കാരും, പ്രതികരിക്കുക തന്നെ വേണം നമ്മുടെ കാര്യങ്ങൾക്ക് നമ്മുടെ പ്രതികരിച്ചില്ലെങ്കിൽ അതിനു പ്രതികരിക്കാൻ മറ്റാരുമുണ്ടാവില്ല… ഞാനിപ്പോൾ അമ്മയെ വിളിച്ചു പറയാം തന്നെ പഠിക്കാൻ വിടണം അല്ലെങ്കിൽ ഞാൻ വലിയ പ്രശ്നമുണ്ടാക്കുന്ന്, അല്ലെങ്കിൽ താൻ തിരിച്ചുവരുമ്പോൾ ഇത്രയും ജോലികളും കൂടി ഏൽപ്പിക്കുന്നത് എനിക്കിഷ്ടമല്ല എന്ന്, ഇനി ഒന്നും ഉണ്ടാവില്ലന്ന് എന്നോട് സമ്മതിക്കും, പക്ഷേ അതിന്റെയൊക്കെ ദേഷ്യം തന്നോട് ആയിരിക്കും അമ്മ തീർക്കുന്നത്… ഒപ്പം ഒരു പേരും കൂടി കിട്ടും, ഭർത്താവിന്റെ കാതിൽ അമ്മായിയമ്മയുടെ കുറ്റം പറഞ്ഞ തലയണ മന്ത്രക്കാരി…! അങ്ങനെ ഒരു പേര് തനിക്ക് വേണോ…?

” സുധിയേട്ടൻ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല,

” എന്നോടുള്ള ഇഷ്ടം കൊണ്ടും ബഹുമാനം കൊണ്ടാണ് അമ്മയോട് ഒന്നും പറയാതിരിക്കുന്നത്. അല്ലെങ്കിൽ താൻ അങ്ങനെ തിരിച്ചു പറയുന്ന കൂട്ടത്തിൽ അല്ല,രണ്ട് ആണെങ്കിലും അത് വേണ്ട.. നമുക്ക് തരുന്ന ബഹുമാനം എവിടെയാണോ അത്രയും പ്രാധാന്യത്തോടെ ലഭിക്കുന്നത് അവിടെ മാത്രം അത് തിരികെ കൊടുത്താൽ മതി.. ഞാനിപ്പോൾ അമ്മയോട് വിളിച്ചുപറഞ്ഞാൽ ഈ പ്രശ്നം ചിലപ്പോൾ ഇന്നോ നാളെയോ അവസാനിച്ചു എന്ന് വരാം.. പക്ഷേ ഞാൻ ഇവിടെയാണ് കൂടുതൽ സമയം. ആ വീട്ടിൽ അമ്മയ്ക്ക് ഒപ്പം കഴിയേണ്ടത് താനാണ്, എപ്പോഴെങ്കിലും ഈ പ്രശ്നത്തിന്റെ ആഫ്റ്റർ എഫക്ട് തനിക്ക് അനുഭവിക്കേണ്ടിവരും. ഈ പ്രശ്നം താൻ തന്നെ ഡീൽ ചെയ്യുന്നതാണ് നല്ലത്… ..

“എനിക്ക് മനസ്സിലാവുന്നില്ല

” മനസ്സിലാവുന്ന രീതിയിൽ ഞാൻ പറഞ്ഞു തരാം… താൻ കതകടച്ചിട്ട് ഡീറ്റെയിലായിട്ട് ഞാൻ പറയുന്നത് കേൾക്ക്… ആ ഇയർഫോണും കൂടി ചെവിയിൽ എടുത്തു വയ്ക്കു,

സുധി പറഞ്ഞതുപോലെ തന്നെ അവൾ കതക് അടച്ചിരുന്നു.. അതിനുശേഷം അവൻ പറയുന്ന കാര്യങ്ങളൊക്കെ കേൾക്കെ അവൾക്ക് പോലും ഞെട്ടൽ തോന്നിയിരുന്നു…

” പറഞ്ഞത് കേട്ടല്ലോ, ഇന്നിനി വൈകുന്നേരം താൻ ആർക്കും ഒരു ഭക്ഷണവും ഉണ്ടാക്കാൻ നിൽക്കണ്ട…

” അപ്പൊൾ വൈകിട്ട് എന്ത് കഴിക്കും

” അങ്ങനെ ഒരു കാര്യമുണ്ടല്ലോ ഒരു കാര്യം ചെയ്യാം, അതിനുള്ള ഒരു വഴി ഞാൻ കണ്ടുപിടിച്ചോളാം. താൻ തൽക്കാലം വന്ന ക്ഷീണം ഒക്കെ മാറ്റി ഒന്ന് കുളിച്ച് ഫ്രഷ് ആകു അപ്പോഴേക്കും ഫുഡ് എത്തും,

അത്രയും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തപ്പോൾ അവൾക്ക് വല്ലാത്ത ഒരു ആശ്വാസം തോന്നിയിരുന്നു… സംരക്ഷണവും പ്രണയവും മാത്രമല്ല തന്നിലെ സ്ത്രീയ്ക്ക് കരുത്ത് പകരാനും അവനു സാധിക്കുന്നുണ്ട്… അത് ഒരു വലിയ കാര്യമാണെന്ന് അവൾക്ക് തോന്നിയിരുന്നു,

കുളികഴിഞ്ഞ് തിരികെ എത്തിയപ്പോൾ ഉമ്മറതാരോ സംസാരിക്കുന്നുണ്ടായിരുന്നു.. അവൾ മുറിയിൽ നിന്നും ഇറങ്ങി ചെന്നപ്പോൾ വിനോദ് ആണ്… ശ്രീജിത്തുമായി എന്തോ സംസാരിക്കുകയാണ്,

“മീരയെ കണ്ടില്ലല്ലോന്ന് ഞാൻ ഓർക്കുകയായിരുന്നു… അവൻ വിളിച്ചോ..

” കുറച്ചു മുമ്പ് വിളിച്ചു വച്ചിരുന്നു…

” ഞാൻ വെറുതെ ഇറങ്ങിയത് ആണ്… ഇന്ന് വൈഫിന്റെ വീട്ടിൽ നിന്ന് അമ്മയൊക്കെ വന്നിട്ടുണ്ടായിരുന്നു,അപ്പോൾ അവര് കുറച്ച് ഫുഡ് കൊണ്ടുവന്നു, കുറച്ച് അധികം ഉണ്ടായിരുന്നു… അപ്പോൾ ഞാൻ അത് എടുത്തുകൊണ്ട് ഇങ്ങോട്ട് പോന്നതാ. നിങ്ങൾക്ക് ഇനി വൈകിട്ട് പ്രത്യേകിച്ച് ഒന്നും വെക്കേണ്ടല്ലോ…

വിനോദ് പറഞ്ഞപ്പോഴാണ് ഫുഡ് വീട്ടിൽ എത്തുമെന്ന് സുധി പറഞ്ഞ കാര്യം അവൾ ഓർമിച്ചത്…. എല്ലാവരോടും യാത്ര പറഞ്ഞ് വിനോദ് പോയപ്പോൾ സതിയുടെ മുഖം മാത്രം ഇരുണ്ടിരുന്നു, മീരയെ കൊണ്ട് ജോലി ചെയ്യിപ്പിക്കാം എന്ന് കരുതിയതാണ്, ആവശ്യത്തിലധികം ഭക്ഷണം വീട്ടിലേക്ക് വന്നപ്പോൾ ഇനി എങ്ങനെയാണ് അവളോട് ജോലി ചെയ്യുന്ന കാര്യം പറയുന്നത് എന്നാണ് അവർ ചിന്തിച്ചത്.. ഭക്ഷണം കഴിച്ചതും കിടക്കാൻ പോകുന്നതിനു മുൻപ് മീരയുടെ അരികിലായി സതി എത്തിയിരുന്നു….

” ഈ ഭക്ഷണം കഴിച്ച പാത്രം ഒക്കെ ഇന്ന് തന്നെ അങ്ങ് കഴുകി വെച്ചിട്ട് കിടക്കത്തില്ലേ…? എനിക്കിഷ്ടമല്ല അത് സിങ്കിൽ കൂട്ടിയിടുന്നത്.

സതി പറഞ്ഞപ്പോൾ ഒരു നിമിഷം അവൾ സുധി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഓർമിച്ചു

” അമ്മയ്ക്ക് അത് ഇഷ്ടമല്ലെങ്കിൽ അമ്മ തന്നെ കഴുകി വെച്ചോളൂ.. എനിക്ക് നല്ല ക്ഷീണം ഉണ്ട്

മീരയുടെ ആ മറുപടി അവർക്ക് ഇഷ്ടമായില്ല….

” ആഹാ നീ ആള് കൊള്ളാല്ലോ ഈ വയ്യാത്ത ഞാൻ കഴുകി വെക്കാനോ,

” എന്തെങ്കിലും ജോലി ചെയ്തില്ലെങ്കിൽ വയ്യായ്‌ക കൂടുകയുള്ളൂ, നമ്മുടെ ശരീരത്തിന്റെ ബലം മുഴുവനായിട്ടും കുറയും.. ഇന്ന് രാവിലെ ഞാൻ ഇവിടുത്തെ കാര്യങ്ങൾ എല്ലാം ചെയ്തു വെച്ചിട്ടല്ലേ പോയത്, വൈകിട്ട് വന്നിട്ടും പാത്രം ഒക്കെ കഴുകി എല്ലാ കാര്യങ്ങളും കഴിഞ്ഞ് ഞാൻ ഒന്ന് കിടക്കാൻ പോകുന്നേ ഉള്ളൂ… ബി എഡിന് പഠിക്കുന്നത് ആയതുകൊണ്ട് എനിക്ക് ഒരുപാട് എഴുതാനുണ്ട്… അതിന്റെ കൂട്ടത്തിൽ ഇനി പാത്രം കഴുകാൻ നിന്നാൽ ഉറക്കം എനിക്ക് ഒട്ടും തന്നെ ഉറക്കം കിട്ടില്ല.

” ഞാൻ പറഞ്ഞല്ലോ ഇവിടുത്തെ കാര്യങ്ങൾ കഴിഞ്ഞിട്ട് മതി നിന്റെ പഠിത്തമൊക്കെ എന്ന്…

” അങ്ങനെ പറഞ്ഞാൽ ശരിയാവില്ലമ്മേ, എന്റെ അമ്മ ഒരുപാട് ബുദ്ധിമുട്ടി എന്നെ ഇത്രയും വരെ എത്തിച്ചത്… അത് ആര് പറഞ്ഞാലും ഞാൻ പഠിക്കാൻ പോകും, സുധിയേട്ടൻ പറഞ്ഞാൽ പോലും…. ഇതെന്റെ തീരുമാനം ആണ്… ഇതിന്റെ പേരിൽ അമ്മ എന്ത് പ്രശ്നമുണ്ടാക്കിയാലും കുഴപ്പമില്ല, എനിക്ക് നല്ല ഉറക്കം വരുന്നു ഞാൻ കിടക്കുകയാണ്…

അത്രയും പറഞ്ഞവൾ മുറിയിലേക്ക് കയറി വാതിൽ അടച്ചപ്പോൾ അത് തന്റെ കവിളിൽ കിട്ടിയ ഒരു അടിയായാണ് സതിക്ക് തോന്നിയത്….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button