Kerala

മാമി തിരോധാനം; പിന്നിൽ അജിത് കുമാര്‍: സുജിത് ദാസിൻ്റെ ഗതി വരുമെന്ന് ഓർമിപ്പിച്ച് അൻവർ

മലപ്പുറം: കോഴിക്കോട്ടെ വ്യവസായിയായ മാമിയുടെ തിരോധാനത്തിന് പിന്നില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ കറുത്ത കരങ്ങള്‍ പ്രവര്‍ത്തിച്ചുവെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ഇത് സംബന്ധിച്ചുള്ള തെളിവുകള്‍ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും അജിത് കുമാര്‍ അവധിയില്‍ പോയത് തെളിവുകള്‍ നശിപ്പിക്കാനാണെന്നും അന്‍വര്‍ ആരോപിച്ചു. അജിത് കുമാര്‍ നെട്ടോറിയസ് ക്രിമിനലാണെന്നും അന്‍വര്‍ ആരോപിച്ചു. അജിത് കുമാറിന് സുജിത്ത് ദാസിന്റെ ഗതി വരുമെന്നും കാലചക്രം തിരിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിബിഐ അന്വേഷണം എന്നആവശ്യത്തില്‍ നിന്ന് തല്‍ക്കാലം പിന്നോട്ട് പോകണമെന്ന് മാമിയുടെ കുടുംബത്തോട് പി വി അന്‍വര്‍ ആവശ്യപ്പെട്ടു. ‘ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വിശ്വാസമുണ്ട്. ഇനി രാഷ്ട്രീയമായി മറുപടി പറയാനില്ല. ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ മാത്രമാണ് പ്രതികരിക്കുക. തെളിവുകള്‍ പുതിയ ക്രൈംബ്രാഞ്ച് സംഘത്തിന് സീല്‍ വച്ച കവറില്‍ നല്‍കും. മാമി തിരോധാനത്തില്‍ ക്രൈം ബ്രാഞ്ചിന് കുടുംബം പുതിയ പരാതി നല്‍കും,’ അന്‍വര്‍ പറഞ്ഞു.

എന്നാൽ എഡിജിപി ആരെയെങ്കിലും കാണുന്നത് പാര്‍ട്ടിയുടെ വിഷയമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു. ബിജെപിയോടുളള സിപിഐഎമ്മിന്റെ സമീപനം എല്ലാവര്‍ക്കും അറിയാമെന്നും വിവാദം മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ബിജെപിയുമായി ധാരണ ഉണ്ടാക്കിയത് യുഡിഎഫ് ആണെന്നും യുഡിഎഫ് ആടിനെ പട്ടിയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി – ആര്‍എസ് എസ് സന്ദര്‍ശനം പാര്‍ട്ടിയുടെ ചുമലില്‍ കെട്ടേണ്ടതില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു

അതേസമയം തൃശൂരിലെ വിജയം പൂരം കലക്കി നേടിയതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിച്ചു. എഡിജിപി എം ആർ അജിത് കുമാർ രാഹുൽ ഗാന്ധിയുമായും സതീശനുമായും കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സുരേഷ് ഗോപിക്ക് മതന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിച്ചിട്ടുണ്ട്. പൂരം കലക്കിയാൽ എങ്ങനെ മതന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടുമെന്നും സുരേന്ദ്രൻ ചോദിച്ചു.

Related Articles

Back to top button