Kerala

തൃശ്ശൂർ പൂരം വിവാദം; വേണ്ടത് ജുഡിഷ്യൽ അന്വേഷണം, മുഖ്യമന്ത്രിയുടെ ഒളിച്ചുകളി അവസാനിപ്പിക്കണം; കെ മുരളീധരൻ

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന നിലപാട് തള്ളി കെ മുരളീധരൻ. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണമാണ് വേണ്ടത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. പൂരം അലങ്കോലപ്പെടുത്തിയത് ബി.ജെ.പിയെ ജയിപ്പിക്കാനാണെന്നും കെ മുരളീധരൻ പറഞ്ഞു.

തൃശ്ശൂർ പൂരം കലക്കിയതുകൊണ്ട് നേട്ടമുണ്ടാക്കിയത് കേന്ദ്രമാണെന്ന് കെ മുരളീധരൻ പറഞ്ഞു. ജുഡിഷ്യൽ അന്വേഷണം നടന്നാൽ മാത്രമേ സത്യം പുറത്തുവരൂ എന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ടിട്ട് നാളുകൾ ആയിട്ടും ഇതുവരെയും ഒരു മറുപടിയും ഉണ്ടായിട്ടില്ല. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പറയുന്നത് അവരോട് അന്വേഷണത്തിൻ്റെ ഭാഗമായി ചില ചോദ്യങ്ങൾ ചോദിച്ചു എന്നാണ്. ഇപ്പോൾ അന്വേഷണമേ നടക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ അവർ പോലും ഞെട്ടിയെന്നും കെ മുരളീധരൻ പറഞ്ഞു.

അന്വേഷണമെന്ന ഡി.ജി.പിയുടെ നീക്കം എ.ഡി.ജി.പി തകർത്തു എന്ന് കെ. മുരളീധരൻ ആരോപിച്ചു. അതേസമയം തൃശൂർ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട വിവരാവകാശ പ്രകാരമുള്ള മറുപടി നൽകിയ സംഭവത്തിൽ പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസർക്കെതിരെ നടപടിയെടുത്തു. അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശം നൽകിയത്. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെ സസ്പെൻഡ് ചെയ്തു.

തൃശ്ശൂർ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നൽകി സർക്കാരിനും പൊലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കി എന്ന് കണ്ടതിനെ തുടർന്നാണ് നടപടിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Related Articles

Back to top button