എഡിജിപിക്ക് സംരക്ഷണം: മുഖ്യമന്ത്രിയുടെ നിലപാടിൽ കടുത്ത അതൃപ്തിയുമായി ഘടകകക്ഷികൾ
എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി ഉണ്ടാകാത്തതിൽ എൽഡിഎഫ് ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തി. ഡിജിപിയുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാമെന്നായിരുന്നു ഇന്നലെ ചേർന്ന എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചത്. വരും ദിവസങ്ങളിലും നടപടിയുണ്ടായില്ലെങ്കിൽ പരസ്യ പ്രതികരണങ്ങളിലേക്ക് ഘടകകക്ഷികൾ കടന്നേക്കും
നടപടിയുണ്ടായില്ലെങ്കിൽ വിമർശനങ്ങൾ പരസ്യമായി പുറത്ത് പറയാമെന്ന ആലോചനയിലാണ് ചില പാർട്ടികൾ. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ സിപിഐ ആണ് നടപടി ആവശ്യപ്പെട്ട് ആദ്യം രംഗത്തുവന്നത്. ഇന്നലെ യോഗം ചേരുന്നതിന് മുമ്പും സിപിഐ ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു
എന്നാൽ ഡിജിപിയുടെ റിപ്പോർട്ട് വരട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അന്വേഷണം കാലങ്ങളോളം നീണ്ടുനിൽക്കരുതെന്ന അഭിപ്രായമാണ് മുന്നണിക്കുള്ളിലുള്ളത്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സർക്കാർ തീരുമാനം ഉണ്ടായില്ലെങ്കിൽ പരസ്യമായി നിലപാട് വ്യക്തമാക്കാനാണ് ഘടകകക്ഷികൾ ആലോചിക്കുന്നത്.