Kerala
എറണാകുളത്ത് സർവീസ് ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരൻ മരിച്ചു

എറണാകുളത്ത് സർവീസ് ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരൻ മരിച്ചു. കൊല്ലം പടപ്പക്കര ചരുവിള പുത്തൻവീട്ടിൽ എ. ബിജു (42) ആണ് മരിച്ചത്. എറണാകുളം പ്രോവിഡൻസ് റോഡിലുള്ള വളവി ആൻഡ് കമ്പനിയിലെ ജീവനക്കാരനാണ് ബിജു.
ഇന്നലെ രാവിലെയാണ് സംഭവം. സാധനങ്ങൾ കൊണ്ടുപോകുന്നതിന് ഉപയോഗിച്ചിരുന്ന സർവീസ് ലിഫ്റ്റിലായിരുന്നു അപകടമുണ്ടായത്. ഒന്നാംനിലയിൽനിന്ന് സാധനങ്ങൾ ഇറക്കുന്നതിനിടെ ഒരു പായ്ക്കറ്റ് ബിജുവിന്റെ കൈയിൽനിന്ന് ലിഫ്റ്റിനുള്ളിലേക്ക് വീണു. ഇത് എടുക്കാൻ ലിഫ്റ്റിനുള്ളിൽ തല ഇട്ടപ്പോൾ ലിഫ്റ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു.
എറണാകുളം സെൻട്രൽ പോലീസും അഗ്നിരക്ഷാ സേനയും ഉടൻ സ്ഥലത്തെത്തി ലിഫ്റ്റിന്റെ മുകൾഭാഗം ഉയർത്തി ബിജുവിനെ പുറത്തെടുത്തു. ബിജുവിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ സെൻട്രൽ പോലീസ് കേസെടുത്തു.