ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 37
[ad_1]
രചന: റിൻസി പ്രിൻസ്
അങ്ങനെ വീണ്ടും സ്വപ്നങ്ങൾ നെഞ്ചിലേറ്റി നാട്ടിലേക്ക് ഒരു യാത്രയ്ക്കോരുങ്ങി ശ്വേത…
എറണാകുളം എയർപോർട്ടിൽ ആയിരുന്നു വന്നിറങ്ങിയത്. എയർപോർട്ടിൽ വന്നതിനു ശേഷം ബസ്റ്റോപ്പ് വരെ ഒപ്പം ജെനി ചേച്ചിയും അനാമികയും ഉണ്ടായിരുന്നു, അവിടെ നിന്നും അനാമിക പാലക്കാട് ഉള്ള വണ്ടിയിലേക്കും ഞാനും ജീന ചേച്ചിയും നേരെ കോട്ടയം വണ്ടിയിലേക്കും കയറി.. ചേച്ചിക്ക് പോകേണ്ടത് പാലയിലാണ് അതുകൊണ്ടാണ് ഞാനും കോട്ടയത്തിന് വണ്ടി കയറിയത്, അവിടെ നിന്നും എനിക്ക് പത്തനംതിട്ട വണ്ടി പെട്ടെന്ന് കിട്ടുമായിരുന്നു.. കോട്ടയം ബസ്റ്റോപ്പിൽ നിന്നും ചേച്ചി കുറെ നേരം എനിക്ക് കൂട്ടിരുന്നിട്ടാണ് പോയത്, പത്തനംതിട്ട കെഎസ്ആർടിസി ബസ്സിൽ എന്നെ കയറ്റി ഇരുത്തി കയ്യും വീശി ചേച്ചി പോയപ്പോൾ മറക്കാതെ ഓർമിപ്പിക്കുന്നുണ്ടായിരുന്നു വീട്ടിലേക്കു ഇറങ്ങുന്ന കാര്യം മറക്കരുത് എന്ന് ഒക്കെ, ഓക്കേ പറഞ്ഞ് വണ്ടി ചലിച്ചപ്പോൾ ഫോൺ വെറുതെ ഒന്ന് നോക്കി അപ്പോൾ ചാർജ് ഇല്ലാതിരിക്കുന്നു 15 ശതമാനം മാത്രമാണ് കാണിക്കുന്നത്. അതുകൊണ്ടുതന്നെ ഭദ്രമായി അടച്ച് ബാഗിൽ വെച്ചു, എങ്ങാനും എന്തെങ്കിലും ആവശ്യം വന്നാലോ എന്ന് കരുതി.. വഴിയിലേക്ക് പോകുന്ന റോഡുകളിൽ ഒക്കെ ശബരിമല എന്ന ബോർഡ് കാണാമായിരുന്നു… അത് കാണുമ്പോൾ മനസ്സിനൊരു പ്രത്യേക ആശ്വാസമാണ്. അല്ലെങ്കിലും നമ്മുടെ നാട് നമുക്കൊരു വികാരമാണല്ലോ, പത്തനംതിട്ടയിലേക്ക് ബസ് എത്തിയപ്പോൾ കിട്ടിയ ഒരു ആശ്വാസം ഈ ലോകത്തിൻറെ എവിടെപ്പോയാലും എനിക്ക് കിട്ടില്ലെന്ന് തോന്നി. അത്രമേൽ പ്രിയപ്പെട്ട ഇടം..! സ്വന്തം നാട്. എല്ലാവർക്കും അങ്ങനെ ആണല്ലോ, ബസ്റ്റോപ്പിൽ വന്നിറങ്ങിയപ്പോഴേക്കും നന്നായി ക്ഷീണിച്ചിരുന്നു.. ഒന്നു വാഷ് റൂമിൽ പോയി തിരികെ വന്ന് തന്റെ കോലം കണ്ട് തനിക്ക് തന്നെ ചിരി വന്നു എന്നതാണ് സത്യം. കൺമഷി ഒക്കെ പടർന്ന് മുഖമൊക്കെ വരണ്ട് സൺക്രീം ഒലിച്ചു ഇറങ്ങി ഒരു യക്ഷിയെ പോലെ തോന്നി. ഒരു നിമിഷം ചിരി വന്നുവെങ്കിലും മുഖം നന്നായി ഒന്ന് കഴുകി തുടച്ചു പിന്നെ നേരെ സ്റ്റാൻഡിൽ തന്നെയുള്ള ഒരു ബേക്കറിയിൽ കയറി ഒരു ഷാർജ ഷേക്ക് കുടിച്ചു. ഒപ്പം ഒരു കട്ലറ്റും, നല്ല ക്ഷീണം ഉണ്ടായിരുന്നു ഒന്നും കഴിച്ചിട്ടില്ലാത്തതു കൊണ്ട്. ഒറ്റയ്ക്ക് ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാൻ എന്തൊ ഒരു മടിയാണ്, ഇല്ലായിരുന്നെങ്കിൽ ഒരു ബിരിയാണി തന്നെ കഴിച്ചേനെ. വീട്ടിൽ ചെന്ന് അമ്മച്ചി ഉണ്ടാക്കിയ മത്തിക്കറിയും കപ്പ പുഴുങ്ങിയതും കഴിക്കാനാണ് അപ്പോൾ കൊതി തോന്നിയത്.. വിളിച്ചു പറഞ്ഞാലോ എന്നോർത്തു, പിന്നെയും ഓർത്തു വേണ്ട സർപ്രൈസ് പൊട്ടിക്കണ്ടാന്ന് സ്റ്റാൻഡിൽ നിന്നും വീണ്ടും ഒരു ബസ് കൂടി കയറി….
വർണ്ണശബളമായി അലങ്കരിച്ച ആ പ്രൈവറ്റ് ബസ്സിൽ ഇരുന്നപ്പോൾ മനസ്സ് വീണ്ടും ആ പഴയ കാലത്തിലേക്ക് പോകുന്നതുപോലെ… ഒപ്പം സ്റ്റീരിയോ ഒഴുകിവന്ന ആ ഗാനത്തിന്റെ ഈരടികളും..
🎶പഴയ കിനാവിൽ മുന്തിരി നീരിൽ
പാവം ഹൃദയം അലിയുന്നു
താളുകൾ മറിയും മിഴികളിലോരോ
മോഹം വെറുതേ വിരിയുന്നു 🎶
തനിക്ക് പരിചിതമായിരുന്ന നാട്ടുവഴികൾക്കൊക്കെ ചെറിയ തോതിലെങ്കിലും വികസനം വന്നിട്ടുണ്ട്, ആ പഴയ ഗ്രാമഭംഗിയും നാട്ടിൻപുറങ്ങളും ഒക്കെ ഇപ്പോൾ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. എങ്കിലും അവിടെയും ഇവിടെയും റബർതോട്ടവും കൈത തോട്ടവും ഒക്കെ കാണാൻ സാധിക്കും… അത് കാണുമ്പോഴാണ് ആകെ ഒരു ആശ്വാസം, സ്വന്തം മണ്ണിൻറെ ഗന്ധം അറിഞ്ഞപ്പോൾ തന്നെ പകുതി ആശ്വാസമായി. വണ്ടി സ്റ്റോപ്പിൽ നിർത്തിയപ്പോൾ പണ്ടുമുതലേ പരിചയമുള്ള സലീമിക്കയുടെ പച്ചക്കറി കടയിലേക്ക് ആണ് പോയത്.. അവിടെ നിന്നും ഒരു കിലോ നല്ല കപ്പ വാങ്ങി, അല്ലെങ്കിലും ഈ മലയോര നാട്ടുകാർക്ക് കപ്പ എന്ന് പറഞ്ഞാൽ ഒരു വീക്ക്നെസ്സ് ആണല്ലോ,
” ആരാ ഇത്, മോളെവിടെയോ ജോലി ചെയ്യായിരുന്നില്ലേ..? എപ്പോഴാ വന്നത്..
