ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയിൽ നാലംഗ സംഘം കസ്റ്റഡിയിൽ; ഗോവക്ക് പോയതെന്ന് യുവാവ്

തിരുവനന്തപുരം പൂന്തുറയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ നാല് പ്രതികൾ പിടിയിൽ. വെമ്പായം സ്വദേശികളായ ഷംനാദ്, നജിംഷാ, ബിജു പ്രസാദ്, കെ അജിത് കുമാർ എന്നിവരെയാണ് പയ്യന്നൂർ പോലീസ് പിടികൂടിയത്. തട്ടിക്കൊണ്ടുപോയെന്ന് പറയപ്പെടുന്ന നെടുമങ്ങാട് സ്വദേശി ആർ എസ് രഞ്ജിത്തും പ്രതികൾക്കൊപ്പമുണ്ട്
രഞ്ജിത്തിന്റെ ഭാര്യ നൽകിയ പരാതിയിലാണ് പൂന്തുറ പോലീസ് കേസെടുത്തത്. നാലംഗ സംഘം പിടിയിലായെന്ന് അറിഞ്ഞ് പൂന്തുറയിൽ നിന്നുള്ള പോലീസ് സംഘം പയ്യന്നൂരിലേക്ക് തിരിച്ചിട്ടുണ്ട്. നാലംഗ സംഘം കാസർകോട് ഭാഗത്തേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കിയ പൂന്തുറ പോലീസ് വിവരം കണ്ണൂർ, കാസർകോട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ അറിയിക്കുകയായിരുന്നു
സംഘം സഞ്ചരിച്ചിരുന്ന കാർ വ്യാഴാഴ്ച രാത്രി പയ്യന്നൂർ ബസ് സ്റ്റാൻഡിന് സമീപത്ത് എത്തിയപ്പോൾ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സംഘത്തിനൊപ്പം ഗോവയിലേക്ക് പോകുകയാണെന്നുമാണ് രഞ്ജിത്ത് പോലീസിനോട് പറഞ്ഞത്. അതേസമയം സാമ്പത്തിക ഇടപാടിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോകലെന്നും സൂചനയുണ്ട്.