Novel

നിലാവിന്റെ തോഴൻ: ഭാഗം 97

രചന: ജിഫ്‌ന നിസാർ

ആര്യനൊപ്പം കാറിൽ കുന്നേൽ ബംഗ്ലാവിന്റെ ഗേറ്റ് കടക്കുമ്പോൾ.. മാത്തച്ഛന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.

രാജ്യം പടവെട്ടി തിരികെ പിടിച്ച രാജാവിന്റെ അഭിമാനമുണ്ടായിരുന്നു… അയാളിൽ.

എല്ലാത്തിനും ഉപരി കാലങ്ങൾക്ക് ശേഷം ആ ഹൃദയം ശാന്തമായിരുന്നു.

ഹൃദയം പിടഞ്ഞു കൊണ്ടിറങ്ങി പോയ അന്നത്തെ അവസ്ഥ അങ്ങോട്ട് കയറിയ ആദ്യം നിമിഷം തന്നെ വിങ്ങലോടെ അയാളിലേക്ക് കയറി വന്നിരുന്നു.

സ്റ്റേഷനിൽ നിന്നും ഇറങ്ങിയ ഉടനെ തന്നെ ഫൈസിയുടെ ഫോണിൽ മാത്തച്ഛനെ വിളിച്ചിട്ട്… “ഞാൻ വണ്ടി പറഞ്ഞു വിടുന്നുണ്ട്.. വനവാസം കഴിഞ്ഞിരിക്കുന്നു. ഇനി രാജാവ് കൊട്ടാരത്തിൽ മതിയെന്നവൻ” പറയുമ്പോൾ സന്തോഷം കൊണ്ടയാൾ കരഞ്ഞു പോയിരുന്നു.

ആര്യനെയാണ് ക്രിസ്റ്റി പറഞ്ഞു വിട്ടത്.

സത്യത്തിൽ നേരിട്ട് പോയി അയാളെ കൂട്ടി കൊണ്ട് വരണമെന്നുണ്ടായിരുന്നു അവന്.
പക്ഷേ ഇപ്പൊ അതിന് പറ്റിയൊരു സന്ദർഭമല്ലെന്ന് തോന്നിയത് കൊണ്ട് ആ ആഗ്രഹത്തേ ഉപേക്ഷിച്ചു കളയുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു.. അവന് മുന്നിൽ.

എതിരെയുള്ളവൻ അത്ര നിസ്സാരക്കാരനല്ല.

വെറുതെ കളയുന്ന ഓരോ നിമിഷങ്ങളും അവന് മുന്നിൽ വലിയ അവസരങ്ങളായി തീരാതിരിക്കാൻ നന്നായി ശ്രദ്ധിച്ചേ മതിയാവൂ..

മാത്തച്ഛന്റെ കണ്ണുകൾ ആർത്തിയോടെ വീടിന് നേരെ ചുറ്റി തിരിയുന്നുണ്ട്.

ത്രേസ്യയും ലില്ലിയും അയാളെയാണ് അവിടെത്തിയത് മുതൽ നോക്കുന്നത്.

കാരണം മകന്റെ മരണശേഷം വിശ്വാസത്തോടെ എല്ലാം ഏല്പിച്ചു കൊടുത്തവൻ സാമ്രാജ്യം മാത്രം കൈക്കലാക്കി വെറും തെരുവ് പട്ടികളെ പോലെ ഇറക്കി വിട്ട അന്ന് മുതൽ അയാളുടെ ഏറ്റവും വലിയൊരു ആഗ്രഹമാണ്.. പൂവണിഞ്ഞിരിക്കുന്നത്.

ആ മനസ്സിലെ സന്തോഷമെത്രയെന്ന് കാണുന്നവർക്ക് ഒരുപക്ഷെ മനസ്സിലാവില്ലായിരിക്കും..

