Kerala

ഡബ്ല്യു സി സിയിലെ ഒരംഗത്തിന് സ്വാർഥ താത്പര്യം; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിർണായക പരാമർശം

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിക്കെതിരെ പരാമർശം. ഡബ്ല്യുസിസി സ്ഥാപക അംഗത്തിന് സ്വാർഥ താത്പര്യമെന്നാണ് റിപ്പോർട്ടിലുള്ളത്. സിനിമയിൽ സ്ത്രീകൾക്ക് പ്രശ്നമില്ലെന്ന് പ്രചരിപ്പിച്ചു. ഈ അംഗത്തിന് മാത്രം സ്ഥിരമായി സിനിമയിൽ അവസരം ലഭിച്ചു. സിനിമയിലെ പുരുഷന്മാർക്കെതിരെ അവർ സംസാരിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

സിനിമാ മേഖലയിൽ യാതൊരുവിധത്തിലുമുള്ള ലൈംഗിക ചൂഷണം നടക്കുന്നതായി കേട്ടുകേൾവി പോലുമില്ലെന്ന് ഈ ഡബ്ല്യുസിസി അംഗം പറഞ്ഞതായി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇത് സത്യത്തിന് നേർവിപരീതമാണ്. സിനിമാ മേഖലയ്ക്കെതിരെയോ സിനിമയിലെ പുരുഷന്മാർക്കെതിരെയോ ഇവർ സംസാരിക്കാതിരിക്കുന്നതിന് പിന്നിൽ ആ വ്യക്തി ലക്ഷ്യം വയ്ക്കുന്ന ചില സ്വാർത്ഥ താത്പര്യമുണ്ടെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരോപിക്കുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾക്കായി വിളിക്കുന്ന പെൺകുട്ടികൾക്കായി വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടെന്നും ഇരയാക്കപ്പെട്ടവരുടെ മൊഴികളിൽ പലതും ഞെട്ടിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Articles

Back to top button