Novel

ഹൃദയം കൊണ്ട്: ഭാഗം 18

രചന: സുറുമി ഷാജി

സുലുവും അക്ഷയും ശ്രീയും കൂടി ഓഡിറ്റോറിയത്തിന്റെ ബാക്കിൽ സീറ്റുറപ്പിച്ചു. മുൻ നിരകളിൽ പ്രത്യേകം ക്രമീകരിച്ച ഇരിപ്പിടങ്ങളിൽ കറുത്ത കോട്ടും തൊപ്പിയും അണിഞ്ഞിരിക്കുന്ന സീനിയേഴ്സിന്റെ ഇടയിൽ സുലു അവളുടെ നക്ഷത്രക്കണ്ണുകളെ പരതി. അവൾ നോക്കുന്നുണ്ടെങ്കിലും അവിടുന്നിങ്ങോട്ട് ദർശനം ലഭ്യമല്ലാത്തതിൽ അവൾക്കു ചെറിയ വിഷമം തോന്നി. ഇടക്ക് കണ്ണുകൾ തമ്മിലിടഞ്ഞപ്പോളവൻ പുച്ഛത്തോടെ നോട്ടം മാറ്റിയതും അവൾക്കു സങ്കടമായി.

‘തോന്നട്ടെ !! കുറച്ചു വിഷമം തോന്നട്ടെ. എന്ത് പറഞ്ഞാലും അക്ഷയ് !! ഹല്ലപിന്നെ !’ അജു അവളറിയാതെ അവളെ ഇടംകണ്ണിട്ടു നോക്കിക്കൊണ്ടേയിരുന്നു. അവൾ നോക്കുന്നെന്നു കാണുമ്പൊൾ അവൻ മനഃപൂർവ്വം തല വെട്ടിച്ചുകളയും.

പേരന്റ്സിനു ഒരുക്കിയിരിക്കുന്ന സ്ഥലത്തു മുൻനിരയിൽ തന്നെ ഇരിക്കുന്ന ഉപ്പയെയും ഉമ്മയെയും ഇക്കാക്കയെയും കണ്ടപ്പോൾ അവന്റെ മനം നിറഞ്ഞു. ‘തന്റെ പെണ്ണും കൂടി അവരുടെ ഒപ്പം വേണ്ടിയിരുന്നു ,’ അവന്റെ മിഴികൾ പിന്നിലേക്ക് പോയി. അപ്പോളവിടെ അക്ഷയും ശ്രീയും ആയിട്ട് ചിരിച്ചു വർത്താനം പറയുന്ന സുലുവിനെ കണ്ടപ്പോൾ അജു അവന്റെ ചുണ്ടുകൾ കടിച്ചു പിടിച്ചു മുഖം തിരിച്ചു കളഞ്ഞു ‘ഇവൾ നന്നാവേയില്ല,’എന്ന ഭാവത്തിൽ.

ചടങ്ങുകൾ തുടങ്ങി. ഉദ്ഘാടനവും മറ്റും കഴിഞ്ഞു ഓരോരുത്തർക്കും ഡിഗ്രി നൽകിത്തുടങ്ങി.
യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആയതുകൊണ്ട് അജുവിന്‌ പ്രത്യേകം മെഡലും ഉണ്ടായിരുന്നു. അതവന്റെ ശിരസ്സിലൂടെ വീഴുമ്പോൾ അവന്റെ വീട്ടുകാരുടെ മാത്രമല്ല ദൂരെയിരുന്ന സുലുവിന്റെ മിഴികളും സന്തോഷം കൊണ്ട് നിറഞ്ഞു.

അജു നേരെ ഉപ്പയുടെയും ഉമ്മയുടേയുമൊക്കെ അടുത്തേക്ക് വന്നു. അവർ രണ്ടുപേരും അവനു കവിളിൽ മുത്തം നൽകിയും കെട്ടിപ്പിടിച്ചും സന്തോഷം പ്രകടിപ്പിച്ചു. കൂട്ടത്തിൽ ഇക്കാക്കയും.
ഈ സമയമത്രയും അവന്റെ ഒരു നോട്ടത്തിനായി സുലു അവനെ തന്നെ നോക്കി നിൽക്കുവായിരുന്നു.

