അന്നയുടെ മരണം വിവാദമായതോടെ ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി ഇടപെടുന്നു
പുനെ: ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ ഇടപെടലുമായി ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി. അന്നയുടെ കുടുംബത്തെ നേരില്‍ കാണുമെന്ന് വ്യക്തമാക്കിയ ചെയര്‍മാന്‍ രാജീവ് മെമാനി അന്നയുടെ കുടുംബം ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്നും അറിയിച്ചു.
ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി അധികൃതര്‍ക്ക് അന്നയുടെ മാതാവ് അയച്ച കത്ത് പുറത്തു വന്നതിന് പിന്നാലെ കമ്പനിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനുരഞ്ജന ശ്രമമെന്ന നിലയില്‍ അന്നയുടെ കുടുംബത്തെ നേരില്‍ കാണാന്‍ ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി ചെയര്‍മാന്‍ രാജീവ് മെമാനി നേരിട്ടെത്തുന്നത്. അന്നയുടെ കുടുംബത്തോട് ഫോണില്‍ സംസാരിച്ച ചെയര്‍മാന്‍ കുടുംബം ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് ഉറപ്പ് നല്‍കി. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ വേണമെന്നും ഇനിയൊരാള്‍ക്കും ഈ അവസ്ഥ വരരുതെന്ന് അന്നയുടെ പിതാവ് പറഞ്ഞു.
ഇതിനിടെ മന്ത്രി പി രാജീവും , പ്രതിപക്ഷ നേതാവ് വി ഡി സതീശനും അന്നയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് മന്ത്രി പി രാജീവും , പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടിച്ചേര്‍ത്തു. അതേസമയം വിഷയത്തില്‍ ഇടപെടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.