ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 42
[ad_1]
രചന: റിൻസി പ്രിൻസ്
ബാഗ് മുകളിലേക്ക് വച്ച് സീറ്റിൽ ഇരുന്ന് കഴിഞ്ഞപ്പോഴാണ് ഇപ്പുറം തിരിക്കുന്ന ആളെ ഒന്ന് നോക്കാൻ മനസ്സ് പറഞ്ഞത്, എന്തോ ഒരു പ്രത്യേകത തോന്നിയത് കൊണ്ടാണ് ഇപ്പുറത്തിരുന്ന ആളെ നോക്കിയത്. ആ നിമിഷം തന്നെ സ്തംഭിച്ചു പോയിരുന്നു. ശരീരം തണുത്ത് പോകുന്നതു പോലെയും വിറയൽ കയറുന്നത് പോലെയും ഒക്കെ തോന്നി.
സാം…!
കണ്ണുകൾ തുറന്നും അടച്ചും വീണ്ടും വീണ്ടും അരികിലുള്ള ആൾ അതു തന്നെയാണോ എന്ന് ഉറപ്പിച്ചു. ആൾ തന്നെ കണ്ടിട്ടില്ല എന്ന് വ്യക്തമായി, കണ്ണുകൾ പുറത്തേക്ക് പതിപ്പിച്ച് ഇരിക്കുകയാണ്. ബസ്സിലൂടെ ഒന്നുകൂടി കണ്ണോടിച്ചു എവിടെയും ഒരു സീറ്റും ബാക്കിയില്ല, അതുകൊണ്ട് അവിടെ ഇരിക്കുകയെ നിർവാഹമുള്ളു… മടിച്ചുമടിച്ച് ആണെങ്കിലും ആൾക്കരികിൽ തന്നെ ഇരുപ്പുറപ്പിച്ചു…
അരികിലൊരു സ്പർശനം അറിഞ്ഞതു കൊണ്ടായിരിക്കാം ആൾ പെട്ടെന്ന് തിരിഞ്ഞു നോക്കി..! തന്നെ കണ്ട അമ്പരപ്പ് ആളുടെ മുഖത്തും നിറഞ്ഞിട്ടുണ്ട്.
“ഹായ്….
ആള് തന്നെയാണ് ആദ്യം തന്റെ മുഖത്തേക്ക് നോക്കി പറഞ്ഞത്.
എന്താണ് കാര്യം എന്ന് അറിയാനായി ആളുടെ മുഖത്തേക്ക് നോക്കിയിരുന്നു, അപ്പോൾ അവിടെ ഒരു പുഞ്ചിരി ഇടം പിടിച്ചിട്ടുണ്ട്…
“എവിടേക്കാ..?
എന്റെ മുഖത്തേക്ക് നോക്കി ആൾ ചോദിച്ചു,
“ബാംഗ്ലൂർ..! എങ്ങോട്ടാ..?
ആളുടെ യാത്രയുടെ ലക്ഷ്യം അറിയാനുള്ള ഒരു താൽപ്പര്യം ഉള്ളിൽ നിറഞ്ഞു നിന്നത് കൊണ്ട് തന്നെ തിരികെ ചോദിച്ചു…
” ഞാനും അവിടെക്കെ തന്നെയാ. ഞാൻ മറന്നു താൻ എവിടെയാണല്ലോ ജോലി ചെയ്യുന്നത് അല്ലേ…?
അതെന്ന് തല ചലിപ്പിച്ചു.
“താൻ ഇപ്പോൾ എത്ര നാളായി അവിടെ…?
ആള് നിർത്താനുള്ള ഭാവമില്ല
” മൂന്നുവർഷം കഴിയാറായി.
“ആഹാ…! അപ്പോൾ അവിടൊക്കെ നന്നായി അറിയായിരിക്കും അല്ലേ.
” കുഴപ്പില്ലാതെ അറിയാം. എനിക്ക് ഈ കന്നഡ ഭാഷ ഒന്നും നല്ല വശമില്ല.