അവള് പ്രതീക്ഷിച്ച പോലെ അജു അവളെ നോക്കി. പക്ഷെ പെട്ടെന്ന് കുറെ പെൺകുട്ടികൾ അവനെ വളഞ്ഞു. അവന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാനും shakehand നൽകാനും അവർ മത്സരിച്ചു.
ദൂരെനിന്ന സുലുവിനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. സുലുവിന്റെ മുഖം ശ്രദ്ധിച്ച അക്ഷയ് അവളുടെ കണ്ണ് പതിക്കുന്നിടത്തേക്ക് നോക്കിയപ്പോൾ അവനു കാര്യം മനസ്സിലായി.
“ഡി നമ്മുക്ക് ക്യാന്റീനിൽ പോയി തണുത്തതെന്തെങ്കിലും കഴിച്ചാലോ ?!”അക്ഷയ് ശ്രീയോട് പറഞ്ഞു.
“ഇപ്പൊ എന്താ തണുത്തത് ?? ഇല്ലേൽ വാ തുറന്നാൽ കോഫി എന്നാണല്ലോ പറയ്യ!! “ശ്രീ അവനോട് ചോദിച്ചു.
“അല്ല..ചിലരുടെ ചൂടിന് തണുത്തതെന്തെങ്കിലും ആയിരിക്കും നല്ലത് ” സുലുവിനെ നോക്കി അവനത് പറഞ്ഞതും സുലു അവനെ കത്തുന്നൊരു നോട്ടം നൽകി. എന്നിട്ട് അജുവിനെയും ഒന്ന് നോക്കിയിട്ട് വെളിയിലേക്കിറങ്ങി.
ഒന്നും മനസ്സിലാവാത്ത ശ്രീയ അക്ഷയിനെ നോക്കിയിട്ട് അവളുടെ പിന്നാലെ പോയി.

“ഡി നീ എങ്ങോട്ടാ ??!”ശ്രീയ സുലുവിനെ പിടിച്ചു നിർത്തി.
“ക്യാന്റീനിലേക്ക് !അല്ലതെങ്ങോട്ടാ ?!”മറുപടി പറഞ്ഞത് അക്ഷയ് ആണ്.
“ഡീ നീ ഈ പ്രാന്തനെയും വിളിച്ചോണ്ട് പൊയ്‌ക്കെ ! ഒന്നാമതേ എനിക്ക് ദേഷ്യം വരുന്നുണ്ട് !!”ഇതും പറഞ്ഞു സുലു വേഗം സ്റ്റെപ്പുകളിറങ്ങി.

പിന്നാലെ പോകാൻ തുനിഞ്ഞ ശ്രീയെ തടഞ്ഞിട്ട് അക്ഷയ് കണ്ണിറുക്കി കാണിച്ചു.
“ഡി ..!!” അക്ഷയുടെ വിളികേട്ട് സുലു തിരിഞ്ഞു.
“ന്താടാ പട്ടി !!”ദേഷ്യത്തിൽ സുലു തിരിഞ്ഞുനോക്കിയതും കാണുന്നത് അജുവിനെയാ !! അവന്റെ പിന്നിൽ വാ പൊത്തി ചിരിക്കുന്ന ശ്രീയും അക്ഷയിയും.
അതുകണ്ടപ്പോൾ സുലുവിനു കലി വന്നെങ്കിലും അജു നിന്നതുകൊണ്ട് അവൾ പിന്നെയും താഴേക്ക് ഇറങ്ങി.
“ഇനി ഒരു സ്റ്റെപ് കൂടി താഴേക്ക് പോയാൽ ന്റെ തനിസ്വഭാവം നീ അറിയും “ഇത്തവണ അജുവാണ്.
‘ഒന്ന് പോടോ ‘എന്നൊരു പുച്ഛം മനസ്സിൽ തോന്നിയെങ്കിലും അവനെ നന്നായി അറിയാവുന്നതു കൊണ്ട് അവൾ അനങ്ങിയില്ല. ആ സമയത്തു അജു ഇറങ്ങിവന്നു അവളെയും വലിച്ചു നേരെ വരാന്തയിലൂടെ നടന്നു. അവരുടെ പോക്ക് കണ്ടു ശ്രീയും അക്ഷയും ചിരിച്ചുകൊണ്ട് ക്യാന്റീനിലേക്ക് നടന്നു.

