Novel

നിലാവിന്റെ തോഴൻ: ഭാഗം 95

രചന: ജിഫ്‌ന നിസാർ

“ഫൈസിക്കാ എവിടാ?”
പാത്തു വിളിക്കുമ്പോൾ ഫൈസി ആര്യനൊപ്പം കാറിലായിരുന്നു.

കുന്നേൽ നിന്നും തിരികെ പോരുകയാണ്.
അവനത് അവളോട് പറഞ്ഞു.

“എന്തായി.. അവിടുത്തെ കാര്യങ്ങൾ..?”

ഫൈസി ആകാംഷയോടെ ചോദിച്ചു.

“ഇത് വരെയും കുഴപ്പമില്ല.. ഫൈസിക്ക പറഞ്ഞത് പോലൊക്കെ തന്നെ ഞാൻ പറഞ്ഞിട്ടുണ്ട് ”

“അവന്.. അവന് സംശയങ്ങളൊന്നും ഇല്ലല്ലോ?”

“ഇല്ലെന്ന് ഉറപ്പിച്ചു പറയാനൊന്നും കഴിയില്ല ഫൈസിക്ക. പക്ഷേ ഇപ്രാവശ്യം ഞാൻ പറഞ്ഞത് അംഗീകരിക്കുകയല്ലാതെ മറ്റൊരു വഴിയും മുന്നിലില്ലെന്ന് ബോധ്യം വന്നിട്ടുണ്ട്. അതോ പുതിയ വല്ല കുരുക്കുകളും അണിയറയിൽ കൂടി നടത്തുന്നുണ്ടോ എന്നൊന്നും അറിയില്ല.. അവനെ.. അവനെ വിശ്വസിക്കാൻ കഴിയില്ല.. അതാണെന്റെ പേടിയും ”

നന്നേ നേർത്തു പോയ ശബ്ദത്തിൽ പാത്തു പറയുമ്പോൾ.. അതിനുള്ളിൽ അവൾ അനുഭവിക്കുന്ന വീർപ്പുമുട്ടൽ ഫൈസിക്ക് മനസ്സിലായിരുന്നു.

“താൻ പേടിക്കണ്ടടോ. ഇപ്രാവശ്യം താൻ പറഞ്ഞത് പോലെ ഷാഹിതിനു മുന്നിൽ മറ്റൊരു ഓപ്‌ഷനില്ലാത്ത സ്ഥിതിക്ക്, ആ കാശ് കയ്യിൽ വന്നതിന് ശേഷമുള്ള കളികളെ കുറിച്ചായിരിക്കും അവന്റെ പ്ലാനിംഗ് മുഴുവനും.. പക്ഷേ.. നമ്മടെ ചെക്കാനൊന്നു പുറത്ത് കടക്കേണ്ട താമസമേയുള്ളൂ.. പിന്നെ അവന്റെ ഒരു പ്ലാനിങ്ങും നടക്കില്ല. നടത്തില്ല”

ആവേശത്തിൽ ഫൈസി പറയുമ്പോൾ.. ചുട്ട് പഴുത്തു കിടക്കുന്ന ഹൃദയതടത്തിൽ അൽപ്പം വെള്ളമൊഴിച്ചത് പോലൊരു ആശ്വാസം പാത്തുവിനും തോന്നിയിരുന്നു.

“ഇച്ഛാ… പറഞ്ഞ പേപ്പർസ് എല്ലാം കിട്ടിയോ ഫൈസിക്ക..?”
പാത്തു ചോദിച്ചു.

“മ്മ്.. എന്റെ കയ്യിലുണ്ട്..”
മടിയിലിരുന്ന ഫയലൊന്ന് നോക്കി ഫൈസി പറഞ്ഞു.

“സൂക്ഷിക്കണേ ഫൈസിക്കാ.. ആ പിശാച് ഭ്രാന്ത് പിടിച്ചത് പോലാണ്..”
പാത്തു ഓർമ്മിപ്പിച്ചു.

“എനിക്കറിയാം ടോ.. താൻ പേടിക്കണ്ട.”
ഫൈസി അവളെ ആശ്വാസിപ്പിച്ചു.