“അത് പഠിച്ചോളും ആദ്യം ചെന്നപ്പോൾ എനിക്ക് ഒന്നും അറിയില്ലായിരുന്നു.. ഇപ്പോൾ നന്നായിട്ട് സംസാരിക്കും. ജോലിക്കായിട്ട് പോവാണോ..?
ഒരു കൗതുകത്തിന്റെ പുറത്ത് ആളോട് തിരക്കി.
“അതെ ജോലിയായി.
ഉള്ളിന്റെ ഉള്ളിൽ ഒരു സന്തോഷമുണയിരുന്നു, ഇനി തൊട്ടരികിൽ ആളുണ്ടല്ലോ, ഇത്രയും നാൾ ആ നഗരത്തിൽ താമസിച്ചപ്പോൾ ഒക്കെ ഒറ്റപ്പെട്ടതുപോലെയാണ് തോന്നിയിട്ടുള്ളത്.. എന്നാൽ ആൾക്കവിടെ ജോലി കിട്ടി എന്ന് അറിഞ്ഞപ്പോൾ ആ ചിന്തയ്ക്ക് ഒരു മാറ്റം വന്നു. തനിക്ക് പ്രിയപ്പെട്ട ഒരാൾ അരികിൽ ഉള്ളതുപോലെ…! ഏറ്റവും പ്രിയപ്പെട്ട ഒരാൾ അരികിൽ ഉള്ളപ്പോൾ തോന്നുന്ന സുരക്ഷിത ബോധം അവളെ പൊതിഞ്ഞു…
കിള്ളി കിള്ളി കിഴിച്ച് ചോദിക്കുന്നത് ശരിയല്ലല്ലോ എന്ന് വിചാരിച്ച് അവൾ എവിടെയാണ് ജോലി കിട്ടിയത് എന്നോ താമസമെന്നോ ഒന്നും ചോദിച്ചില്ല. ഇടയ്ക്കിടെ അവന്റെ ഭാഗത്തേക്ക് അവൾ നോക്കിയപ്പോൾ അവൾക്ക് തന്നോട് എന്തു പറയാനുണ്ടെന്ന് തോന്നിയത് കൊണ്ടാവും അവൻ അവളുടെ മുഖത്തേക്ക് നോക്കി പുരികം ഉയർത്തി.
” എന്താ…?
“ബുദ്ധിമുട്ടില്ലെങ്കിൽ ഞാൻ അവിടെ ഇരുന്നോട്ടെ എനിക്ക് വോമിറ്റിംഗ് ടെൻഡൻസി ഉണ്ട്
മടിച്ചു മടിച്ചു ആണെങ്കിലും അവൾ പറഞ്ഞു.
” യാ sure ഇരുന്നോളൂ ,
അവൻ സമ്മതം അറിയിച്ചപ്പോൾ തന്നെ അവൾ എഴുന്നേറ്റിരുന്നു, ആ നിമിഷം തന്നെ അവൻ എഴുന്നേറ്റ് കൊടുത്തു.. അവൾ വിൻഡോ സീറ്റിന് അരികിലേക്ക് കയറിയിരുന്നു,
തൊട്ടരികലായി അവനും ഇരുപ്പുറപ്പിച്ചിരുന്നു… രണ്ടുപേരുടെയും തോളുകൾ പരസ്പരം ഉരയുന്നുണ്ട്, ഒരിക്കൽ എന്നോ സ്വപ്നത്തിൽ കൊതിച്ചതാണ് ഈ യാത്ര. പക്ഷേ വിധി രണ്ട് അപരിചിതരെ പോലെ യാത്ര ചെയ്യാനാണ് നിശ്ചയിച്ചത്.