പക്ഷേ മന്ത്രം പോലെ.. എന്റെ ക്രിസ്റ്റി എന്നെ തിരികെ കൊണ്ട് പോകുമെന്ന് പറയുന്ന അയാളെ അടുത്തറിഞ്ഞ ത്രേസ്യയും ലില്ലിയും അകം നിറഞ്ഞു കൊണ്ട് തന്നെ സന്തോഷിക്കുന്നുണ്ടായിരുന്നു… അവിടെക്ക് പുറപ്പെട്ട ആ നിമിഷം മുതൽ.

ആര്യൻ ഡോർ തുറന്നിറങ്ങി ചെന്നിട്ട് മാത്തച്ചനെ കൈ പിടിച്ചിറക്കി.

അവന്റെ കൈ പിടിച്ചു കൊണ്ടയാൾ സ്വന്തം മണ്ണിലേക്ക് കാലെടുത്തു വെച്ചു.

ഹൃദയം നിറഞ്ഞ സന്തോഷം കണ്ണുകളിൽ നീർതുള്ളികളായി നിറഞ്ഞു നിന്നിരുന്നുവപ്പോൾ.

ഡെയ്സിയും മറിയാമ്മച്ചിയും അവരെ സ്വീകരിക്കാൻ നിറഞ്ഞ ചിരിയോടെ സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു.

മീരയും ദിലുവും ചിരിച്ചു കൊണ്ടിറങ്ങി വന്നിട്ട് അയാളുടെ രണ്ട് കയ്യിലും തൂങ്ങി.

“എന്റെ.. എന്റെ കൊച്ചേവിടെ മക്കളെ..?”
ഇടറി കൊണ്ടയാൾ ചോദിച്ചു.

ആ നിമിഷം അവനെയൊന്ന് ചേർത്ത് പിടിക്കുവാൻ അയാളുടെ ഉള്ളം അത്രമാത്രം തുടിക്കുന്നുണ്ടായിരുന്നു.

“ചേട്ടായി എത്തിയിട്ടില്ല വല്യപ്പച്ചാ..”
ദിലു ചിരിയോടെ അയാളെ നോക്കി.

“ഒത്തിരി നേരമായല്ലോ.. ഇനിയും വന്നില്ല്യോ?”
അയാൾ വീണ്ടും ചോദിച്ചു.

“ഇച്ചിരി വൈകുമെന്ന് ഇച്ഛാ വിളിച്ചപ്പോൾ പറഞ്ഞിരുന്നു വല്യപ്പച്ചാ ..”
മീരാ പറഞ്ഞു.

ആഹ്ലാദത്തിന്റെ ഏറ്റവും നിറഞ്ഞ അവസ്ഥയിലായിരുന്നു അവരെല്ലാം.
സ്റ്റേഷനിൽ നിന്നും ഇറങ്ങിയ ക്രിസ്റ്റി അവരെയും വിളിച്ചിരുന്നു. താനുടനെ എത്തുമെന്നും അറിയിച്ചു.

മാത്തച്ഛന്റെ കൈ പിടിച്ചു കൊണ്ട് ദിലുവാണ് ആദ്യം അകത്തേക്ക് കയറിയത്.
അവർക്ക് പിറകെ നിറഞ്ഞ ചിരിയോടെ ത്രേസ്യയും..ലില്ലിയെ പിടിച്ചു കൊണ്ട് മീരയും അകത്തേക്ക് ചെന്നു.
“ഞാനിപ്പോ വരാം കേട്ടോ..”
അവർ അകത്തേക്ക് മറയും മുന്നേ ആര്യൻ വിളിച്ചു പറഞ്ഞു കൊണ്ട് തിരിച്ചിറങ്ങി പോയിരുന്നു.

ലാഗേജ്‌ ഒന്നും എടുക്കണ്ടന്ന് ക്രിസ്റ്റി പറഞ്ഞിരുന്നു.

ആവിശ്യമുള്ളതെല്ലാം.. സാവധാനം പിന്നൊരു ദിവസം പോയിട്ട് എടുക്കാമെന്നവൻ പറഞ്ഞതോടെ എല്ലാവരുടെയും ഓരോ ജോഡി ഡ്രസ്സ്‌ മാത്രം എടുത്തു കൊണ്ടാണ് അവിടെ നിന്നിറങ്ങിയത്..

