Kerala
പാലക്കാട് ചെർപ്പുളശ്ശേരിയിൽ പിക്കപ് വാൻ കടയിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

പാലക്കാട് ചെർപ്പുളശ്ശേരിയിൽ ചായക്കടയിലേക്ക് പിക്കപ് വാൻ ഇടിച്ചുകയറി യുവാവ് മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. മലപ്പുറം തിരൂർ സ്വദേശി വി തഹ്‌സീലാണ് മരിച്ചത്. 20 വയസായിരുന്നു. കോഴിയുമായി വന്ന പിക്കപ് വാൻ നിയന്ത്രണം വിട്ട് യുവാക്കൾക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കൊടൈക്കനാൽ യാത്രക്കിടെയാണ് മലപ്പുറം സ്വദേശികളായ യുവാക്കൾ ചായ കുടിക്കുന്നതിനായി വാഹനം നിർത്തിയത്. വഴിയരികിൽ നിൽക്കുന്ന സമയത്താണ് കോഴിയുമായി വന്ന പിക്കപ് വാൻ നിയന്ത്രണം വിട്ട് ഇടിച്ചു കയറുന്നത്.
അപകടത്തിൽ അഞ്ച് യുവാക്കൾക്ക് പരുക്കേറ്റു. തഹ്‌സിലിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരുക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്.