കപ്പ തൂക്കുന്നതിനിടയിൽ സലീമിക്കയുടെ കുശലം ചോദിക്കൽ എത്തി…
” ഞാൻ ബാംഗ്ലൂരിലായിരുന്നു ഇക്കാ, ഇപ്പോൾ വരുന്ന വഴി ആണ്…
” ആഹാ ഞാൻ വിചാരിച്ചു ഗൾഫിൽ എങ്ങാണ്ടാന്ന്…
നിഷ്കളങ്കമായ ആ മറുപടിയ്ക്ക് ഒന്ന് ചിരിച്ചു കാണിച്ചിരുന്നു.. പിന്നെ നേരെ പോയത് ആന്റപ്പൻ ചേട്ടൻറെ മീന് കടയിലേക്ക് ആണ്, അവിടെ നോക്കിയപ്പോൾ നല്ല ഫ്രഷ് മത്തി, ആഗ്രഹം പോലെ തന്നെ.. അതും വാങ്ങിച്ചു ഒരു അരക്കിലോ.. സച്ചുവിന് അത് ഇഷ്ടമേയല്ല, ആകെപ്പാടെ മത്തി നന്നായി കഴിക്കുന്നത് ഞാനും വല്ല്യമ്മച്ചിയും ആണ്….അമ്മച്ചിക്ക് അങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങൾ ഒന്നുമില്ല… അതും വാങ്ങി നാരായണേട്ടന്റെ ഓട്ടോയിൽ കയറി വീട്ടിലേക്ക് പോകുമ്പോൾ മനസ്സ് ഇങ്ങനെ തുള്ളി ചാടുകയായിരുന്നു, അല്ലെങ്കിലും ഒരിക്കലും മടുപ്പ് തോന്നാത്ത യാത്ര സ്വന്തം വീട്ടിലേക്കുള്ളത് മാത്രമാണല്ലോ, അവിടെ എത്തുമ്പോൾ മാത്രം മനസ്സ് ഒരു കൊച്ചു കുട്ടിയായി മാറും. എത്ര വലിയ ആളാണെങ്കിലും ഒപ്പം കുറച്ചു കൊഞ്ചലും,
” എങ്ങനുണ്ട് മോളെ ജോലിയൊക്കെ….
യാത്രക്കിടയിൽ നാരായണേട്ടൻ ചോദിക്കുന്നുണ്ട് വിശേഷങ്ങൾ ഒക്കെ…
” കുഴപ്പമില്ല ചേട്ടാ,
” കല്യാണം നോക്കുന്നുണ്ടോ?
നാട്ടുകാരുടെ സ്ഥിരം ചോദ്യം എത്തി, ഈ ഒരു ചോദ്യമാണ് ഒരിക്കലും ഫേസ് ചെയ്യാൻ പറ്റാത്തത്…
“നോക്കണം…. സമയമുണ്ടല്ലോ,
ചിരിയോടെ തന്നെ മറുപടി പറഞ്ഞു,
വീടിൻറെ മുൻപിൽ വണ്ടി നിർത്തിയപ്പോൾ പൈസ കൊടുത്ത് ബാഗ് ഓരോന്നായി പുറത്തേക്ക് ഇറക്കി വെച്ചപ്പോഴാണ് അടുക്കളയിൽ നിന്നും ഒരു മുഷിഞ്ഞ നൈറ്റിയുമിട്ട് അമ്മച്ചി ഓടിവരുന്നത്… ഇതാരാണ് ഈ സമയത്ത് എന്ന ഒരു മുഖഭാവം ആയിരുന്നു അപ്പോൾ അമ്മയ്ക്ക്… എന്നെ കണ്ടതും ആള് ഞെട്ടിപ്പോയെന്ന് പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിച്ചിരുന്നു, എന്നെ കണ്ട് അന്തിച്ചു നിന്ന് പെട്ടന്ന് ബോധം വന്നു എന്റെ അടുത്തേക്ക് വന്നു. ബാഗുകൾ ഒക്കെ എടുക്കാൻ സഹായിച്ചു, ഓട്ടോ പോയപ്പോഴും അമ്മച്ചി ഇങ്ങനെ മിഴിഞ്ഞു നിൽപ്പുണ്ട്…