തെളിഞ്ഞ മനസ്സോടെ…

❣️❣️

കയ്യിലെ വിലങ്ങിലേക്ക് ഷാഹിദ് പകച്ചു നോക്കി.

ചോദ്യവും പറച്ചിലുമൊന്നുമുണ്ടായില്ല.

റഷീദും അയാൾക്ക് പിറകെ നാല് പോലിസ്ക്കാരും കയറി വന്നു.

“യൂ ആർ അണ്ടർ അറസ്റ്റ്.. ഷാഹിദ് അറക്കൽ ”
ഷാഹിദിന് എന്തെങ്കിലും പറയാൻ അവസരം കിട്ടും മുൻപ് റഷീദ് വിലങ്ങുകൾ അണിയിച്ചു കഴിഞ്ഞിരുന്നു.
അറക്കലുള്ളവർ അവനെക്കാൾ പകച്ചു പോയിരുന്നു.
കണ്മുന്നിൽ നടക്കുന്നതിന്റെ ഒരു ഏകദേശധാരണ കിട്ടിയിരുന്നുവെങ്കിലും അതിനെതിരെ എന്ത് ചെയ്യണമെന്നവർക്കും അറിയില്ലായിരുന്നു.

മാത്രമല്ല.. ഇത്രേം ശക്തനായ ഷാഹിദ് പോലും പത്തി മടക്കി നിൽക്കുന്നയിടത്തു ഇനിയെങ്കിലും ചെയ്തിട്ട് കാര്യമുണ്ടെന്ന് അവർക്ക് തോന്നിയതുമില്ല.

“ഞാൻ ചെയ്ത കുറ്റമെന്താണ്?”
ഒരു നിമിഷതെ പകപ്പ് മാറിയതും വെല്ലുവിളി പോലെ ഷാഹിദ് ചോദിച്ചു.

“ഷാഹിദ് അറക്കൽ തട്ടി കൊണ്ട് പോയെന്ന് ഗൗരി രാജൻ എന്നൊരു പെൺകുട്ടി കംപ്ലയിന്റ് തന്നിട്ടുണ്ട് ”

റഷീദ് അവനെ ചുഴിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.

“തെളിവുണ്ടോ..?”
ഇപ്രാവശ്യം ഷാഹിദ് നേർത്തൊരു ചിരിയോടെ ക്രിസ്റ്റിയെ പാളി നോക്കി.

യാതൊരു തെളിവും അവശേഷിപ്പിച്ചിട്ടില്ലയെന്നുള്ള അമിതമായൊരു വിശ്വാസം ക്രിസ്റ്റി അവന്റെ കണ്ണുകളിൽ നിന്നും കണ്ട് പിടിച്ചിരുന്നു.

“കേരളപോലീസിൽ ജോലി ചെയ്യുന്നത് വെറും ഉണ്ണാക്കന്മാരാണെന്ന് കരുതിയോടാ നീ?”
റഷീദ് ചോദ്യവും അടിയും കഴിഞ്ഞിരുന്നു.
ഷാഹിദ് വേച്ചു കൊണ്ട് വീഴാൻ പോയി.

“തെളിവുകളൊക്ക നല്ലത് പോലെ വെളിവായി കിട്ടിയിട്ടുണ്ട്. അതിനുള്ള സത്കാരം സ്റ്റേഷനിൽ ചെന്നിട്ട് തരാമെന്ന് കരുതിയപ്പോൾ നിനക്കിപ്പോ തന്നെ കിട്ടണമെന്ന് വാശി.. അല്ലേടാ?”

റഷീദ് ഷാഹിദിനെ പിടിച്ചൊന്ന് തള്ളി കൊണ്ട് പറഞ്ഞു.