അജു സുലുവിനെ അടുത്തുണ്ടായിരുന്ന ഇടനാഴിയിലേക്ക് കൊണ്ടുപോയി. കോളേജ് കെട്ടിടത്തിന്റെ മറുവശത്തേക്കുള്ള ഇടനാഴിയാണത്. ഭിത്തിയിൽ ചാരി അവളെ നിർത്തിയിട്ട് ഒരു കൈ അവളുടെ അടുത്ത് കുത്തി മറ്റേ കൈകൊണ്ട് അവന്റെ നടുവിനും വെച്ചിട്ട് അവൻ അവളെ സൂക്ഷിച്ചു നോക്കി.
“മുഖത്ത് നോക്കെടി !!”താഴേക്ക് നോക്കിനിന്ന സുലുവിനോടായി പറഞ്ഞു.
അവൾ കേട്ട ഭാവം നടിച്ചില്ല.
“എന്നെ എന്താ വിളിച്ചത് ?പട്ടിയെന്നോ!”അജു കുറച്ചു കലിപ്പിച്ചു ചോദിച്ചു.
“അത് ഞാൻ അക്ഷയ്നെ വിളിച്ചതാ !സോറി “സുലു പറഞ്ഞു.
സുലു നോക്കിയപ്പോൾ അജു നന്നായി ചിരിച്ചു കൊടുത്തു.
അത് കണ്ടപ്പോൾ സുലു വീണ്ടും പരിഭവം കാണിച്ചു.
“ശെടാ ! മുഖത്തോട്ട് നോക്ക് പെണ്ണെ !!എന്തോന്നായിത്?!”
അവൻ അവളുടെ താടി പിടിച്ചുയർത്തി.
സുലു കൈ തട്ടിമാറ്റി :”നോക്കാനും ഫോട്ടോ എടുക്കാനുമൊക്കെ അവിടെ ആളുകളുണ്ടായിരുന്നല്ലോ !”സുലു പുച്ഛിച്ചു.
“ഹഹഹ “അജു പൊട്ടിച്ചിരിച്ചു.
“ന്റെ പൊന്നുമോളെ .. അവർ ഇന്നത്തെ ദിവസം ആയിട്ടല്ലേ ?!! ഒന്ന് രണ്ട് സെൽഫിയോട് കൂടി അതവിടെ കഴിഞ്ഞില്ലേ ?! അയ്യേ കുശുമ്പി “അവനത്രയും പറഞ്ഞിട്ടും സുലു മൈൻഡ് ആക്കാതെ എങ്ങോട്ടോ നോക്കി നിന്നു.
“ഇങ്ങനെ ദേഷ്യം കൊണ്ട് ചുവന്നു നിക്കുന്ന കവിൾ കാണുമ്പോ ഒരു കടി തരാൻ തോന്നുന്നുണ്ട് ട്ടാ “അവന്റെ പറച്ചില് കേട്ട് സുലുവിനു ചിരി വന്നെങ്കിലും അവൾ അത് പുറത്തു കാട്ടാതെ മുഖമുയർത്തി അവനെ ദേഷ്യഭാവത്തിൽ നോക്കി.
മീശപിരിച്ചുകൊണ്ട് അവൾക്കു നേരെ ഒരു കണ്ണിറുക്കി കാണിച്ചു അജു. സുലു അവന്റെ വയറ്റിനിട്ടൊരു ഇടി കൊടുത്തു.
“അല്ലാഹ്.!”അജു വയർ തപ്പിപിടിച്ചു. അതുകണ്ട സുലു പൊട്ടിച്ചിരിച്ചു. അവളുടെ ചിരിയിൽ അജു ലയിച്ചു അവളെ തന്നെ നോക്കിനിന്നു.

എന്നിട്ട് പോക്കെറ്റിൽ നിന്ന് അവന്റെ മെടലെടുത്തു അവളുടെ കഴുത്തിൽ ഇട്ടുകൊടുത്തു .
“രണ്ടു വര്ഷം കഴിയുമ്പോ എന്റെ റാണിയും വാങ്ങണം കേട്ടോ ഇതുപോലൊരെണ്ണം”അജുവിന്റെ പറച്ചില് കേട്ട് സുലുവിന്റെ കണ്ണുരണ്ടും പുറത്തേക്ക് വന്നു. ഒരു നിമിഷം അവനെയൊന്നു നോക്കിയിട്ട് അവൾ വേഗം മെഡൽ ഊരിയെടുത്തു അവന്റെ കയ്യിലേക്ക് വെച്ചുകൊടുത്തു .
“ന്റെ പൊന്നോ അതൊക്കെ നിങ്ങൾ ബുജികൾക്കു. ഞാനൊക്കെ ഒന്ന് പാസ് ആയാൽ മതിയാരുന്നു !പാസ് ആയാൽ ഭാഗ്യം !നമ്മളില്ലേ..”അത്രയും പറഞ്ഞു സുലു തിരിഞ്ഞു നിന്നു.
അജുവിന്‌ അതുകണ്ട് ചിരി വന്നു.
പെട്ടെന്ന് അജുവിന്റെ ഫോൺ റിങ് ചെയ്തു.
“ഹെലോ !ആഹ് !!ദാ വരുന്നു.”അതും പറഞ്ഞു അജു സുലുവിനെയും കൈപിടിച്ച് നടന്നു.
“ഉപ്പയാ! കുറച്ചു ഫോര്മാലിറ്റീസ് തീർക്കാനുണ്ട് !എന്നാലേ ഹോസ്റ്റൽ വെക്കേറ്റ് ചെയ്യാൻ പറ്റൂ. ഞാനങ്ങോട്ട് ചെല്ലട്ടെ “അതും പറഞ്ഞു അവളെ ക്യാന്റീനിന്റെ സൈഡിലോട്ട് വിട്ടിട്ട് അവൻ നടന്നു നീങ്ങി.
അപ്പോഴാണ് ഇന്നത്തോട് കൂടി അജു ക്യാമ്പ്‌സിനോട് വിട പറയും എന്ന കാര്യം സുലുവിനു ഓർമ്മ വന്നത്. അതോർത്തപ്പോൾ അവളുടെ ഹൃദയം ഇപ്പൊ പൊട്ടുമെന്നായി.