“താൻ ഏതായാലും പുറത്തോട്ടൊന്നും ഇറങ്ങേണ്ട കേട്ടോ.. എന്തുണ്ടായാലും തനിക്ക് എന്നെ വിളിക്കാം. ഞാനിപ്പോ നേരെ വക്കീലിനെ കാണാൻ പോകുകയാണ്. ഉപ്പയും ഷാനിക്കയും അവിടെ വെയിറ്റ് ചെയ്യും..”

ഫൈസി പറഞ്ഞു.

“ഇന്ന്… ഇന്ന് ഇച്ഛാ വരുമായിരിക്കും ല്ലേ..?”
അത് ചോദിക്കുമ്പോൾ പാത്തുവിന് കരച്ചിൽ വന്നിരുന്നു.

“പിന്നല്ലാതെ.. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുന്ന രീതി നമ്മൾ കേട്ടിട്ടില്ലേ.. ഇപ്രാവശ്യം നമ്മൾക്കത് നേരിട്ട് കാണാം. വാലിന് തീ പിടിച്ചത് പോലെ.. അവനെ നമ്മൾ തുരത്തി ഓടിക്കും..”

ഫൈസി ചിരിച്ചു കൊണ്ടാണ് പറയുന്നത്.

അവനിൽ ആത്മവിശ്വസം തിരികെ വന്നിരുന്നു.

എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നവൻ… എന്തും ചെയ്തിട്ടായാലും ക്രിസ്റ്റിയെ ഇറക്കി കൊണ്ട് വരാനുള്ള പരിശ്രമത്തിന്റെ അവസാനപടിയിലാണ്.

കയ്യിലെ നീരൽപം വലിഞ്ഞുവെന്നാലും വേദനക്ക് യാതൊരു കുറവുമില്ലായിരിന്നു. പക്ഷേ അതൊന്നും അവനെ പിന്തിരിപ്പിക്കാൻ മതിയായ കാരണങ്ങളുമായിരുന്നില്ല.

പോവണ്ടന്നും അടങ്ങിയിരിക്കെന്നും പറയാൻ കഴിയാത്തൊരു ധർമ്മസങ്കടത്തിൽ ആയിഷ പതറി പോയപ്പോഴും മുഹമ്മദാണ് ധൈര്യം പകർന്നു കൊടുത്തത്.അവനെ തടയേണ്ട.. അവൻ നമ്മളുടെ വാക്കുകൾ നിഷേധിച്ചു കൊണ്ടിറങ്ങി പോകുന്നത് കണ്ടിട്ട് വേദനിക്കേണ്ടി വരുമെന്നും പറഞ്ഞു.

കാരണം അയാൾ ഉറപ്പിച്ചിരുന്നു.. ക്രിസ്റ്റി പുറത്തിറങ്ങി വരുന്നത് വരെയും വിശ്രമമില്ലാതെ ഫൈസി അവന്റെ മോചനത്തിനായി പ്രവർത്തിക്കുമെന്നുള്ളത്.

❣️❣️

പാത്തു പ്രതീക്ഷിച്ചത് പോലെ തന്നെയായിരുന്നു ഷാഹിദിന്റെ അവസ്ഥ.
തൊണ്ട പഴുത്തൊലിച്ചത് പോലെ.. ഇറക്കാനും തുപ്പി കളയാനും വയ്യാതെ അവൻ ഭ്രാന്ത് പിടിച്ചൊരു പരുവത്തിലായി.

ഇത് വരെയും ഇത് പോലൊരു തിരിച്ചടി എവിടെ നിന്നും കിട്ടിയിട്ടില്ല.

അതിന്റെയൊരു ക്ഷീണം അവനിൽ നല്ലത് പോലെ പ്രകടമായിരുന്നു.

ഗൗരിയെ വച്ചൊരു പ്ലാൻ ക്രിയേറ്റ് ചെയ്യുമ്പോൾ.. അതിനെ ചുറ്റി പറ്റി നിരവധി പ്ലാൻ മനസ്സിലുണ്ടായിരുന്നത് കൊണ്ട് തന്നെ.. അത്രയും സൂക്ഷിച്ചു കൊണ്ടാണ് ഓരോ നീക്കവും നടത്തിയത്.

രാവിലെ അമ്പലത്തിലേക്കിറങ്ങിയവളെ കാറിലേക്ക് വലിച്ചു കയറ്റബോൾ.. ആ പരിസരത്ത് ആരുമില്ലെന്ന് നേരിട്ട് പോയി ഉറപ്പിച്ചതാണ്.