“ഗൗരി രാജനെ കിഡ്നാപ്പ് ചെയ്തതിനുള്ളത് മാത്രമല്ല മോനെ.. അങ്ങ് കൊച്ചിയിൽ ഉള്ള നിന്റെ ഇടപാടിനെ കുറിച്ചും നല്ല വ്യക്തമായുള്ള തെളിവ് കയ്യിൽ ഉണ്ടായിട്ട് തന്നെയാണ് ഈ വരവ്. നീ ഇനി കുറച്ച് വിയർക്കും.”

പരിഹാസത്തോടെ റഷീദ് പറഞ്ഞതും ഷാഹിദ് നടുങ്ങി പോയിരുന്നു.
ഇന്നോളം ആർക്കും അറിയാതെ മെഡിസിൻ ഇമ്പോർട്ടിങ് എന്നതിന്റെ പേരിൽ നടത്തിയ കൊള്ള… അതും ഇരുപത് വയസ്സിനു താഴെയുള്ള പെൺകുട്ടികളെ സോഷ്യൽ മിഡിയയിൽ കൂടി വരുത്തിയിലാക്കി വിളിച്ചു വരുത്തി വേണ്ടവർക്ക് എത്തിച്ചു കൊടുത്തു കൊണ്ട് കൊയ്തെടുത്ത കോടികൾ.. പടർന്നു പന്തലിച്ച ബിസിനസ് സാമ്രാജ്യം.

അറക്കലെ ഷാഹിദ് മിടുക്കനും പണക്കാരനും ആയതിനു പിന്നിലെ കാണാപുറങ്ങൾ..ഇതെല്ലാമാണെന്ന് ഇന്നോളം ലോകം അറിഞ്ഞിട്ടില്ല.

അറിയിച്ചിട്ടില്ല… അത്രമാത്രം സൂക്ഷ്മതയോടെ ചെയ്തിരുന്നത് കണ്ട് പിടിക്കാൻ മാത്രം ബുദ്ധിയുള്ളവൻ ആരാണ്?

തന്റെ ബുദ്ധിയെ വെല്ലാനും മാത്രം മിടുക്കൻ..!

ഷാഹിദിന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.

അധികം വിദൂരത്തല്ല ഇനി തന്റെ പദനമെന്നാരോ ഉള്ളിൽ നിന്നും ഉച്ചത്തിൽ പറഞ്ഞു കൊണ്ടൊർമിപ്പിക്കുന്ന പോലെ.

ഒരുവേള അവന്റെ കണ്ണുകൾ ക്രിസ്റ്റിയിൽ പതിഞ്ഞു.

നെഞ്ചിൽ കൈ കെട്ടി നിൽക്കുന്നവന്റെ ചുണ്ടിലെ ചിരിയിലുണ്ടായിരുന്നു ഷാഹിദ് തേടുന്ന ഉത്തരം.
അന്നാദ്യമായി ഷാഹിദിന്റെ കണ്ണിലേക്കു ഭയം കയറി വന്നു.

കുന്നേൽ ക്രിസ്റ്റി ഫിലിപ്പെന്ന ശത്രുവിനെ താനെത്ര നിസ്സാരമായിട്ടാണ് കണ്ടതെന്ന് അവനപ്പോൾ ഇച്ഛാഭംഗത്തോടെ ഓർത്തു.

ശക്തനാണ്..!

ക്രിസ്റ്റി ഫിലിപ്പ് താൻ കരുതിയതിനേക്കാൾ അനേകായിരം ഇരട്ടി ശക്തനാണ്.
അതിപ്പോൾ മനസ്സിലാകുന്നുണ്ട്.

അവനെതിരെ താൻ ഓലപടക്കം കത്തിച്ചെരിഞ്ഞപ്പോൾ.. തന്റെ അടിത്തറയിളക്കാൻ ശേഷിയുള്ള സ്ഫോടനമാണ് അവൻ തനിക്കായ് ഒരുക്കിവെച്ചിരുന്നത്.

നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ ഷാഹിദ് കൈകൾ ഉയർത്തി തുടച്ചു.