സുലുവിനെ കണ്ട അക്ഷയും ശ്രീയും ക്യാന്റീനിൽ നിന്നിറങ്ങിവന്നു. അവർ ചോദിച്ചതിനൊക്കെ അവൾ യാന്ത്രികമായി മറുപടി കൊടുത്തു. മുന്നോട്ട് നടക്കുന്തോറും പരിചയമുള്ള ഓരോരോ സീനിയേഴ്സ് വന്നു യാത്ര പറയുന്നു. ചിലർ കെട്ടിപ്പിടിച്ചും മറ്റുചിലർ കൈകൊടുത്തുമൊക്കെ യാത്ര ചോദിച്ചു. അക്ഷയ് ഹോസ്റ്റലിൽ അവനു അടുപ്പമുണ്ടായിരുന്ന ഏട്ടന്മാരെ യാത്രയാക്കാൻ അങ്ങോട്ടേക്ക് പോയി. ശ്രീയ ചില ചേച്ചിമാരുടെ അടുത്തേക്കും. അപ്പോഴെല്ലാം സുലു അജു പോകുന്നതോർത്തു നിൽക്കുവാണു. അവൾക്കത് accept ചെയ്യാൻ പറ്റുന്നില്ല. ഇനി ഇടയ്ക്കിടെ കാണാൻ പറ്റില്ലല്ലോ എന്ന സത്യം ഇപ്പോഴാണ് അവൾ ഓർക്കുന്നത് തന്നെ !!

ഇതിനിടയ്ക്ക് സീനിയേർസ്എല്ലാരും ഒത്തുചേർന്നു ഫോട്ടോ എടുത്തു. യാത്ര പറയുമ്പോൾ അവർ പരസ്പരം പൊട്ടിക്കരഞ്ഞു. അഞ്ചു കൊല്ലാത്തെ കളിചിരികളും ഒന്നിച്ചുള്ള താമസവും യാത്രകളും എല്ലാം ഒരോർമ്മയായി മാറുകയാണ്. ഇനി എല്ലാവരും അവരവരുടെ ലോകത്തേക്ക്.. തീർച്ചയായും ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരുടെയും ഉള്ളം നുറുങ്ങുന്ന നിമിഷം.

ഇതൊക്കെ കണ്ടപ്പോഴേക്കും സുലുവിനു സഹിക്കാൻ കഴിയാതെ ഹോസ്റ്റലിലേക്ക് പോകാമെന്നു കരുതിയതും ആരോ അവളുടെ തോളിൽ തൊട്ടു. തിരിഞ്ഞു നോക്കിയപ്പോൾ അജുവിന്റെ ഉമ്മയാണ്.
“ന്റെ മോൾക്ക് സങ്കടം ഉണ്ടാവും എന്നറിയാം. എന്നാലും സമയം പെട്ടെന്ന് കഴിഞ്ഞുപോകും ട്ടോ..വിഷമിക്കേണ്ട ! ”
സുലു മറുപടി ഒന്നും പറയാതെ ഒന്ന് ചെറുതായി പുഞ്ചിരിച്ചു.
പെട്ടെന്ന് ഉപ്പ വന്നു അവളെ തോളോട് പിടിച്ചു ചേർത്ത് നിർത്തി.
“എന്ത് സങ്കടം അല്ലെ ?! അവനിവിടൊക്കെ തന്നെ ഉണ്ടാവൂല്ലേ ?!കൊളളാം !!
ഞങ്ങളങ്ങോട്ട് തല്ക്കാലം ഇറങ്ങുവാ !!മോള് വരുന്നുണ്ടോ കൂടെ ?!”ഉപ്പ ചോതിച്ചതിനും അവൾ ചിരിച്ചുകൊണ്ട് തല ഇരുവശത്തേക്കും ചലിപ്പിച്ചു ഇല്ലന്ന് പറഞ്ഞു.
കൂട്ടത്തിൽ ഇക്കാക്കയും വന്നു അവളെ തോളിൽ തട്ടി . അവർ മൂന്നുപേരും മുന്നോട്ട് നടന്നുനീങ്ങി.
പിന്നിൽ ആരോ വന്നു നിൽക്കുന്നത് സുലുവറിഞ്ഞു.
ആ സാമീപ്യം ആരുടേതാണെന്ന് അറിയാവുന്നതുകൊണ്ടായിരിക്കണം അവളുടെ മിഴികൾ നിറഞ്ഞു. സുലു കണ്ണുകൾ ഇറുക്കിയടച്ചു . തലകുനിച്ചു തന്നെ നിന്നു.