പത്രക്കാരും പാൽക്കാരുമായി ഒന്നോ രണ്ടോ വണ്ടികൾ മാത്രമാണ് അന്ന് തന്നെ കടന്ന് പോയത്.

എന്നിട്ടുമെങ്ങനെ ഗൗരിയെ പിടിച്ചു കൊണ്ട് പോയത് താനാണെന്ന് ഫാത്തിമ കൃത്യമായി അറിഞ്ഞതെന്ന് അവനെത്ര ആലോചിച്ചു നോക്കിയിട്ടും മനസ്സിലായില്ല.

ക്രിസ്റ്റിയെ മറ്റാരും ചെന്ന് കാണാതിരിക്കാൻ.. പോലീസുക്കാർക്കിടയിലേക്ക് വാരി വിതറി എറിഞ്ഞു കൊടുത്തത് ലക്ഷങ്ങളാണ്.അവരതിന്റെ നന്ദി കാണിക്കുമെന്നുറപ്പാണ്.

ആ ഓർമയിൽ ഷാഹിദ് പല്ല് കടിച്ചു.

ആ പെണ്ണ് അവളുടെ കോളനിയിൽ എത്തുന്നതോടെ.. ക്രിസ്റ്റി ആരോപണത്തിൽ നിന്നും വിമുക്തനാവും.

ഇത്രേം കാശ് തനിക്കു തന്നതിന് അവൻ ഫാത്തിമയോട് ക്ഷമിക്കണമെന്നില്ല..
തീർച്ചയായും തന്നോട് ചോദിക്കാൻ വരിക തന്നെ ചെയ്യും.

അപ്പോഴേക്കും.. വർക്കി ചെറിയാൻ.. റിഷിൻ ചെറിയാൻ എന്നീ രണ്ട് ചൊറിയൻ പുഴുക്കളെ കൊരുത്തിട്ടൊരു ചൂണ്ട കൊളുത്ത് അവനായി റെഡിയാക്കി വെക്കണം.

വർക്കിയും റിഷിനുമായുള്ള അവന്റെ വൈരാഗ്യമാണ് ഇവിടെ മാർക്കറ്റ് ചെയ്യേണ്ടത്..

ഷാഹിദിന്റെ കണ്ണിൽ വീണ്ടും കുടിലത നിറഞ്ഞ ഒരു ചിരി വിരിഞ്ഞു..

“അറിയില്ല നിനക്കെന്നെ.. അറക്കൽ ഷാഹിദിനെ തോൽപ്പിക്കാൻ നിന്നെ കൊണ്ടാവില്ല ക്രിസ്റ്റി ഫിലിപ്പ്..”
പല്ലുകൾ കടിച്ചു പിടിച്ചു കൊണ്ടവൻ പതിയെ പറഞ്ഞു..

❣️❣️

പ്രതീക്ഷിച്ചത് പോലെ കോളനിയിൽ നിന്നുമുള്ള ഫോൺ കോൾ ഫൈസിയുടെ ഫോണിലേക്ക് ചെന്നതും അവൻ വിജയചിരിയോടെ കൂടെ ഉള്ളവരെ നോക്കി.

“ഇവിടെ എത്തിയിട്ടുണ്ട് കേട്ടോ..”
ഫോണിൽ കൂടി ഒഴുകിയെത്തിയ ആശ്വാസത്തിന്റെ സ്വരം.

ഗൗരി അവിടെ എത്തിയ നിമിഷം തന്നെ അറിയിക്കാൻ ഫൈസി അവരോട് ചട്ടം കെട്ടിയിരുന്നു.

“ഒക്കെ.. താങ്ക്യൂ.. ഇനിയുള്ളത് ഞങ്ങൾ നോക്കി കൊള്ളാം. അവളെ ശ്രദ്ധിക്കണം.”അതും പറഞ്ഞിട്ട്
മുഖം നിറഞ്ഞ സന്തോഷത്തോടെ തന്നെ അവൻ ഫോൺ കട്ട് ചെയ്തു.

ശേഷം റഷീദിന്റെ നമ്പറിൽ കോൾ ചെയ്തു.