രണ്ടുപേരും കുറച്ച് സമയം ഒന്നും സംസാരിച്ചില്ല, വണ്ടി ചലിച്ചു തുടങ്ങിയപ്പോഴേക്കും അവൻ മൊബൈലിൽ ഏതോ ഒരു സിനിമ കാണുന്നുണ്ടായിരുന്നു. കുറച്ച് അധികം നേരം ആള് മൊബൈലിൽ തന്നെയായിരുന്നു, അവൾ അവളുടെ സ്വകാര്യ ഓർമ്മകളുടെ കൂടാരത്തിലും.
സ്കൂളിലൊക്കെ പഠിക്കുന്ന സമയത്ത് ഒരുപാട് വട്ടം ആഗ്രഹിച്ചിട്ടുണ്ട് ഇങ്ങനെ അവിചാരിതമായി ബസ്സിൽ വച്ചോ മറ്റോ ആളെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന്, അപ്പോൾ തന്നെ മനസ്സ് തുറന്ന് ആളോടൊക്കെ സംസാരിക്കാം എന്ന് കരുതിയിട്ടുണ്ട്, ഇന്ന് അതിനുള്ള സാഹചര്യം വിധി ഒരുക്കി എന്നാൽ രണ്ടുപേരും ഒരുപാട് അകലങ്ങളിൽ ആണ്.. അരികിൽ ആണെങ്കിലും അകലെ നിൽക്കുന്ന മനസ്സുകൾ. കുറച്ചു കഴിഞ്ഞ് ആള് ഫോൺ ഓഫ് ആക്കി ഹെഡ്സെറ്റും തന്റെ ഷോൾഡർ ബാഗിലേക്ക് വച്ചു, അതിനുശേഷം പുറത്തേക്കുള്ള കാഴ്ചകളിലേക്ക് മിഴി നട്ടു.
” പൊതുവേ ബസിനാണോ പോകാറുള്ളത്.?
തന്നോടാണ് ചോദ്യം എന്ന് മനസ്സിലാക്കിയതും ഒരു സ്വപ്നത്തിൽ നിന്ന് ഉണർന്നത് പോലെ അവന്റെ മുഖത്തേക്ക് നോക്കി, അത്രയും അരികിൽ ആ മുഖം ആദ്യമായി കാണുകയാണ്. അല്ലെങ്കിലും ആളോട് സംസാരിക്കുമ്പോൾ ഒന്നും ആ മുഖത്തേക്ക് നോക്കിയിട്ടുണ്ടായിരുന്നില്ലല്ലോ, അതിനുള്ള ധൈര്യം ഇതുവരെയും വന്നിരുന്നില്ല എന്നതാണ് സത്യം.
“എ… എന്താ ചോദിച്ചേ…?
ഒരിക്കൽ കൂടി ചോദിച്ചപ്പോൾ തന്റെ കണ്ണുകളിൽ അവന്റെയും മിഴിയുടക്കി, കുറച്ചുസമയം ആളും മൗനത്തിലായി..! തന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി.
” അല്ല എന്നും ബസ്സിനാണോ പോകുന്നതെന്ന്,
“അല്ല മിക്കപ്പോഴും ട്രെയിന് ആണ് പോകുന്നത്, അല്ലെങ്കിൽ ഫ്ലൈറ്റിന്, ഇന്നിപ്പോൾ രണ്ടും അവൈലബിൾ ആയിരുന്നില്ല.. എനിക്ക് ലീവും കുറവായിരുന്നു..
അവൾ പറഞ്ഞു..
” ഞാൻ ട്രെയിനിന് പോകാമെന്ന് കരുതിയത്, പിന്നെ പരിചയമില്ലാത്ത സ്ഥലല്ലേ, നമ്മള് ഏത് സ്റ്റോപ്പിൽ ഇറങ്ങുന്നത് എന്ന് ഒന്നും അറിയില്ലെങ്കിൽ പിന്നെ പെട്ടുപോയതല്ലേ, റിസ്ക് എടുക്കണ്ട എന്ന് കരുതി.. അതുകൊണ്ട് ബസ്സിൽ ആക്കിയത് യാത്ര, പിന്നെ കുറച്ചു മലയാളികൾ എങ്കിലും കാണുമല്ലോ എന്നുള്ള ഒരു വിശ്വാസം ഉണ്ടായിരുന്നു. ഏതായാലും നമ്മുടെ നാട്ടുകാരിയെ തന്നെ കിട്ടിയല്ലോ, അത് ഭാഗ്യം…!