അജു മുന്നിലേക്ക് വന്നുഅവളെ അവനോട് ചേർത്ത് പിടിച്ചു.
“അയ്യേ ന്റെ റാണി കരയുവാണോ?! മോശം !! ന്താത്? ഞാൻ ഇടയ്ക്കിടെ വരൂല്ലേ ?കൊള്ളാം !!അതുമല്ല PG സീറ്റ് ഇവിടെ ത്തന്നെ വാങ്ങിക്കും ഞാൻ .നോക്കിക്കോ ! “അവന്റെ ആ വാക്കുകളിൽ സുലുവിനു പ്രതീക്ഷ വന്നു. അവൾ മിഴികൾ അമർത്തിതുടച്ചു അവനിൽ നിന്ന് അടർന്നു മാറി.
“പിന്നെ ഞാനില്ല എന്ന് കരുതി ചുമ്മാ വായിനോക്കി നടക്കരുത്. അവനോട് ഒരുപാട് അടുക്കുകയും വേണ്ട പറഞ്ഞേക്കാം “അജുവിന്റെ കുശുമ്പ് നിറഞ്ഞ മുഖം കണ്ടപ്പോൾ സുലുവിനു ചിരി വന്നു.
“പിന്നെ ആ നഹാസ് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ എന്നോട് പറയണം. സൂക്ഷിക്കണം . തനിച്ചു നടക്കരുത് “കൊച്ചുകുട്ടികളോട് പറയുന്നപോലെ അജുവിന്റെ സംസാരം കേട്ട് സുലുവിനു ചിരി വരുന്നുവെങ്കിലും അവൾ എല്ലാം തലയാട്ടി സമ്മതിച്ചു.
അജു അവളെ ഒന്നുകൂടി നോക്കിയ ശേഷം കാറിനടുത്തേക്ക് നടന്നു.
അവളുടെ മിഴികൾ ഉരുണ്ടുകൂടി. അജു കാറിന്റെ ഡോർ തുറന്നിട്ട് ഒന്നൂടി സുലുവിനെ നോക്കി. ദൂരെ വിങ്ങിപ്പൊട്ടി നിൽക്കുന്ന തന്റെ റാണിയോട് കൈവീശികാണിച്ചിട്ട് അവൻ കാറിൽ കയറി. മുന്നോട്ട് നീങ്ങിയപ്പോൾ അവൻ ചെറുപുഞ്ചിരിയോടെ ഉപ്പയെ നോക്കി. അതിന്റെ അർഥം മനസ്സിലായ പോലെ ഉപ്പയും തലയാട്ടി അവനെ നോക്കി ചിരിച്ചു.

പിന്നീട് രണ്ടു ദിവസത്തേക്ക് സുലുവിനു ഒരു മൂടും ഇല്ലായിരുന്നു. പക്ഷെ അക്ഷയും ശ്രീയയും കൂടെയുള്ളതുകൊണ്ട് പതിയെ പതിയെ അവൾ ശെരിയായി .
നഹാസ് ഇടയ്ക്കിടെ കോളേജിൽ വന്നു പോയി.പക്ഷെ ഒരിക്കലും അക്ഷയോ ശ്രീയയോ സുലുവിനെ തനിച്ചാക്കിയില്ല.
എന്നിരുന്നാലും ഇടക്ക് നഹാസിന്റെ വഷളൻ നോട്ടവും ചിരിയും അത് കാരണം ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നെങ്കിലും അതൊന്നും അവൾ അജുവിനെ അറിയിച്ചില്ല.
ദിവസവും അജു വിളിക്കും. ഇടയ്ക്കിടെ ഉമ്മയും. PG കോച്ചിങ്ങിനു പോകുന്ന കാര്യമൊക്കെ അവൻ പറയുന്നുണ്ടായിരുന്നു.

