Sports

സൂപ്പർ ക്ലൈമാക്‌സിനൊടുവിൽ വമ്പൻ ട്വിസ്റ്റും; 2 റൺ ലീഡുമായി കേരളം രഞ്ജി ചരിത്ര ഫൈനലിലേക്ക്

രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ രണ്ട് റൺ ലീഡ് സ്വന്തമാക്കിയതോടെ ഫൈനൽ ബെർത്ത് ഉറപ്പിച്ച് കേരളം. ഒന്നാമിന്നിംഗ്‌സിൽ നേടിയ നിർണായകമായ രണ്ട് റൺസ് ലീഡാണ് കേരളത്തിന് ഫൈനൽ പ്രവേശനം ഉറപ്പാക്കിയത്. കേരളം ഒന്നാമിന്നിംഗ്‌സിൽ 457 റൺസാണ് എടുത്തത്. ഗുജറാത്ത് 455 റൺസിന് ഓൾ ഔട്ടായി

ക്ലൈമാക്‌സും സൂപ്പർ ക്ലൈമാക്‌സും ട്വിസ്റ്റുകളുമൊക്കെ നിറഞ്ഞ ഒരു മത്സരം. അവസാന ദിനമായതിനാൽ ഇനി ഫലനിർണയത്തിനുള്ള സാധ്യത തീർത്തും വിരളമായതിനാൽ ലീഡ് നേടിയ കേരളം ഫൈനലിൽ പ്രവേശിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. മറിച്ച് സംഭവിക്കണമെങ്കിൽ രണ്ടാമിന്നിംഗ്‌സിൽ കേരളത്തെ അതിവേഗം പുറത്താക്കി ഗുജറാത്ത് വിജയലക്ഷ്യം കടക്കേണ്ടതായി വരും.

7ന് 429 റൺസ് എന്ന നിലയിലാണ് ഗുജറാത്ത് അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. 3 വിക്കറ്റ് ശേഷിക്കെ അവർക്ക് ലീഡ് മറികടക്കാനായി വേണ്ടത് വെറും 29 റൺസ്. 74 റൺസെടുത്ത ജയമീത് പട്ടേലും 24 റൺസെടുത്ത സിദ്ധാർധ് ദേശായിയും ക്രീസിൽ. കേരളം ഏറെക്കുറെ മത്സരം കൈവിട്ട് പോയെന്ന് കരുതിയ നിമിഷങ്ങൾ.

്‌സ്‌കോർ 436ൽ 79 റൺസെടുത്ത ജയമീത് പട്ടേൽ വീണതോടെ കേരളത്തിന്റെ പ്രതീക്ഷകൾക്ക് വീണ്ടും ചിറക് മുളച്ചു. ആദിത്യ സർവതെയാണ് പട്ടേലിനെ പുറത്താക്കിയത്. സ്‌കോർ 446ൽ 30 റൺസെടുത്ത സിദ്ധാർഥ് ദേശായിയും വീണു. ഇനി ഗുജറാത്തിന് ലീഡ് കടക്കാൻ വേണ്ടത് 12 റൺസ് മാത്രം

അവസാന വിക്കറ്റിൽ അർസാൻ നാഗസ് വാലയും പ്രിയജിത് സിംഗ് ജഡേജയും ചേർന്ന് പത്തോളം ഓവർ പ്രതിരോധിച്ചതോടെ കേരളം വീണ്ടും സമ്മർദത്തിലായി. എന്നാൽ 175ാം ഓവറിൽ അതി നാടകീയമായി ഗുജറാത്തിന്റെ പത്താം വിക്കറ്റും വീണു. ആദിത്യ സർവതയെ ബൗണ്ടറി കടത്താനുള്ള നാഗസ് വാലയുടെ ശ്രമം പിഴച്ചു. പന്ത് നേരെ സ്‌ക്വയർ ലെഗിൽ ഫീൽഡ് ചെയ്തിരുന്ന സൽമാൻ നിസാറിന്റെ ഹെൽമറ്റിലേക്കാണ് പതിച്ചത്. ഇവിടെ നിന്നുയർന്ന പന്ത് സ്ലിപ്പിൽ നിന്ന സച്ചിൻ ബേബിയുടെ കൈകളിലേക്കും

ആശയക്കുഴപ്പത്തിനൊടുവിൽ അമ്പയർ ഔട്ട് വിളിച്ചതോടെ ഗുജറാത്ത് കേരളത്തിന്റെ സ്‌കോറിൽ നിന്ന് രണ്ട് റൺസ് അകലെ വീണു. ഇതോടെ കേരളത്തിന് ചരിത്രത്തിലാദ്യമായി രഞ്ജി ഫൈനലിലേക്കുള്ള ടിക്കറ്റും ഉറപ്പായി

Related Articles

Back to top button
error: Content is protected !!