ചിരിയോടെ ആള് പറഞ്ഞപ്പോൾ ഉള്ളിൽ എവിടെയോ ഒരു വേദന ഉടലെടുക്കുന്നത് അവൾ അറിഞ്ഞു.. ” നാട്ടുകാരി” അത്രയേ ഉള്ളൂ തനിക്കുള്ള സ്ഥാനം. അതിനപ്പുറം മറ്റൊരു സ്ഥാനവും അവന്റെ ഉള്ളിൽ തനിക്കില്ലെന്ന് ആ വാക്കുകളിലൂടെ അവൾക്ക് മനസ്സിലായി, താൻ എന്തൊരു വിഡ്ഢിയാണ് ഇക്കാലം അത്രയും അവനെ മാത്രം മനസ്സിൽ വിചാരിച്ച് ഇപ്പോഴും ഏതോ വിഡ്ഢി പ്രതീക്ഷയുടെ പുറത്ത് ജീവിക്കുന്നു.. അവനു ഒരു നാട്ടുകാരി എന്നതിനപ്പുറം തനിക്ക് യാതൊരു വിലയും നൽകുന്നില്ല.
“സംസാരിച്ചാൽ ഛർദ്ദിക്കാൻ വരുമോ…?
തന്റെ സംസാരം അവൾക്കൊരു ബുദ്ധിമുട്ടാകുന്നുണ്ടോ എന്ന സംശയത്തിൽ അവൻ ചോദിച്ചു…? അവൾ ഇല്ല എന്ന് ചുമൽ കൂച്ചി.
“താനധികം സംസാരിക്കാത്ത ടൈപ്പ് ആണോ…? അതോ എന്നോട് പണ്ടത്തെ പിണക്കമാണോ…?
പെട്ടെന്ന് അവനിൽ നിന്നും അങ്ങനെയൊരു ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നില്ല… ഞെട്ടലോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി ,
“എന്നത്തെ പിണക്കം…?
അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു… ഒരു നിമിഷം അത് ചോദിക്കേണ്ടിയിരുന്നില്ല എന്ന ഭാവമാണ് അവനിൽ അവൾ കണ്ടത്. അത് കാണെ അവൾക്ക് ചിരി വന്നിരുന്നു എങ്കിലും ഗൗരവത്തോടെ തന്നെ അവൾ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…
” ഇല്ല…ഒന്നുമില്ല
അവൻ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് വീണ്ടും കുസൃതി തോന്നി,
” പിണക്കമാണോ എന്ന് ചോദിച്ചു…
” അല്ല, ഞാൻ വെറുതെ ചോദിച്ചതാ…
അവൻ വക്കി തപ്പി…
“ഞാൻ പൊതുവേ അധികം സംസാരിക്കുന്ന കൂട്ടത്തിൽ അല്ല,
അവന്റെ ചമ്മിയ മുഖം കാണെ അവൾ പറഞ്ഞു.
“പക്ഷേ നല്ല ക്ലോസ് സർക്കിളിൽ നന്നായിട്ട് സംസാരിക്കും
അവനൊന്ന് ചിരിച്ചു മാത്രം കാണിച്ചു…! രണ്ടുപേരും കുറച്ച് സമയത്തേക്ക് ഒന്നും സംസാരിച്ചില്ല, ഇടയ്ക്ക് രണ്ടുപേരുടെയും നോട്ടങ്ങൾ പരസ്പരം കൂട്ടിമുട്ടി.