അയാളോട് കാര്യങ്ങൾ പറയുമ്പോൾ.. അവന്റെ മുഖത്തെ ആശ്വാസം കണ്ട് ആര്യനും മുഹമ്മദും ഷാനവാസും പരസ്പരം നോക്കി.

“റഷീദിക്ക പറഞ്ഞിട്ട് മതി ബാക്കി കാര്യങ്ങൾ എന്നാണ് പറഞ്ഞത് ”
ഫോൺ കട്ട് ചെയ്തു കൊണ്ടവൻ പറഞ്ഞു.

അവരെല്ലാം തലയാട്ടി സമ്മതിച്ചു കൊണ്ട് തിരികെ കസേരയിലേക്ക് തന്നെ ഇരുന്നതും.. ഇരുപ്പുറക്കാതെ അവനാ സ്റ്റേഷൻ മുറ്റത്തേക്കിറങ്ങി.

ഉള്ളിൽ എരിഞ്ഞു കത്തുന്ന തീയിലേക്ക് വെള്ളമൊഴിച്ചു കെടുത്തി കളഞ്ഞത് പോലൊരു ആശ്വാസം അവനെയെന്നാകെ പൊതിയുന്നുണ്ടായിരുന്നുവപ്പോൾ.

അപ്പോഴാണ് ഇതൊന്നും പാത്തുവിനെ അറിയിച്ചില്ലല്ലോ എന്നോർത്തത്.
അവളും നെഞ്ചിടിപ്പോടെ കാത്തിരിപ്പുണ്ടാവും.

അവളെ വിളിച്ചിട്ട് ഗൗരിയെ തിരികെ എത്തിച്ചിട്ടുണ്ട്.. ഏതു നിമിഷവും ഷാഹിദ് നിനക്ക് മുന്നിലേക്ക് ഒപ്പിടാനുള്ള ആവിശ്യവുമായി കടന്നു വരും.. “എന്നറിയിച്ചതോടെ അവൾ വേവലാതിപ്പെട്ടു തുടങ്ങിയിരുന്നു.

“ഒന്ന് കൊണ്ടും ഭയക്കേണ്ട.. ക്രിസ്റ്റിക്ക് പുറത്തിറങ്ങാൻ ഇനി കുറച്ചു സമയം കൂടി മതിയെന്നും.. ഒരു വിളിക്കപ്പുറം താനുണ്ടെന്നും അവളെ ധൈര്യപ്പെടുത്തി കൊണ്ടാണവൻ ഫോൺ കട്ട് ചെയ്തത്.

❣️❣️

പ്രതീക്ഷിച്ചത് പോലെ .. അഞ്ചു മിനിറ്റ് കൊണ്ട് തന്നെ ഉറക്കെ വിളിച്ചു കൊണ്ട് ഷാഹിദ് വാതിൽ മുട്ടുന്നുണ്ടായിരുന്നു.

അവന്റെ വെപ്രാളമറിഞ്ഞിട്ടും.. ഇത്തിരി നേരം അവനെ മുറിക്ക് പുറത്ത് അക്ഷമയോടെ നിർത്തി. ഒടുവിൽ തുറന്നു കൊടുത്തില്ലങ്കിൽ അവനാ വാതിൽ ചവിട്ടി പൊളിക്കുമെന്നുറപ്പിച്ചതിനു ശേഷമാണ് പാത്തു കൊളുത്തു മാറ്റി വാതിൽ തുറന്നു കൊടുത്തത്.

കലി പൂണ്ട അവന്റെ മുഖം നിറയെ അവളെ പച്ചക്ക് കടിച്ചു കീറാനുള്ള ദേഷ്യമുണ്ടെന്ന് ഒറ്റ നോട്ടം കൊണ്ട് തന്നെ പാത്തുവിന് മനസ്സിലായി.
എന്നിട്ടും വളരെ കഷ്ടപ്പെട്ടു കൊണ്ടവൻ സഹിച്ചു ക്ഷമിച്ചു നിൽക്കുന്നത് പണത്തിനോടുള്ള ആർത്തി കൊണ്ട് മാത്രമാണെന്നോർക്കേ.. അവൾക്കുള്ളിൽ പുച്ഛം നിറഞ്ഞു.

