Kerala

മദ്യലഹരിയിൽ ഓടിച്ച കാർ ഇടിച്ചത് സ്കൂട്ടറിലും വൈദ്യുത പോസ്റ്റിലും; നടൻ ബൈജു സന്തോഷിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചെന്ന കേസിൽ നടൻ ബൈജു സന്തോഷ് അറസ്റ്റിൽ. ബൈജു ഓടിച്ച കാർ ബൈക്കിലും വൈദ്യുത പോസ്റ്റിലുമിടിച്ചതിന് പിന്നാലെയാണ് നടനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അർധരാത്രിയിലാണ് സംഭവം. നടൻ വൈ​ദ്യപരിശോധനയോട് സഹകരിച്ചില്ലെന്നും റിപ്പോർട്ടുണ്ട്. പിന്നീട് ബൈജു സന്തോഷിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്തുവച്ചാണ് ബൈജു ഓടിച്ചിരുന്ന കാർ അപകടമുണ്ടാക്കിയത്. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തിൽ മുന്നോട്ടു പോയി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈജുവിന്റെ കാറിന്റെ ടയറിന് കേടുപാട് പറ്റി. കൺട്രോൾ റൂമിലെ പൊലീസുകാരാണ് ബൈജുവിനെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. മദ്യപിച്ചോ എന്ന് പരിശോധിക്കാനായി ജനറൽ ആശുപത്രിയിലെത്തിച്ചു എങ്കിലും പരിശോധനയോട് ബൈജു സഹകരിച്ചില്ലെന്ന് പൊലീസ് പറയുന്നു.

മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയോട് സഹകരിച്ചില്ലെന്നും ഡോക്ടർ റിപ്പോർട്ട് നൽകി. ബൈക്ക് യാത്രികൻ പരാതി നൽകിയിട്ടില്ല. മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

Related Articles

Back to top button