ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയായേക്കും; പ്രഖ്യാപനം ഉടൻ
തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി ആയേക്കും. ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. നിലവിൽ യുവജനക്ഷേമ കായികവകുപ്പ് മന്ത്രിയാണ് ഉദയനിധി സ്റ്റാലിൻ. എം കരുണാധിധി മുഖ്യമന്ത്രിയായിരുന്നപ്പോൾ മകൻ എം കെ സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്.
ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി പദത്തിലെത്തിയേക്കുമെന്ന സൂചനകൾ നേരത്തെ തന്നെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നൽകിയിരുന്നു. നിങ്ങൾ മനസിൽ വിചാരിക്കുന്ന കാര്യങ്ങൾ സംഭവിക്കുന്ന സാഹചര്യമുണ്ടാകും എന്നായിരുന്നു എം കെ സ്റ്റാലിന്റെ പരാമർശം.അമേരിക്കയിൽ നിന്നും തിരിച്ചെത്തി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രിസഭ പുനസംഘടന ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഡിഎംകെ പറഞ്ഞ കാര്യങ്ങൾ ചെയ്യും. ചെയ്യുന്ന കാര്യങ്ങൾ മാത്രമേ പറയൂ. നിങ്ങൾ മനസിൽ ആഗ്രഹിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകും എന്നായിരുന്നു മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞത്.നേരത്തെ ഓഗസ്റ്റ് 22ന് മുമ്പ് ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.