“ആ പെണ്ണിനെ അവളുടെ കോളനിയിൽ എത്തിച്ചിട്ടുണ്ട് ”
പാത്തുവിന് വേണ്ടി എന്തോ നല്ല കാര്യം ചെയ്തത് പോലാണ് അവന്റെ പറച്ചിലും ഭാവങ്ങളും.

“എന്താ തെളിവ്.. അങ്ങനെ ചെയ്തു വെന്നതിന്? എനിക്ക് നിങ്ങളെ ഒട്ടും വിശ്വാസമില്ല ”
നെഞ്ചിൽ കൈ കെട്ടി നിന്ന് കൊണ്ടവൾ പറയുമ്പോൾ അവന്റെ കണ്ണുകൾ കുറുകി..

കയ്യിലുള്ള ഫോണിൽ എന്തൊക്കെയോ ഞെക്കി കുത്തി കൊണ്ട് ഒരു വിഡിയോ അവൾക്ക് മുന്നിലേക്ക് നീട്ടി പ്ലെ ചെയ്തു.

ഗൗരിയെ അവളുടെ കോളനിക്ക് മുമ്പിൽ ഇറക്കി വിടുന്നതിന്റെ വിഡിയോ ക്ലിപ്പ്..

തനീ ചോദ്യം ചോദിക്കുമെന്ന് ഇവൻ മുന്നേ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു എന്നവൾക്ക് മനസ്സിലായി.
അപാര ബുദ്ധി തന്നെ..

പാത്തു മനസ്സിലോർത്തു.

“ഇപ്പൊ വിശ്വാസമായോ?”
പുച്ഛത്തോടെയുള്ള അവന്റെ ചോദ്യം.

“മ്മ്..”
അൽപ്പം കനപ്പിച്ചൊരു മൂളൽ മാത്രം ഉത്തരമായൊതുക്കി പാത്തു.

“പത്തു മിനിറ്റ് കൊണ്ട് ഒരുങ്ങി വരണം. രെജിസ്റ്റർ ഓഫീസിൽ പോകാൻ ”

വീണ്ടും അവന്റെ ആക്ഞ്ഞ.

“എനിക്ക് സൗകര്യമില്ല..”

അതേ അവക്ഞ്ഞയോടെ തന്നെ പാത്തു പറഞ്ഞതും അവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി.

“വാക്ക് മാറിയാ കൊന്ന് കളയും ഞാൻ..”

ദേഷ്യം അടക്കി പിടിക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ട് ഷാഹിദ് പാത്തുവിന്റെ അടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് മുരണ്ടു.

“നിങ്ങളോട് ഞാൻ ഒരിക്കൽ പറഞ്ഞതാണ്.. എന്റുപ്പ അറക്കൽ സലാം ആണെന്ന്. എനിക്കൊരു ഉപ്പയും വാക്കുമൊള്ളൂ എന്നും.”
പതിവിലേറെ മൂർച്ചയുള്ള അവളുടെ വാക്കുകളുടെ പൊരുളറിയാതെ ഷാഹിദ് അവളെ തുറിച്ചു നോക്കി.

“ഒപ്പിട്ട് കിട്ടുകയെന്നത് നിങ്ങളുടെ ആവിശ്യമാണ്. അതിനുള്ള സൗകര്യങ്ങൾ നിങ്ങൾ ഇവിടെ ഒരുക്കുക. അതിനായ് ഞാനെങ്ങോട്ടും വരില്ലെന്നാണ് ഞാൻ ഉദ്ദേശിച്ചത് ”
പാത്തു വ്യക്തമാക്കി പറഞ്ഞു കൊടുത്തതോടെ ഷാഹിദ് ആശ്വാസത്തോടെ ശ്വാസമെടുത്തു.

“ശെരി.. ഈ പറഞ്ഞ സമയത്തിനുള്ളിൽ രെജിസ്റ്റർ ഇവിടെത്തും..”

വിജയിയെ പോലെ പറഞ്ഞു കൊണ്ടവൻ അവളെയൊന്ന് നോക്കി കൊണ്ട് തിരിഞ്ഞു നടന്നു.

മുകളിലെ മുറികളിൽ നിന്നും പലരും നോക്കുന്നുണ്ട്.

ഷാഹിദ് അവളുടെ വാതിലിൽ മുട്ടി വിളിച്ചപ്പോൾ ശബ്ദം കേട്ട് വന്നതാണ്..എന്തിനെന്നറിയാതെ പകച്ചു നിൽക്കുന്നവർ.