“അപ്പൊ പോയാലോ.. അവിടെ ചെന്നിട്ട് വേണ്ടേ ഷാഹിദ് അറക്കലിന് തെളിവുകൾ കാണാൻ ”

റഷീദ് പരിഹാസത്തോടെ വീണ്ടും ചോദിച്ചു.

“ഞാൻ.. എനിക്കൊരു ഫോൺ കോൾ ചെയ്യണം..”

രക്ഷപെടാൻ തനിക്ക് മുന്നിലുള്ള അടഞ്ഞ വഴികളെ മനസ്സാലെ ഓർത്തു കൊണ്ടാണ് ഷാഹിദ് പറഞ്ഞത്.

“താനിപ്പോ ഒരു കോളും ചെയ്യില്ല.. ഇനി എല്ലാം സ്റ്റേഷനിൽ ചെന്നിട്ട്..”

റഷീദ് അവനെ നോക്കി ചിരിച്ചു.

“ഹാ.. താനിങ്ങനെ പേടിക്കാതെടോ സഹോ.. ദരാ.തെറ്റ് ചെയ്തിട്ടില്ല എങ്കിൽ ഇത്രേം പേടിയുടെ ആവിശ്യമില്ലല്ലോ. അതിന്റെ ഏറ്റവും വലിയൊരു ഉദാഹരണമാണ് ദേ നിനിക്ക് മുന്നിൽ നെഞ്ചും വിരിച്ചു നിൽക്കുന്ന ക്രിസ്റ്റി. അവനൊരു തെറ്റും ചെയ്തിട്ടില്ല. അത് കൊണ്ട് തന്നെയല്ലേ ഏതൊക്കെ നാറികൾ എത്രയൊക്കെ പൂട്ടാൻ നോക്കിയിട്ടും പുല്ലു പോലെ ഇറങ്ങി പോന്നത്. അത് നീയും കാണുന്നില്ലേ?”

ഫൈസി ചിരി കൊണ്ട് ചോദിച്ചതും ഷാഹിദ് അവനെ നോക്കി പല്ല് കടിച്ചു.

“നിന്നെയൊന്നും വെറുതെ വിടില്ല ഞാൻ. ഈ ഷാഹിദ് അറക്കൽ ആരാണെന്ന് അറിയും നീയൊക്കെ. രക്ഷപെട്ടു എന്ന് കരുതണ്ട ”

കുറച്ചു കൂടി ഫൈസിക്ക് അരികിലേക്ക് നീങ്ങി നിന്നിട്ട് ഷാഹിദ് പറഞ്ഞതും ഫൈസി ഉറക്കെ ചിരിച്ചു പോയിരുന്നു.

“ആദ്യം നീ സ്വയം രക്ഷപെട്ടു പോരാനുള്ള വഴി നോക്കെടാ മോനെ അറക്കൽ ഷാഹിദേ..”

ഫൈസി പറഞ്ഞത് കേട്ടതും ഷാഹിദ് ക്രിസ്റ്റിയെ തുറിച്ചു നോക്കി.

“നിന്റെ കെയ്റോഫിൽ എന്നെ റിഷിൻ പൂളിയത് ഞാൻ മറക്കും. പൊറുക്കും.പക്ഷേ ചെയ്യാത്ത തെറ്റിന് നീ ഇവനെ കുറ്റവാളി പട്ടം നൽകി ഒന്നര ദിവസം വേദനിപ്പിച്ചത് ഫൈസൽ മുഹമ്മദ്‌ ക്ഷമിക്കണമെങ്കിൽ അത് ഒന്നൂടെ ജനിച്ചിട്ട് വേണ്ടി വരും…”
ഫൈസി ഷാഹിദിനെ ദേഷ്യത്തോടെ നോക്കി കൊണ്ട് പറഞ്ഞു…

“നീ ഇനി പുറം ലോകം കാണാതിരിക്കാൻ എന്നെ കൊണ്ടാവുന്ന പോലൊക്കെ ഞാൻ ശ്രമിക്കാം സഹോ… ദരാ ”
ഫൈസി ഒരാക്കി ചിരിയോടെ ഈണത്തിൽ പറഞ്ഞു.
ക്രിസ്റ്റി അപ്പോഴും നേർത്തൊരു ചിരിയോടെ അവരെ നോക്കി നിൽപ്പുണ്ട്.

