Movies
പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലിറങ്ങുന്ന സിനിമാ ഷൂട്ടിംഗിനിടെ അപകടം; സ്റ്റണ്ട്മാൻ മരിച്ചു

സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാൻ മരിച്ചു. എസ് എം രാജുവാണ് മരിച്ചത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള വേട്ടുവം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. കാർ സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
നാഗപട്ടിനത്ത് വെച്ചായിരുന്നു ഷൂട്ടിംഗ്. അപകടത്തിന്റെ വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. അതിവേഗത്തിൽ വന്ന എസ് യു വി റാമ്പിലൂടെ ഓടിച്ചു കയറ്റി പറപ്പിക്കുന്ന രംഗമാണ് ചിത്രീകരിച്ചത്. നിയന്ത്രണം വിട്ട വാഹനം വായുവിൽ മലക്കം മറിഞ്ഞ് ഇടിച്ചുകുത്തി വീഴുകയായിരുന്നു.
തകർന്ന കാറിൽ നിന്ന് രാജുവിനെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടൻ വിശാൽ അടക്കമുള്ള താരങ്ങൾ രാജുവിന് ആദരാഞ്ജലി അർപ്പിച്ചു. അതേസമയം പാ രഞ്ജിത്തും ആര്യയും സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.