അങ്ങനെയിരിക്കെ ഒരിക്കൽ ശ്രീയ നാട്ടിൽ പോയി. പറഞ്ഞ സമയം കഴിഞ്ഞിട്ടും വരാതെയായപ്പോൾ എന്താ കാര്യം എന്നറിയാതെ സുലുവും അക്ഷയും വിഷമിച്ചു.
ശ്രീയയെ വിളിച്ചിട്ടു കിട്ടുന്നുമില്ല. അടുത്തദിവസം കോളേജിലേക്ക് അവളുടെ വീട്ടിൽ നിന്ന് വിളിച്ചെന്നും മെഡിക്കൽ ലീവ് ചോദിച്ചെന്നും അറിയാൻ കഴിഞ്ഞു.
“എടി അവൾക്കെന്തുപറ്റിയതായിരിക്കും???”അക്ഷയ് ടെൻഷൻ ആവുന്നതുകണ്ട സുലുവിനും സങ്കടമായി.
“നീ ടെൻഷനാവാതെ !! നമ്മുക്ക് നാളെ അവളുടെ വീട്ടിൽ പോവാം. “സുലു സമാധാനിപ്പിച്ചു.
അന്ന് വൈകിട്ട് സുലുവിന്റെ ഫോണിലേക്ക് unknown നമ്പറിൽ നിന്ന് കാൾ വന്നു.
“ഹെലോ സുലു ..ഇത് ഞാനാ ശ്രീയ ”
“ശ്രീ നിയോ ?ഇതേതാ നമ്പർ ?നിനക്കെന്തുപറ്റി ?”
“ഡി ഒന്നും പറ്റിയില്ല. അക്ഷയുടെ കാര്യം വീട്ടിലറിഞ്ഞു. ഒരുദിവസം ഞാൻ അമ്പലത്തിൽ പോയ സമയത്തു അവൻ വിളിച്ചപ്പോൾ വല്യേട്ടനാ ഫോണെടുത്തത്. അപ്പോഴേക്കും കാൾ കട്ട് ആയർന്നു.പക്ഷെ ആ പൊട്ടൻ അപ്പോൾ തന്നെ എനിക്ക് Text അയച്ചത് ഏട്ടൻ കണ്ടു. ന്റെ ഫോൺ പിടിച്ചു. കാൾ ലിസ്റ്റിലും whatsappഉം ഒക്കെ ചെക് ചെയ്തു. അവർക്കു നല്ല സംശയമാണ്. ഫോണെടുത്തു വെച്ചേക്കുവാ. ഇത് അച്ഛന്റെ നമ്പരാ. ഇതിലേക്ക് വിളിക്കുവൊന്നും ചെയ്യരുത്. ഞാൻ എന്തെങ്കിലുമൊക്കെ പറഞ്ഞു സമാധാനിപ്പിച്ചിട്ട് വന്നേക്കാം. അവനോട് പറഞ്ഞേക്കണേ “ശ്രീയ ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു.
“എടി നിന്നെ തല്ലിയോ ?എന്താ വിടാത്തത് ??നമ്മൾ നല്ല ഫ്രണ്ട്സണെന്നു പറഞ്ഞൂടെ ?”സുലു ചോദിച്ചു.
“തല്ല് ..ഏയ്യ് വലുതായിട്ടിന്നും ഇല്ലടെയ്. ആ പറഞ്ഞു. എല്ലാ ഫോട്ടോയിലും നമ്മൾ മൂന്നുപേരും ഉള്ളതുകൊണ്ട് ഏതാണ്ട് കുഴപ്പമില്ലാത്ത മട്ടാ ! സൊ എല്ലാം ശെരിയാകുമായിരിക്കും . അമ്മാവൻ കോളേജിൽ വന്നപ്പോൾ അന്വേഷിച്ചിരുന്നു. അവിടെയാർക്കും അറിയാത്തതുകൊണ്ട് രക്ഷപ്പെട്ടു. അയ്യോ സുലു .. അച്ഛൻ !ഞാൻ വെക്കുവാ. അവനോട് പറയണേ ..അവനെ വിളിക്കുന്നത് സേഫ് അല്ലാത്തതുകൊണ്ട നിന്നെ വിളിച്ചത് ബൈ “അത്രയും പറഞ്ഞതും കട്ട് ആയതും ഒന്നിച്ചായിരുന്നു.
പെട്ടെന്ന് സുലു അക്ഷയിനെ വിളിച്ചു കാര്യം പറഞ്ഞു.
അവനൊരുപാട് സങ്കടം ആയി.
പിറ്റേദിവസം കോളേജിലെത്തിയപ്പോൾ അക്ഷയ് എത്തിയിട്ടില്ല. സുലു ഫോണെടുത്തു അവനെ വിളിക്കാൻ നോക്കിയപ്പോൾ അവന്റെ കാൾ ഇങ്ങോട്ട് വരുന്നു.
“സുലു പുറത്തേക്ക് വാ ”
അവന്റെ ശബ്ദത്തിൽ വിഷമം നിഴലിച്ചു.
അവൾ വേഗം താഴേക്ക് ചെന്നു.
“ഡി ഞാൻ അച്ഛന്റെ അടുത്തേക്ക് പോകുവാ . ഒരു മൂഡില്ലടി.പാവം ശ്രീ . ഞാൻ കാരണം ..”വാക്കുകൾ പൂർത്തിയാക്കാതെ അവൻ ചുണ്ടുകൾ കടിച്ചുപിടിച്ചു നിന്നു.
“എടാ ..!”സുലു അവന്റെ തോളിൽ പിടിച്ചു.
അവളുടെ കൈ എടുത്ത് അവന്റെ കൈക്കുള്ളിലാക്കിയിട്ട് അവൻ പറഞ്ഞു :”പെട്ടെന്ന് വരാടീ. എന്തോ ഇവിടെ നില്ക്കാൻ തോന്നുന്നില്ല അതാ !അല്ലാതെ നിന്നെ ഒറ്റയ്ക്കാക്കാൻ ഇഷ്ട്ടമുണ്ടായിട്ടല്ല. പിന്നെ ആ നഹാസ് ഗൾഫിൽ പോയേക്കുവാ . സൊ അവന്റെ ശല്യവും ഉണ്ടാവില്ല. ഞാൻ പൊയ്‌ക്കോട്ടെടി !!”അവന്റെ അവസ്ഥ മനസ്സിലാക്കിയ സുലു അവന്റെ കയ്യുടെ പുറത്തൂടെ പിടിച്ചു. എന്നിട്ട് പോയിവരാൻ പറഞ്ഞു.