“ഇപ്പൊ നീ ചിരിക്ക്.. അധികമൊന്നും ഈ ചിരി നിന്റെ ചുണ്ടിൽ ഇനി ഉണ്ടാവില്ല ”

പല്ല് കടിച്ചു കൊണ്ട് ഷാഹിദ് പറഞ്ഞു.

“എന്റെ ചിരി നിന്റെ ഔദാര്യമല്ലല്ലോ ഷാഹിദേ ”
അതേ ചിരിയോടെ തന്നെ ക്രിസ്റ്റി പറഞ്ഞു.

“ഇത്.. ഇതൊന്നിന്റെയും അവസാനമല്ലടാ.. ഞാൻ തിരികെ വരും..”
ഷാഹിദ് പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു.

“അത് തന്നെ എനിക്കും പറയാൻ.. ഇത് അവസാനമല്ല. ആരംഭമാണ്. അറക്കൽ ഷാഹിദ് എന്ന ക്രിമിനലിന്റെ അവസാനത്തിന്റെ ആരംഭം..”ക്രിസ്റ്റി അതേ ചിരിയോടെ തന്നെ പറഞ്ഞു.

ഷാഹിദ് അതിന് ഉത്തരമായി എന്തോ പറയാൻ വന്നതും റഷീദ് അവനെ കൈ ഉയർത്തി തടഞ്ഞു.

“മതിയെടാ.. ഇനിയുള്ള വീരവാദമെല്ലാം സ്റ്റേഷനിൽ ചെന്നിട് മതിയെടാ..”റഷീദ് അവനെ പിടിച്ചു തള്ളി.

“നിക്ക് സാറേ.. അവൻ പോകുന്നതിന് മുന്നേ ഒരു മനോഹരകാഴ്ച കൂടി കാണിച്ചു കൊടുക്കാനുണ്ട് ”

ക്രിസ്റ്റി പറഞ്ഞതും ഷാഹിദ് നെറ്റി ചുളിച്ചു.

എല്ലാവരെയും ഒന്ന് നോക്കിയിട്ട് ക്രിസ്റ്റി അലക്സ് ജോണിന്റെ നേരെ ചെന്നു.

“എവിടെയാടോ ഫാത്തിമ സലാം അറക്കലിന്റെ വരൻ ഒപ്പിടേണ്ടത്?”
ക്രിസ്റ്റിയുടെ മുഴങ്ങുന്ന സ്വരം.. ഷാഹിദിന്റെ കാതുക്കളെ പൊള്ളിച്ചു കൊണ്ടാണ് സ്വീകരിച്ചത്.

അലക്സ് ജോൺ കൈ വെച്ചിടത് ഒപ്പിടാൻ കുനിഞ്ഞു കൊണ്ട് ക്രിസ്റ്റി വീണ്ടും.. ഷാഹിദിനെ നോക്കി.

ആ നോട്ടം കണ്ടതും അവൻ തല വെട്ടിച്ചു.
ശേഷം ക്രിസ്റ്റി പാത്തുവിനെ ഒന്ന് നോക്കി കണ്ണടച്ച് കാണിച്ചിട്ട് ഒപ്പിട്ട് കൊണ്ട് നിവർന്നു.

അവന് ശേഷം രണ്ടാം സാക്ഷിയായി ഫൈസി കൂടി ഒപ്പിട്ട് കഴിഞ്ഞതോടെ അലക്സ് ജോൺ രെജിസ്റ്റർ ബുക്ക്‌ അടച്ചു കൊണ്ട് കയ്യിലെടുത്തു.

