ഓണാഘോഷത്തിനിടെ കുട്ടികൾ കള്ള് ഷാപ്പിൽ; ഏഴാം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ, ജീവനക്കാർ അറസ്റ്റിൽ
സ്‌കൂളിലെ ഓണാഘോഷത്തിനെത്തിയ കുട്ടികൾക്ക് കള്ള് വിറ്റതിന് രണ്ട് കള്ള് ഷാപ്പ് ജീവനക്കാർ അറസ്റ്റിൽ. ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. കള്ള് കുടിച്ചതിനെ തുടർന്ന് ഏഴാം ക്ലാസുകാരൻ ആശുപത്രിയിലായിരുന്നു
രണ്ട് ദിവസം തീവ്രപരിചാരണ വിഭാഗത്തിലായിരുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ജീവനക്കാർക്ക് പുറമെ ലൈസൻസികളായ നാല് പേർക്കെതിരെയും ചേർത്തല എക്‌സൈസ് റേഞ്ച് ഓഫീസ് കേസെടുത്തു
സെപ്റ്റംബർ 13ന് തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം ഭാഗങ്ങളിലാണ് സംഭവം. പള്ളിച്ചന്ത ഷാപ്പിലെത്തിയ നാല് കുട്ടികൾക്ക് ജീവനക്കാർ കള്ള് കൊടുക്കുകയായിരുന്നു. ക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടിലിരുന്ന് കള്ള് കുടിച്ചതിന് ശേഷം ബാക്കി ബാഗിലാക്കി ഇവർ സ്‌കൂളിലെത്തി.
സ്‌കൂളിലെ ശൗചാലയത്തിൽ വെച്ചും ഇവർ കള്ള് കുടിച്ചു. അവശനിലയിലായ കുട്ടിയെ ആദ്യം തുറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേക്കും മാറ്റേണ്ടി വന്നിരുന്നു
ഷാപ്പ് ജീവനക്കാരായ മനോഹരൻ, മാനേജർ മോഹനൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലൈസൻസികളായ ചന്ദ്രപ്പൻ, രമാദേവി, അശോകൻ, എസ് ശ്രീകുമാർ എന്നിവരെയും പ്രതികളാക്കിയിട്ടുണ്ട്.