രണ്ടു ദിവസങ്ങൾ എങ്ങനൊക്കെയോ സുലു തള്ളിനീക്കി. അന്നുവൈകുന്നേരം അത്യാവശ്യമായി വീട്ടിലേക്ക് ചെല്ലെന്നും പറഞ്ഞു അവൾക്ക് കാൾ വന്നു. അക്ഷയും ശ്രീയും ഇല്ലാത്തതുകൊണ്ടും അടുത്തടുത്ത് അവധിദിവസങ്ങൾ വരുന്നതുകൊണ്ടും മറുത്തൊന്നും ആലോചിക്കാതെ അവൾ വീട്ടിലേക്ക് ട്രെയിൻ കയറി.

വീട്ടിലെത്തിയപ്പോൾ അടുത്ത ചില ബന്ധുക്കളെ കണ്ട അവൾ അമ്പരന്നു. ഇവിടെന്താ സംഭവം എന്നർത്ഥത്തിൽ ഉള്ള നോട്ടം കണ്ടു ഉപ്പ അവളെ തോളിലൂടെ ചേർത്തുപിടിച്ചു.
“എല്ലാരും ഒരു കല്യാണത്തിന് പോവാൻ വന്നതാടീ ”
“ആരുടെ??”സുലു കണ്ണ് മിഴിച്ചു.
“അതൊക്കെ പറയാം. മോള് പോയി ഫ്രഷ് ആവൂ”
അവൾ തെല്ലു സംശയത്തോടെ റൂമിലേക്ക് നടന്നു. കുളിച്ചു ഫ്രഷ് ആയി ഒന്നുറങ്ങി. കുറച്ചു കഴിഞ്ഞപ്പോഴേക്കും വാതിലിൽ മുട്ടുകേട്ടു ചെന്ന് തുറന്നുകൊടുത്തപ്പോൾ കസിൻസ് പട മുഴുവൻ ഉണ്ട്.
“അല്ലപ്പാ ഇതെന്താ എല്ലാരും ഒന്നിച്ചു ?!”സുലു ഉറക്കത്തിന്റെ ആലസ്യത്തിൽ ബെഡിൽ പോയിരുന്നു.
“ന്റെ പൊന്നുമോളെ .ഒന്ന് സഹായിക്കണം ! ഇവൾക്കിന്നു വൈകിട്ടൊരു makeup കോമ്പറ്റിഷൻ ഉണ്ട്. നല്ലൊരു മോഡലിനെ കിട്ടിയില്ല. അപ്പോഴാ നീ വന്നെന്നു അരിഞ്ഞത്. ഒന്ന് സഹായിക്കടീ ”
“ഒന്നുപോടേ. എന്തിനാ ഞാൻ. നിങ്ങളൊക്കെയുണ്ടല്ലോ “സുലു ബെഡിലേക്ക് ചാഞ്ഞു.
“എടി എന്റെ സങ്കൽപ്പത്തിന് ഇവളുമാർ പോരടി. നീ മതി . പ്ലീസ് ഡീ.”അവളുമാരുടെ നിർബന്ധത്തിനു വഴങ്ങിയും പോരാത്തതിന് പുള്ളിക്കാരി നല്ലൊരു ആര്ടിസ്റ് ആണെന്നറിയാവുന്നതുകൊണ്ടും സുലു സമ്മതിച്ചു.