ഇപ്പോഴും എന്തോ സംഭവിക്കാൻ പോകുന്നുണ്ടെന്നല്ലാതെ.. അതെന്താണെന്ന് അവനോട് ചോദിക്കാൻ അവർക്കുള്ളിൽ ധൈര്യമുണ്ടായിരുന്നില്ല.

അവളോട് ചോദിക്കുന്നതൊരു കുറച്ചിലായ് തോന്നിയത് കൊണ്ട്… അതിനൊട്ട് മുതിർന്നതുമില്ല.

ഷാഹിദ് സ്റ്റെപ്പിറങ്ങി പോകുന്നത് കണ്ടു കൊണ്ടാണ് പാത്തു വാതിൽ അടച്ചു കുട്ടിയിട്ടത്.

അവളുടെ ഹൃദയം പെരുമ്പറ കൊട്ടുന്നത് പോലെ ഉറക്കെ മിടികുന്നുണ്ടായിരുന്നു.

ഇനി വരുന്ന നിമിഷങ്ങൾ.. അത് നിർണായകമാണ്.

ചെറുതായി ഒന്ന് പാളിയാൽ പോലും..

ആ ഓർമയിൽ പോലും അവൾ വിറച്ചു പോകുന്നുണ്ട്.
ഉള്ളിലൂടെ പ്രിയപ്പെട്ടവന്റെ മുഖം മാത്രം തേടി..

അത് മാത്രമാണ് ഇത്തിരി ആശ്വാസം പകരുന്നത്.

❣️❣️

ഫൈസിയുടെ തോളിലെ മുറിവിനെ സ്പർശിക്കാതെ, വളരെ സൂക്ഷിച്ചു കൊണ്ടാണ് ക്രിസ്ടിയവനെ ഗാഡമായി ആശ്ലേഷിച്ചത്.

ലോകം പിടിച്ചടക്കിയവനെ പോലൊരു സന്തോഷം ഫൈസിയുടെ മുഖത്തും ഉദിച്ചു നിന്നിരുന്നു.

ഒറ്റ ദിവസം കൊണ്ട് ക്രിസ്റ്റി വല്ലാതെ ക്ഷീണിച്ചു പോയെന്ന് മാത്രം അവനുള്ളു കൊണ്ട് പരിതപിച്ചു.

“ക്രിസ്റ്റി ഫിലിപ്പ് പിടിച്ചു കൊണ്ട് പോയെന്ന് പറയുന്ന ഗൗരി രാജൻ അവരുടെ കോളനിയിൽ തന്നെയുണ്ടല്ലോ. പിന്നെയെന്തിന് നിങ്ങളവനെ പിടിച്ചു അകത്തിട്ടു “എന്നുള്ള റഷീദിന്റെ ഗൗരവം നിറഞ്ഞ ചോദ്യതിന് മുന്നിൽ ഷാഹിദ് നീട്ടിയ പണത്തിന്റെ പങ്ക് പറ്റിയവരെല്ലാം തല കുനിച്ചു നിന്നു.
ഒടുവിൽ റഷീദ് തന്നെയാണ് ക്രിസ്റ്റിയെ ലോക്കപ്പ് തുറന്ന് പുറത്തേക്കിറക്കി വിട്ടത്.

അവൻ പുറത്തിറങ്ങിയ വിവരം ഷാഹിദിനെ വിളിച്ചറിയിക്കാൻ കഴിയാതെ.. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്കാരെല്ലാം അസ്വസ്ഥരായിരുന്നു.
റഷീദ് അവിടെ നിൽക്കെ അവർക്കൊന്നിനും കഴിയില്ലായിരുന്നു.

“ഇവിടെയുള്ളത് ഞാൻ നോക്കി കൊള്ളാം. നിങ്ങളുടനെ ചെല്ല്. ”
റഷീദ് തോളിൽ തട്ടി കൊണ്ട് പറഞ്ഞതും ക്രിസ്റ്റി ഫൈസിയെയാണ് നോക്കിയത്.

കണ്ണുകൾ കൊണ്ടൊരു സന്ദേശം..

ഒന്ന് തലയാട്ടി കൊണ്ട് അവരെല്ലാം വേഗം തിരിച്ചിറങ്ങി……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button