“എന്നെയും ഇവളെയും തമ്മിൽ പിരിച്ചിട്ട് ഇവളുടെ പേരിലുള്ള കാശും തട്ടി എടുത്തിട്ട് നീ മിടുക്കനാവാൻ നോക്കി..”

പാത്തുവിനെ ചേർത്ത് പിടിച്ചു കൊണ്ട് ക്രിസ്റ്റി ഷാഹിദിനു മുന്നിൽ പോയി നിന്നു.

“പക്ഷേ… അങ്ങനെ നീ മാത്രം മിണ്ടുക്കാനായാൽ പോരല്ലോ ഷാഹിദേ.. നീ പേരിനൊപ്പം വാല് പോലെ കൊണ്ട് നടക്കുന്ന നിന്റെ അറക്കൽ തറവാട്ടിൽ വെച്ച്.. അറക്കലെ ഇത്രേം പ്രജകളുടെ സാന്നിധ്യത്തിൽ.. ഇവളെ ഞാനെന്റെ സ്വന്തമാക്കുന്നതിന്റെ ഒന്നാം സാക്ഷിയായി നിന്നെ നിയമിച്ചു കൊണ്ട്… ഈ ക്രിസ്റ്റി ഫിലിപ്പ് ഫാത്തിമ സലാം അറക്കലിനെ.. എന്റെ ബീവിയായി സ്വീകരിച്ചിരിക്കുന്നു.. എപ്പടി…?”

നിറഞ്ഞ ചിരിയോടെ ക്രിസ്റ്റി ഷാഹിദിനു മുന്നിൽ നിവർന്നു നിന്ന് കൊണ്ട് പറഞ്ഞു..

തുടരും..

ഒരു പത്തു പാർട്ട് മുതൽ ഞാൻ നേരിട്ട ചോദ്യമായിരുന്നു ഷാഹിദും ക്രിസ്റ്റീയും എപ്പോ കാണും എന്നുള്ളത്.

95പാർട്ടോളം ഞാനാ ചോദ്യം നിരന്തരം കേട്ടിട്ടുണ്ട്.

അത് കൊണ്ട് തന്നെആ കൂടി കാഴ്ച എഴുതാൻ എനിക്കിച്ചിരി പേടിയുണ്ടായിരുന്നു..ഷാഹിദിന് വല്ലതും കൊടുക്കുമ്പോൾ അതിച്ചിരി കനത്തിൽ വേണമെന്നുണ്ടായിരുന്നു എനിക്ക്.അതായിരുന്നു ഞാൻ നോക്കി ഇരുന്നത്.. 💪

പോരാത്തതിന് പനിയും തലവേദനയും..അനിയന്റെ കല്യാണതിരക്കും.. ആഹാ.. അന്തസ്സ് 😀

രാത്രി വരെയും വെള്ളം കോരി നിറച്ചിട്ട് പിന്നെ കലം ഉടച്ചത് പോലാവുമോ പടച്ചോനെ എന്ന് പേടിച്ചിരുന്നു… ഞാൻ.

പക്ഷേ ഞാൻ വിചാരിച്ചതിലും ആഴത്തിൽ നിങ്ങളത് ഏറ്റെടുത്തു പ്രിയപ്പെട്ടവരെ 🥰🥰🥰

ഇന്നലത്തെ പാർട്ടിൽ കിട്ടിയ മിക്ക കമന്റും ഹൃദയത്തിനൊപ്പം എന്റെ കണ്ണ് കൂടി നിറച്ചു.

വയ്യാഞ്ഞിട്ടും ഇന്ന് ഈ പാർട്ട് എഴുതാൻ എനിക്കുള്ളിൽ ഊർജ്ജമായതും ഇന്നലത്തെ സപ്പോർട്ട് തന്നെ..

നന്ദി ഇല്ല കേട്ടോ.. ഞാനെന്റെ പ്രിയപ്പെട്ടവരോട് നന്ദിയും സോറിയും പറഞ്ഞിട്ട് ഫോർമാലിറ്റി കാണിക്കാറില്ല……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button