” നീ വരുന്ന കാര്യം ഒന്ന് വിളിച്ചു പോലും പറഞ്ഞില്ലല്ലോ,
” ഞാനൊരു സർപ്രൈസ് തരാൻ വന്നതല്ലേ എൻറെ അമ്മുക്കുട്ടി…
അമ്മച്ചിയെ കെട്ടിപ്പിടിച്ച് കവിളിൽ ഒന്ന് നീട്ടി വലിച്ചു പറഞ്ഞു, എന്നിട്ട് കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൂടി കൊടുത്തു.. ഒരുപാട് ദിവസം കാണാതിരുന്ന കണ്ടതുകൊണ്ട് അമ്മച്ചിയുടെ അരികിൽ നിന്ന് മാറാനെ തോന്നിയില്ല, എങ്കിലും വലിയ കുട്ടിയായപ്പോൾ ഉമ്മയൊക്കെ വെക്കാൻ ചെറിയൊരു ചമ്മൽ ഉണ്ട് ഉള്ളിൽ, എത്ര സ്നേഹം ഉണ്ടെങ്കിലും പ്രായം വർദ്ധിക്കും തോറും അത് പ്രകടിപ്പിക്കുന്നതിൽ ഒരു ബുദ്ധിമുട്ട് മക്കൾക്ക് ഉണ്ടാവുമല്ലോ, പക്ഷെ മടിയില്ലാതെ അത് പ്രകടിപ്പിക്കുമ്പോൾ മാതാപിതാക്കൾ ഉണ്ടാകുന്ന ഒരു സന്തോഷം അത് അനുഭവിച്ചിട്ടുള്ളവർക്കെ മനസിലാകൂ,
” എന്താടി നിനക്ക് കുടിക്കാൻ വേണ്ടത്,
ഏറെ സന്തോഷത്തോടെ കവിളിൽ തലോടിക്കൊണ്ട് അമ്മച്ചി ചോദിച്ചു…
“കുറച്ചു തണുത്ത വെള്ളം മതി, ഞാൻ ഒരു ഷാർജയൊക്കെ കുടിച്ചിട്ട് ആണ് വന്നത്, സച്ചു എന്തിയെ…?
“അവൻ വരാറാവുന്നെ ഉള്ളു, ട്യൂഷനും കൂടി കഴിഞ്ഞിട്ടേ വരൂ,
” വല്യമ്മച്ചി എന്തിയേ..?
” ഉച്ചഉറക്കം കഴിഞ്ഞ് എഴുന്നേറ്റിട്ടില്ല,
“ഞാൻ ഇച്ചിരി ചായ ഇടട്ടെ
” എന്നാപ്പിന്നെ അമ്മച്ചി ഇത്തിരി കട്ടൻകാപ്പിയിട്, അത് കുടിച്ചിട്ട് ഒത്തിരി നാളായി… പ്രത്യേകിച്ച് അമ്മച്ചിയുടെ സ്പെഷ്യൽ, അത് കുടിക്കാം,
അവൾ പറഞ്ഞപ്പോൾ അമ്മച്ചി അടുക്കളയിലേക്ക് പോയി, ശ്വേത നേരെ വല്ല്യമ്മച്ചിയുടെ
മുറിയിലേക്ക് പോയി.. കക്ഷി നല്ല ഉറക്കമാണ്, ആ മുറിയിലേക്ക് കയറുമ്പോൾ തന്നെ കുഴമ്പിന്റെയും പഴയ കുട്ടികുറ പൗഡറിന്റെയും ഇടകലർന്ന ഒരു ഗന്ധമാണ്, എങ്കിലും എനിക്ക് ആ ഗന്ധം ഏറെ ഇഷ്ടമാണ് ആ ഗന്ധം….. ഒട്ടും ശബ്ദം ഉണ്ടാക്കാതെ ഇപ്പുറത്തായി വല്യമ്മച്ചിയുടെ അടുത്ത് കയറി കിടന്നു, അതിനുശേഷം ആ ചുക്കി ചുളിഞ്ഞ കൈകളിലേക്ക് കൈവെച്ച് കെട്ടിപ്പിടിച്ചു, പെട്ടെന്നാണ് ആൾ കണ്ണു തുറന്നത്, പ്രേതത്തെ കണ്ടതുപോലെ എന്നെ നോക്കി,
” എൻറെ കൊച്ച് എപ്പോ വന്നെടി…?
