തിരുപ്പതി ഏകാദശി ദർശൻ കൂപ്പൺ വിതരണത്തിനിടെയുണ്ടായ അപകടം; മരണസംഖ്യ ആറായി
തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദർശൻ കൂപ്പൺ വിതരണത്തിനായി സജ്ജമാക്കിയ കൗണ്ടറിലുണ്ടായ തിരക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ആറായി. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. അപകടത്തിൽ 20 പേർക്ക് ഗുരുതര പരുക്കേറ്റു. നിരവധി പേർക്ക് സാരമല്ലാത്ത പരുക്കുകളും സംഭവിച്ചിട്ടുണ്ട്
ഇന്നലെ രാത്രിയോടെയാണ് തിരുപ്പതിയിൽ തിക്കിലും തിരക്കിലും പെട്ട് വലിയ അപകടമുണ്ടായത്. തിരുമല തിരുപ്പതി ക്ഷേത്രപരിസരത്തെ കൗണ്ടറുകളിൽ നിന്ന് കൂപ്പൺ വിതരണം ചെയ്യുന്നതിന് വ്യത്യസ്തമായി തിരക്ക് കണക്കിലെടുത്ത് ഇത്തവണ താഴെ തിരുപ്പതിയിലെ വിവിധയിടങ്ങളിലാണ് കൗണ്ടറുകൾ സജ്ജമാക്കിയിരുന്നത്. ഇത്തരത്തിൽ സജ്ജമാക്കിയ കൗണ്ടറിലാണ് അപകടമുണ്ടായത്
ഇന്ന് രാവിലെ മുതലാണ് വൈകുണ്ഠ ഏകാദശി ദർശനത്തിനായുള്ള കൂപ്പൺ വിതരണം ആരംഭിക്കുന്നത്. ഇത് നൽകാൻ 90 കൗണ്ടറുകളാണ് സജ്ജമാക്കിയിരുന്നത്. സ്ഥലത്ത് പോലീസും നിലയുറപ്പിച്ചിരുന്നു. എന്നാൽ രാത്രിയോടെ തന്നെ ആയിരക്കണക്കിനാളുകൾ കൗണ്ടറിന് മുന്നിൽ വന്ന് നിൽക്കുകയായിരുന്നു. ആളുകൾ ഇടിച്ചുകയറിയതോടെയാണ് വലിയ ദുരന്തമുണ്ടായത്.