സ്പെയിനില്‍ റേസിങ് മത്സരത്തിനിടെ അപകടം; അജിത്തിന്റ കാര്‍ പലതവണ തലകീഴായി മറിഞ്ഞു

തമിഴില്‍ മാത്രമല്ല മലയാളത്തിലും ഏറെ ആരാധകരുള്ള നടനാണ് അജിത്. അഭിനയം കൊണ്ട് മാത്രമല്ല ജീവിതത്തിലെ വ്യത്യസ്തമായ അഭിരുചികള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും തമിഴ് സൂപ്പര്‍താരം അജിത് വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. അതിവേഗ കാറോട്ട മത്സരത്തിലുള്ള നടന്റെ കമ്പം ഏറെ പ്രശസ്തമാണ്. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ റേസിങ് മത്സരങ്ങളില്‍ നടന് പങ്കെടുക്കാറുണ്ട്. എന്നാല്‍ ഈ മത്സരങ്ങള്‍ക്കിടെ തുടര്‍ച്ചയായി അജിത്ത് അപകടത്തിപ്പെടുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം സ്പെയിനിലെ വലന്‍സിയയില്‍ നടന്ന മത്സരത്തിനിടെ അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. കാര്‍ മുന്നിലുള്ള മറ്റൊരു കാറില്‍ ഇടിച്ച് പലതവണ തലകീഴായി മറിഞ്ഞെങ്കിലും അപകടത്തില്‍ താരത്തിന് പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടിരുന്നു. ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു മാസത്തിനിടെ അജിത്തിന് സംഭവിച്ച രണ്ടാമത്തെ അപകടമാണിത്. ഒരു മാസം മുന്‍പ് സമാനമായ രീതിയിലുണ്ടായ അപകടത്തെ അജിത്ത് അതിജീവിച്ചിരുന്നു.
ഹൈസ്പീഡ് റേസിങ് ഇവന്റായ പോര്‍ഷെ സ്പ്രിന്റ് ചലഞ്ചിനിടെയാണ് അപകടമുണ്ടായത്. ആറാം റൗണ്ടിനിടെയായിരുന്നു സംഭവം. അജിത്തിന്റെ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ പരിക്കേല്‍ക്കാതെ അജിത് കാറില്‍ നിന്നും പുറത്ത് വരുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.
ഫെബ്രുവരിയിലാണ് ഇതിനു മുന്‍പ് താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. പോര്‍ച്ചുഗലിലെ എസ്റ്റോറിലായിരുന്നു അന്ന് അപകടം നടന്നത്. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും പരിക്കേല്‍ക്കാതെ അന്നും അജിത് രക്ഷപ്പെട്ടിരുന്നു. അതിവേഗ പരിശീലന സെഷനിടെയാണ് അന്ന് അപകടമുണ്ടായത്. മുമ്പ് ദുബായിലെ റേസിനിടെയും അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു.
പരീശിലനത്തിനിടെ ബാരിയറില്‍ കാര്‍ ഇടിച്ചുകയറുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ ഉടന്‍ തന്നെ അജിത്തിനെ വാഹനത്തില്‍ നിന്നും മാറ്റി. പിന്നീട് മറ്റൊരു കാറില്‍ അജിത് പരിശീലനം തുടരുകയും ചെയ്തു. അംഗീകൃത റേസറാണ് അജിത്ത്. മാസങ്ങള്‍ക്കു മുന്‍പ് നടന് സ്വന്തം റേസിങ് ടീമിനെ പ്രഖ്യാപിച്ചിരുന്നു. റേസിങ് ടീമിന് ‘അജിത് കുമാര്‍ റേസിങ്’ എന്നാണ് പേരിട്ടിട്ടുള്ളത്.
അതേസമയം, തമിഴ് സൂപ്പര്‍സ്റ്റാറിന്റെ അപകടത്തില്‍ നിരവധി ആരാധകരാണ് സമൂഹ മാധ്യമങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. റേസിങ് മത്സരങ്ങള്‍ക്ക് പങ്കെടുക്കുന്നതിന് മുന്‍പ് കൂടുതല്‍ പരിശീലനം ആവശ്യമാണെന്ന് ചിലര്‍ ഉപദേശിക്കുമ്പോള്‍ എന്തുകൊണ്ടാണ് അജിത്ത് ഇത്രയധികം അപകടങ്ങളില്‍ പെടുന്നതെന്ന് ചില ആരാധകര്‍ ചോദിക്കുന്നു.