കണ്ണുകളൊക്കെ കുഴിഞ്ഞ് ക്ഷീണാവസ്ഥയിൽ ആയിട്ടുണ്ട്,
” ഇങ്ങോട്ട് കയറി വന്നതേയുള്ളൂ വല്യമ്മച്ചി
അതും പറഞ്ഞു കെട്ടിപ്പിടിച്ച് ഒന്നുകൂടി അടുത്തേക്ക് കൂനികൂടി കിടന്നു.. അതോടെ തിരിച്ചു കെട്ടിപ്പിടിക്കാൻ തുടങ്ങി. അതോടൊപ്പം തലയിൽ തഴുകുകയും ചെയ്തു, കുറച്ചുനേരം വല്യമ്മച്ചിയോടെ ബാംഗ്ലൂർ വിശേഷങ്ങളൊക്കെ പറഞ്ഞു,
ഞങ്ങൾ രണ്ടുപേരും കൂടിയാണ് ഉമ്മറത്തേക്ക് വന്നത്, അപ്പോഴേക്കും അമ്മച്ചിയുടെ ഏലക്കാ മണമുള്ള വറുത്തു പൊടിച്ച കാപ്പിപ്പൊടിയുടെ കാപ്പി റെഡിയായിരുന്നു, കുതിരയുടെ ചിത്രമുള്ള ഗ്ലാസിലേക്ക് പകർന്നപ്പോൾ അവിടെ ഇരുന്ന് പലഹാരപാത്രം കൈയിട്ട് അതിൽ നിന്ന് പക്കാവടയും ഒരു ഉണ്ണിയപ്പവും എടുത്ത് കഴിച്ചു, വീണ്ടും ആ കാപ്പിയുടെ ഗന്ധം മൂക്കിലേക്ക് ഇരച്ച് കയറിയപ്പോൾ ഇവിടുത്തെ മില്ലിന്റെ കാര്യമാണ് ഓർമ്മ വന്നത്, അവിടുന്ന് ആണ് വർഷങ്ങളായി അമ്മച്ചി പൊടി വാങ്ങുന്നത്.. വീണ്ടും മറ്റു ചില ഓർമ്മകൾ കൂടി വന്നപ്പോൾ മനപൂർവം കുറച്ച് നേരത്തേക്ക് എങ്കിലും ആ ഓർമ്മകളെ വിസ്മൃതിയിലേക്ക് തള്ളി വിട്ടിരുന്നു, പിന്നെ വിശേഷങ്ങളൊക്കെ രണ്ടുപേരോടും പറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് സച്ചു ട്യൂഷൻ കഴിഞ്ഞു വന്നതും. അവൻ തന്നെ കണ്ടതും ഞെട്ടി എന്നുള്ളത് ഉറപ്പാണ്, എങ്കിലും ഓടിവന്ന് കെട്ടിപ്പിടിച്ചു… ഒരുപാട് വിശേഷങ്ങൾ അവനും പറയാനുണ്ടായിരുന്നു, എല്ലാവരും കൂടി ഒരുമിച്ചു കൂടിയതോടെ സമയം പോകുന്നത് അറിയുന്നുണ്ടായിരുന്നില്ല, ഒന്ന് കുളിക്കാതെ പറ്റില്ലന്ന് ആയപ്പോൾ അമ്മയോട് പറഞ്ഞു കുളിക്കാനായി പോയി, സച്ചു പത്താംക്ലാസിൽ ആയതിനു ശേഷം അവൻ ഞങ്ങൾ ഉപയോഗിച്ചിരുന്ന മുറിയിൽ ഒറ്റയ്ക്കാണ് കിടക്കുന്നത്.. ആൺകുട്ടിയല്ലേ അവന് കുറച്ച് സ്വാതന്ത്ര്യം