കുറച്ചു മണിക്കൂറുകൾക്കു ശേഷം കണ്ണാടി നോക്കിയ സുലുവിനു തന്നെ അതിശയം തോന്നി.
മനോഹരമായ redcolour ലഹങ്കയും uncut ഡയമണ്ടിൽ തീർത്ത നെക്‌ലേസും അതിന്റെ താഴെ മനോഹരമായ ഡിസൈൻസിലുള്ള 2 മാലകൾ വേറെ. കൂടാതെ വലിയ ജിമ്മിക്കിയോട് ചേർന്ന് മുടിയിലേക്ക് കണക്ട് ചെയ്തു വലിയ ഇയർച്ചയ്ന്. കൈകൾ നിറയെ പല മോഡലിലുള്ള വളകൾ . മുടി വട്ടത്തിൽ കെട്ടി മുല്ലപ്പൂ റൌണ്ട് ചെയ്തേക്കുന്നു. മുഖത്തു മേക്കപ്പും മറ്റുമായി ശെരിക്കും ഒരു വധുവിനെപ്പോലെ.
“ഡി എന്റെ കല്യാണത്തിനും നീ തന്നെ ഒരുക്കിയാൽ മതി കേട്ടല്ലോ “കണ്ണാടിയിൽ നിന്ന് നോട്ടമെടുക്കാതെ സുലു പറഞ്ഞു.
“അതല്ലേ ഇന്ന് ഞാൻ ഒരുക്കിയത് ?!”
“എന്ത് ?!”സുലു ഞെട്ടിത്തിരിഞ്ഞു.
“അതല്ല !ഇന്നത്തെപ്പോലെ ഒരുക്കും എന്നാ അവൾ ഉദ്ദേശിച്ചത്. നീ ഇവിടെയിരിക്കെ ! വിളിക്കുമ്പോ ഇറങ്ങിവന്നാൽ മതി. ഇല്ലേൽ വിയർത്തു മേക്കപ് പോകും “വേറൊരു കസിൻ ഇത്രയും പറഞ്ഞിട്ട് മറ്റുള്ളോരുമായി ദൃതിയിൽ താഴോട്ട് പോയി.
മൊത്തത്തിൽ അവരുടെ പെരുമാറ്റത്തിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയെങ്കിലും സുലു പിന്നെയും കണ്ണാടിയിൽ നോക്കി സ്വന്തം ഭംഗി അങ്ങനെ ആസ്വദിച്ച് നിന്നു.

അപ്പോഴാണ് അവൾക്കു അജുവിനെ ഓർമ്മ വന്നത്. ‘മൂന്നാലു ദിവസമായിട്ടൊരു അറിവും ഇല്ല. അക്ഷയിന്റെയും ശ്രീയുടെയും പ്രശ്നത്തിനിടയ്ക്കു താനും വിട്ടുപോയി. ഒരു സെൽഫിയെടുത്തു അയച്ചുകളയാം !ഈ കോലത്തിൽ കാണുമ്പൊൾ എന്തായാലും ഞെട്ടും ‘സുലു വേഗം ഫോണെടുത്തു ഫോട്ടോസെടുത്തു.

പെട്ടെന്ന് ഡോർ തുറന്നു ആരോ അകത്തുകയറുന്ന ശബ്ദം കേട്ട് സുലു തിരിഞ്ഞുനോക്കി.
ഇപ്പ്രാവശ്യം സുലുവാണു ശെരിക്കും ഞെട്ടിയത്.
റെഡ് കളർ ഷർട്ടണിഞ്ഞു താടിയൊക്കെ ഷേപ്പ് ചെയ്തു സുന്ദരക്കുട്ടപോനായി അജു !!! തൊട്ടുപിന്നാലെ ഒരു ജ്വല്ലറി ബോക്സുമായി ഉമ്മ. പിറകിൽ ഉപ്പയും ഇക്കാക്കകയും കുറച്ചു കസിൻസും. പിന്നാലെ സുലുവിന്റെ വീട്ടുകാരും ബന്ധുക്കളും.
സുലുവിന്റെ തലയ്ക്കു ചുറ്റും കിളികൾ ചിറകിട്ടടിച്ചു പറക്കുന്നപോലെ തോന്നിയവൾക്കു. ‘ഭേഷ്‌!!വീണ്ടും പറ്റിക്കപ്പെട്ടിരിക്കുന്നു.’ അവൾ വല്ലാത്തൊരു ഭാവത്തിൽ ഉപ്പയെ നോക്കി. അപ്പോളദ്ദേഹം അജുവിന്‌ നേരെ വിരൽ ചൂണ്ടിയിട്ടു താൻ നിരപരാധിയാണെന്ന് കാണിച്ചു. പിന്നീട് സുലു മേക്കപ്പിട്ട കസിനെ നോക്കി പല്ലിറുമ്മി. അവൾ വേഗം മുന്നിൽ നിന്നവളുടെ പിറകിലൊളിച്ചു.

ഇതൊക്കെ കണ്ടോണ്ട് നിന്ന അജുവും ഉമ്മയും ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു. ഉമ്മ അവനുനേരെ ബോക്സ് തുറന്നു. അതിൽ നിന്നും മാല എടുത്തു അവളുടെ കഴുത്തിലേക്കിട്ടു. എന്നിട്ട് അവളുടെ കാതോരം ചേർന്ന് പറഞ്ഞു.:”ന്റെ റാണിക്കുള്ള ന്റെ മെഹർ മാല” അത് കേട്ടതും അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.കണ്ണുകൾ നിറഞ്ഞു. അവൾ ചുറ്റും നിന്നവരെയൊക്കെ നോക്കി. എല്ലാവരുടെയും മുഖത്ത് നിറഞ്ഞ സന്തോഷം പ്രകടമായിരുന്നു. ഉപ്പയുടെയും ഉമ്മയുടെയും കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട അവൾ വേഗം അവരുടെ അടുത്തേക്ക് ചെന്ന് അവരെ കെട്ടിപ്പിടിച്ചു…..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button