🎶അറിയാതെ ഇഷ്ടമായി
അന്നുമുതലൊരു സ്നേഹ ചിത്രമായി
മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
എന്റെ എല്ലാമായി..🎶
സ്റ്റീരിയോയിലെ ഗാനം കേൾക്കെ അറിയാതെ അവളുടെ മിഴികൾ അവനിലേക്ക് നീണ്ടിരുന്നു… അവൻ മറ്റെന്തോ ചിന്തയിൽ ആണെന്ന് തോന്നി, അടുത്ത വരികൾ പ്ലേ ആയതും അവനും അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചുനോക്കി…
🎶അതിലേറെ ഇഷ്ടമായി..
എന്തു പറയണമെന്ന ചിന്തയായി
പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ
എന്റെ മാത്രം നീ🎶
ഒരു നിമിഷം രണ്ടുപേർക്കും ഒരേപോലെ ചമ്മൽ തോന്നിയിരുന്നു… ഇരുദിക്കുകളിൽ ആക്കി രണ്ടുപേരും നോട്ടം മാറ്റി, പിന്നീട് കുറച്ചുനേരത്തേക്ക് രണ്ടുപേരും പരസ്പരം നോക്കിയിരുന്നില്ല.. ഇടയ്ക്കിടെ രണ്ടുപേരുടെയും തോളുകൾ തമ്മിൽ കൂട്ടിമുട്ടുന്നുണ്ട്, അപ്പോഴും പരസ്പരം നോക്കാൻ രണ്ടുപേരും തയ്യാറായില്ല. എന്തൊക്കെയോ ചോദിക്കാനുണ്ട്, പറയാനുണ്ട് പക്ഷേ വാക്കുകൾ ലഭിക്കുന്നില്ല..
രാത്രിയിൽ ഭക്ഷണം കഴിക്കുവാൻ വേണ്ടി വണ്ടി നിർത്തിയപ്പോഴാണ് പിന്നീട് പരസ്പരം നോക്കുന്നത്. പുറത്തേക്കിറങ്ങാതിരിക്കുന്നവളെ അവൻ വീണ്ടും സംശയത്തോടെ നോക്കി… എന്നാൽ അവളോട് ചോദിക്കാൻ മാത്രമുള്ള ധൈര്യം ഉണ്ടായില്ല, വണ്ടിയിലുള്ള എല്ലാവരും ഇറങ്ങിയിട്ടും അവൾ ഇറങ്ങാതിരിക്കുന്നത് കണ്ട് രണ്ടും കൽപ്പിച്ച് അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…
” ഭക്ഷണം കഴിക്കുന്നില്ലേ…?
” വേണ്ട വിശപ്പില്ല
” ഇനി ഒരുപാട് ദൂരെ യാത്ര ചെയ്യാനുള്ളതല്ലേ ഒരു ചായ എങ്കിലും കുടിക്ക്…
അവൻ വീണ്ടും നിർബന്ധിച്ചു, അവൾക്ക് അത്ഭുതം തോന്നിയിരുന്നു.
” എനിക്ക് വേണ്ട അതുകൊണ്ട് .
” ഒക്കെ..
അതും പറഞ്ഞ് അവൻ ഭക്ഷണം കഴിക്കാനായി പോയിരുന്നു. ആ ബസ്സിൽ അവൾ മാത്രം അവശേഷിച്ചു, ഇനിയും കുറച്ച് അധികം യാത്ര ഉണ്ട് എന്ന് ഓർത്തപ്പോൾ ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നി… അങ്ങനെ അവൾ ബാഗും എടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി അവൻ അപ്പോൾ തട്ടുകടയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്. ദോശയും ചമ്മന്തിയും ആണ് അവൾ വാങ്ങിയത്, ഏതൊക്കെയോ സ്വപ്നങ്ങളിൽ എപ്പോഴൊക്കെയോ ആഗ്രഹിച്ചിട്ടുള്ള നിമിഷങ്ങളാണ് ഇത്. ഉള്ളിൽ ഒരു സന്തോഷം അവളിലും നിറഞ്ഞു നിന്നു……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]