
ദുബായ് : എമിറേറ്റിലെ റോഡുകളുടെ നടുവിൽ വാഹനങ്ങൾ പെട്ടന്ന് നിർത്തുന്നതിന്റെ അപകടങ്ങൾ അബുദാബി പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ റോഡുകളിൽ വാഹനങ്ങൾ നിർത്തുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് അബുദാബി പോലീസ് കൂട്ടിച്ചേർത്തു
2025 മാർച്ച് 7-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്ന ഒരു റോഡിൽ പെട്ടന്ന് ഒരു വാഹനം നിർത്തുന്നത് മൂലമുണ്ടാകുന്ന ഒരു അപകടത്തിന്റെ ദൃശ്യം ഈ അറിയിപ്പിനൊപ്പം അബുദാബി പോലീസ് പങ്ക് വെച്ചിട്ടുണ്ട്.
വാഹനമോടിക്കുന്നതിനിടയിൽ പെട്ടന്ന് റോഡിൽ വാഹനങ്ങൾ നിർത്തുന്നത് അപകടത്തിനിടയാക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരം ഡ്രൈവിംഗ് രീതികളിലേർപ്പെടുന്നവർക്ക് പിഴ ചുമത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
അബുദാബിയിൽ അകാരണമായി റോഡിന് നടുവിൽ വാഹനങ്ങൾ നിർത്തുന്നവർക്ക് 1000 ദിർഹം പിഴയും, ആറ് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണ്. റോഡുകളുടെ നടുവിൽ ഒരു കാരണവശാലും വാഹനങ്ങൾ നിർത്തിയിടരുതെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
എമിറേറ്റിലെ റോഡുകളിൽ നിസ്സാരമായ ട്രാഫിക് അപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ, ബ്രേക്ക്ഡൗൺ ആകുന്ന വാഹനങ്ങൾ, ടയർ പൊട്ടിയ വാഹനങ്ങൾ എന്നിവ പെട്ടന്ന് തന്നെ റോഡിൽ നിന്ന് നീക്കം ചെയ്യണമെന്ന് അബുദാബി പോലീസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.