കൊടുക്കണമെന്ന് അമ്മച്ചി പറയാറുണ്ട്, അതുകൊണ്ട് ഞാൻ വന്നാൽ അമ്മച്ചിക്കൊപ്പം ആണ് കിടക്കുന്നത്.. അല്ലെങ്കിലും ഇനി കല്യാണം കഴിയുന്നതുവരെയല്ലേ അമ്മച്ചിയെ ഇങ്ങനെ കെട്ടിപിടിച്ചു കിടക്കാൻ പറ്റു, അതുകൊണ്ട് അത് സന്തോഷം തന്നെയാണ്, മുറിയിലേക്ക് ചെന്ന് ബാഗിൽ നിന്നും ഒരു നൈറ്റ് ഡ്രസ്സ് എടുത്തു, സൂക്ഷിച്ചു നോക്കിയപ്പോഴാണ് അതിന് മുട്ടിന്റെ അവിടെ വരെ ഇറക്കമേ ഉള്ളൂ എന്ന് മനസ്സിലായത്, ഇവിടത്തെ നാട്ടുകാര് വളരെ ചുരുങ്ങിയ മനസ്സുള്ളവർ ആയതുകൊണ്ട് ഇത്തരത്തിലുള്ള വേഷങ്ങളൊന്നും ഇട്ടു നടക്കുന്നത് ഇവർക്ക് ചിലപ്പോൾ ഇഷ്ടപ്പെടില്ല എന്ന ഒരു ചിന്ത വന്നതോടെ അത് മാറ്റി ഒരു കോട്ടൺ ടോപ്പ് എടുത്തു, അതിനൊപ്പം ഒരു പലാസോ പാന്റും അതുമായി കുളിക്കാനായി പോയി…
ക്ലോറിൻ കലർന്ന തണുപ്പ് എന്തെന്നറിയാത്ത വെള്ളം മാത്രം ഉപയോഗിച്ച് ശീലിച്ചു പോയ ശരീരം തണുത്ത കണ്ണുനീർ പോലെയുള്ള വെള്ളം വീണപ്പോൾ ഒന്നു കുളിർന്നു. എങ്കിലും നല്ല ആശ്വാസം, വിസ്തരിച്ചു തന്നെ കുളിച്ചു ഇറങ്ങി, ബാഗിൽ നിന്നും സ്ഥിരമായി ഉപയോഗിക്കുന്ന മോയിസ്ചൈസർ എടുത്ത് മുഖത്തിട്ടു, അത് കഴിഞ്ഞ് മുടി ഒന്ന് കോതിയുണക്കി. പിന്നെ തോർത്ത് വെച്ച് നന്നായി ഒന്ന് കെട്ടി, അപ്പോഴേക്കും സന്ധ്യയായിരുന്നു, പുറത്തേക്ക് ഇറങ്ങിയപ്പോൾ വല്ല്യമ്മച്ചി പാട്ടുപുസ്തകം ഒക്കെ എടുത്ത് പ്രാർത്ഥിക്കാനുള്ള തയ്യാറെടുപ്പിലാണ്, വല്ല്യയമ്മച്ചി അങ്ങനെയാണ് 6.30 എന്ന ഒരു സമയം ഉണ്ടെങ്കിൽ പ്രാർത്ഥിച്ചില്ലെങ്കിൽ പിന്നെ എന്നെയും സച്ചുവിനെയും ദഹിപ്പിച്ച ഒരു നോട്ടമാണ്, അത് ഇപ്പോഴും ഉണ്ടെന്ന് അറിയാവുന്നത് കൊണ്ട് അവർക്കൊപ്പം പ്രാർത്ഥനയ്ക്ക് ഇരുന്നു. കുരിശു വരച്ചു കഴിഞ്ഞപ്പോഴേക്കും അമ്മച്ചി നല്ല ചൂട് കപ്പ പുഴുങ്ങിയതും കുടംപുളിയിട്ട മത്തിക്കറിയും