Education

സ്നേക് ഐലന്റ് എന്ന് വെറുതെയിട്ടതല്ല; കാണുന്നിടത്തൊക്കെ പാമ്പുകള്‍ വിഹരിക്കുന്നതിനാല്‍ തന്നെയാണ്

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് സ്‌നേക്ക് ഐലന്റ്. പേരുപോലെ പാമ്പുകള്‍ വസിക്കുന്ന ഒരു ദ്വീപാണ് ഈ പ്രദേശം. ബ്രസീലിന്റെ തീരത്തുനിന്നും അറ്റ്‌ലാന്റിക് സമുദ്രത്തിലായാണ് ദ്വീപിന്റെ സ്ഥാനം. ഇല്‍ഹ ഡ ക്യൂമാഡ ഗ്രാന്‍ഡെ എന്നാണ് ഈ സ്‌നേക്ക് ഐലന്‍ഡ് പ്രാദേശികമായി അറിയപ്പെടുന്നത്.

സമുദ്രനിരപ്പില്‍ നിന്ന് 206 മീറ്റര്‍ ഉയരത്തില്‍ 106 ഏക്കര്‍ വിസ്തൃതിയിലാണ് ഈ ദ്വീപ് നീണ്ടുനിവര്‍ന്നു കിടക്കുന്നത്. ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്തിന്റെ സമുദ്ര തീരത്ത് നിന്നും ഏകദേശം 33 കിലോമീറ്റര്‍ അകലെ ആയാണ് ക്യൂമാഡ ഗ്രാന്‍ഡെ ദ്വീപിന്റെ കൃത്യമായ സ്ഥാനം. ലാറ്റിനമേരിക്കയിലെ തന്നെ ഏറ്റവും വിഷമുള്ള പാമ്പുകളായ ഗോള്‍ഡന്‍ ലാന്‍സ്ഹെഡ് പിറ്റ് വൈപ്പര്‍ പാമ്പുകളാണ് ഈ ദ്വീപില്‍ കൂടുതലായി കാണപ്പെടുന്നത്. ഉഗ്രവിഷമുള്ള ഈ പാമ്പുകളുടെ കടിയേറ്റാല്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മരണം സംഭവിക്കുമെന്നതായണ് ഏറെ ഭീതിജനകമായ കാര്യം.

വിഷപ്പാമ്പുകള്‍ നിറഞ്ഞാടുന്ന ഈ ദ്വീപില്‍ ഒറ്റ മനുഷ്യനും സാമാന്യനിലയില്‍ കടന്നുചെല്ലാന്‍ ഇഷ്ടപ്പെടാറില്ല. ആരാലും കടന്നുചെല്ലാന്‍ ധൈര്യപ്പെടാത്തത് ജീവനില്‍ ഭയമുള്ളതുകൊണ്ടുതന്നെയാണ്. ഭൗമ ശാസ്ത്രജ്ഞരുടെ നിഗമ പ്രകാരം ഏകദേശം 11,000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ദുരൂഹ ദ്വീപ് രൂപപ്പെട്ടത്. അതിനുമുന്‍പായി തീരത്തോട് ചേര്‍ന്ന് നിന്നിരുന്ന ഒരു പ്രദേശം സമുദ്രനിരപ്പ് ഉയര്‍ന്നതോടെ ഒറ്റപ്പെട്ട ഒരു ദ്വീപായി രൂപാന്തരപ്പെടുകയായിരുന്നു. അന്ന് ഈ ദ്വീപിനുള്ളില്‍ ഒറ്റപ്പെട്ടുപോയ പാമ്പുകള്‍ പിന്നീട് പെറ്റു പെരുകിയാണ് ഇന്ന് ദ്വീപ് മുഴുവന്‍ പാമ്പുകളുടേതായ ഒരു ലോകം നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടത്.

മഴക്കാടുകള്‍ നിറഞ്ഞ പ്രകൃതിരമണീയമായ ഈ ദീപില്‍ പാമ്പുകളെ കൂടാതെ 41 ഇനത്തില്‍പ്പെട്ട പക്ഷികളും അധിവസിക്കുന്നുണ്ടെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിട്ടുള്ളത്. ഈ ജൈവവൈവിധ്യം കൊണ്ട് ബ്രസീല്‍ ഗവണ്‍മെന്റ് ദ്വീപിനെ ഒരു സംരക്ഷണ പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. 1909-ല്‍ ഏതാനും ദിവസങ്ങള്‍ മാത്രം ഈ ദ്വീപില്‍ മനുഷ്യവാസം ഉണ്ടായിരുന്നു. പരിചിതമല്ലാത്ത കപ്പലുകള്‍ ഈ ദ്വീപിന് അടുത്തേക്ക് പ്രവേശിക്കുന്നത് തടയാന്‍ ദ്വീപില്‍ സ്ഥാപിച്ച ലൈറ്റ് ടവറിലെ ജീവനക്കാര്‍ ആയിരുന്നു അവര്‍. എന്നാല്‍ ദ്വീപിലെ ഉഗ്രവിഷമുള്ള പാമ്പുകള്‍ ഇവരെ സ്വപ്‌നത്തില്‍പോലും ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ ഉറക്കം നഷ്ടമായ ജീവനക്കാര്‍ ഗവണ്‍മെന്റിനോട് കേണപേക്ഷിച്ച് ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നൂവെന്നതും ചരിത്രം.
ബ്രസീലിയന്‍ നേവിയിലെ അംഗങ്ങള്‍ക്കും തിരഞ്ഞെടുത്ത ഗവേഷകര്‍ക്കും മാത്രമേ ഈ ദ്വീപിലേക്ക് അപൂര്‍വമായി സര്‍ക്കാര്‍ പ്രവേശനം അനുവദിക്കാറുള്ളൂ.

സുദീര്‍ഘമായ സുരക്ഷാ മുന്‍കരുതലുകളോടെ സര്‍ട്ടിഫൈഡ് ഡോക്ടര്‍മാരടങ്ങുന്ന സംഘത്തോടൊപ്പം മാത്രമേ ഇത്തരം ആളുകളെയും നിശ്ചിത ദിവസത്തേക്കു മാത്രം ഈ ദ്വീപിലേക്ക് പ്രവേശിക്കാറുള്ളൂ.

Related Articles

Back to top button