Kerala

സുഭദ്രയുടെ കൊലപാതകം ആസൂത്രിതം; വേസ്റ്റ് ഇടാനെന്ന പേരിൽ നേരത്തെ കുഴിയെടുത്തു

ആലപ്പുഴ കലവൂരിൽ വയോധികയെ കൊന്ന് കുഴിച്ചുമൂടിയത് ആസൂത്രിതമായെന്ന് പോലീസ്. കൊലപാതകത്തിന് മുമ്പ് തന്നെ വീടിന് പുറകുവശത്ത് കുഴി എടുത്തിരുന്നു. കുഴി എടുക്കാൻ വന്ന ദിവസം പ്രായമായ ഒരു സ്ത്രീ കൂടി ആ വീട്ടിലുണ്ടായിരുന്നതായി ജോലിക്കാരൻ പോലീസിന് മൊഴി നൽകി.

ശർമിളയും നിതിൻ മാത്യുവും വേസ്റ്റ് ഇടാനെന്ന പേരിലാണ് ജോലിക്കാരനെ വിളിച്ചു വരുത്തി കുഴി എടുപ്പിച്ചത്. ഈ സമയത്ത് പ്രായമായ സ്ത്രീയെ വീട്ടിൽ കണ്ടെന്നാണ് ഇയാളുടെ മൊഴി. ഓഗസ്റ്റ് 7നാണ് കുഴിയെടുത്തത്. രണ്ട് ദിവസം കഴിഞ്ഞ് പണം വാങ്ങാനെത്തിയപ്പോൾ കുഴി മൂടിയതായും കണ്ടു എന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്

ഓഗസ്റ്റ് ഏഴിനും പത്തിനും ഇടയിലാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ട്. പ്രതികളെന്ന് സംശയിക്കുന്ന നിതിൻ മാത്യുവും ശർമിളയും ഒളിവിലാണ്. ഇവർക്കായി അന്വേഷണ സംഘം ഉഡുപ്പിയിലെത്തി പിരശോധന നടത്തുകയാണ്

ഉഡുപ്പി സ്വദേശിയായ ശർമിളയെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. കൊച്ചി സൗത്ത് റെയിൽവേ സ്‌റ്റേഷന് സമീപം വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുന്ന സുഭദ്രയെ കഴിഞ്ഞ ഓഗസ്റ്റ് 4നാണ് കാണാതായത്. മകൻ നൽകിയ പരാതിയിൽ കടവന്ത്ര പോലീസ് കേസെടുത്തു. സുഹൃത്തായ ശർമിളക്കൊപ്പം പോകുന്നത് കണ്ടെന്ന പരിസരവാസികളുടെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്.

സ്വർണാഭരണങ്ങൾ കവരാൻ സുഭദ്രയെ കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. സുഭദ്രയുടേതെന്ന് സംശയിക്കുന്ന ആഭരണങ്ങൾ ആലപ്പുഴയിലെയും ഉഡുപ്പിയിലെയും സ്വർണപ്പണയ സ്ഥാപനങ്ങളിൽ നിന്ന് പോലീസ് കണ്ടെത്തിയതായും വിവരമുണ്ട്.

Related Articles

Back to top button