കൊണ്ട് മുന്നിൽ വെച്ചു അമ്മച്ചി, കൊതി കൊണ്ട് എത്രയും കഴിച്ചെന്നു പോലും ഓർമ്മയില്ല, ഒപ്പം മത്തി പച്ചകുരുമുളക് ഇട്ടു വറുത്തതും മോരും ഏത്തക്ക മെഴുക്കുപുരട്ടിയും. വൈകിട്ട് കുറച്ചുനേരം സച്ചുവിന് ഒപ്പം ഇരുന്ന് ടിവി കണ്ടു, കുറെ കാലങ്ങളായി ഇല്ലാത്ത ശീലമാണത്… കുറച്ച് അധികം സമയം കഴിഞ്ഞപ്പോൾ അമ്മച്ചി വന്നു കണ്ണുരുട്ടാൻ തുടങ്ങി. അതോടെ ടിവി നിർത്തി ഞാൻ അമ്മച്ചിക്കൊപ്പം പോയി കിടന്നു. അമ്മച്ചിയെ കെട്ടിപ്പിടിച്ച് യാതൊരു വേദനയുമറിയാതെ…
പിറ്റേദിവസം നേരത്തെ എഴുന്നേറ്റു അത് കുർബാനയ്ക്ക് പോകണം എന്നുള്ളത് കൊണ്ട് തന്നെയാണ്.. എത്രയോ നാളുകളായി ഇടവക പള്ളിയിലെ കുർബാന മിസ്സ് ചെയ്യുന്നു, അതും വല്ലാത്തൊരു വേദന തന്നെയായിരുന്നു… വേറെ ഏതൊക്കെ പള്ളിയിൽ പോയി പ്രാർത്ഥിച്ചാലും സ്വന്തം ഇടവക പള്ളിയിൽ ചെല്ലുമ്പോൾ കിട്ടുന്ന ഒരു മനസ്സുഖം അത് വേറെ എവിടെ നിന്നും കിട്ടില്ല, അതുകൊണ്ട് വെളുപ്പിനെ തന്നെ എഴുന്നേറ്റു ഒരുങ്ങി. ആ ഒരുക്കം കണ്ട് അമ്മച്ചി പോലും അത്ഭുതപ്പെട്ടു നോക്കി ഒ,
” ത്തിരി നാളായില്ലേ അമ്മച്ചി ഒന്ന് നന്നായിട്ട് പ്രാർത്ഥിച്ചിട്ട് ഞാൻ പോയി ഒന്ന് കർത്താവിനെ കണ്ടേച്ചു വരാം…
അതും പറഞ്ഞു മഞ്ഞു പുത്തഞ്ഞ ഇരുണ്ട വെട്ടത്തിലൂടെ പതിയെ നടന്നു, രാവിലെ കുർബാനയ്ക്ക് പൊതുവേ പള്ളിയിൽ ആളു കുറവാണ് അതും ഇട ദിവസമാണെങ്കിൽ ഒട്ടും കാണില്ല.. ആകെ നാല് മൂന്നും ഏഴ് പേരെ പള്ളിയിൽ ഉണ്ടായിരുന്നുള്ളൂ, അതുകൊണ്ട് മനസ്സ് നിറഞ്ഞ് ഒന്ന് പ്രാർത്ഥിക്കാൻ പറ്റി. പ്രാർത്ഥന കഴിഞ്ഞ് തിരിച്ചിറങ്ങി ചാച്ചന്റെ കല്ലറയിൽ പോയി പൂക്കളും വെച്ച് മടങ്ങി വരും വഴിയാണ് പെട്ടെന്ന് കണ്ണിലൊരാൾ ഉടക്കിയത്……..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]
Source link