Movies

ടര്‍ക്കിഷ് തര്‍ക്കം: സിനിമ തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചത് നിര്‍മാതാവിന്റെയും സംവിധായകന്റെയും കൂട്ടായ തീരുമാനം; പ്രതികരണവുമായി നടന്‍ ലുഖ്മാന്‍

തനിക്ക് ഭീഷണിയുണ്ടായിട്ടില്ലെന്നും നടന്‍

ലുഖ്മാന്‍ അവറാന്‍, സണ്ണി വെയിന്‍, ഹരിശ്രി അശോകന്‍ എന്നിവര്‍ അഭിനയിച്ച ടര്‍ക്കിഷ് തര്‍ക്കമെന്ന സിനിമ തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചതിന് പിന്നില്‍ ദുരുദ്ദേശ്യമെന്ന് സൂചന. സംവിധായകനും നിര്‍മാതാവും ചേര്‍ന്ന് തീരുമാനിച്ചത് പ്രകാരമാണ് സിനിമ പിന്‍വലിച്ചതെന്നും സിനിമയില്‍ അഭിനയിച്ചവര്‍ക്കെതിരെ ഭീഷണിയുണ്ടെന്ന വിശദീകരണത്തില്‍ സത്യമില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.

ഇതുമായി ബന്ധപ്പെട്ട് സിനിമയിലെ നായകനായ ലുഖ്മാന്‍ അവറാന്‍ വിശദീകരണവുമായി രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

സിനിമ പിന്‍വലിക്കാന്‍ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഉത്തരവാദിത്തപെട്ടവര്‍ പ്രതികരിച്ചില്ലെന്നും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ എനിക്ക് യാതൊരു പങ്കുമില്ലെന്നും ലുഖ്മാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ഞാന്‍ അഭിനേതാവായ ടര്‍ക്കിഷ് തര്‍ക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍ഭാഗ്യകരമായ ചര്‍ച്ചകള്‍ ശ്രദ്ധയില്‍ പെട്ടു. രണ്ടര വര്‍ഷം മുമ്പ് ചിത്രീകരണം തുടങ്ങിയ സിനിമയാണത്. റിലീസ് ചെയ്ത ശേഷം തിയേറ്ററില്‍ നിന്നും ഈ സിനിമ പിന്‍വലിച്ചത് നിര്‍മ്മാതാവിന്റെയും സംവിധായകനെയും കൂട്ടായ തീരുമാനമാണ് എന്നാണ് എന്റെ അറിവ്. അതിലെ അഭിനേതാവ് എന്ന നിലയില്‍ സിനിമ പിന്‍വലിക്കാന്‍ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഉത്തരവാദിത്ത പെട്ടവരില്‍ നിന്ന് വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടിയില്ല.

സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി എനിക്കോ എന്റെ അറിവിലുള്ള ആര്‍ക്കെങ്കിലുമോ വന്നതായി അറിവുമില്ല.അതുകൊണ്ട് തന്നെ ആ സിനിമയിലെ ഒരു അഭിനേതാവ് എന്നതിനപ്പുറം ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ എനിക്ക് യാതൊരു പങ്കും ഇല്ല എന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഈ സിനിമയായി ബന്ധപ്പെട്ട നടക്കുന്ന വിവാദത്തിനു പിന്നില്‍ എന്തെങ്കിലും ദുരുദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം അന്വേഷിപ്പിക്കപ്പെടണം എന്ന് തന്നെയാണ് നിലപാട്’-എന്ന് ലുഖ്മാന്‍ പറഞ്ഞു.

സിനിമയില്‍ അഭിനയിച്ച മറ്റ് പലരും സമാനമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒ ടി ടി റിലീസിന് വേണ്ടിയാണ് സിനിമ പിന്‍വലിച്ചതെന്നും റിപോര്‍ട്ടുണ്ട്.

നവംബര്‍ 22നാണ് ചിത്രം തിയറ്ററുകളിലെത്തിയിരുന്നത്. റിലീസിനെത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു മതവികാരം വ്രണപ്പെടുത്തി എന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയാണ് എന്ന അണിയറ പ്രവര്‍ത്തകരുടെ വാദം. സിനിമ പിന്‍വലിച്ചത് വിവാദമായതോടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിര്‍മ്മാതാവിനോട് വിശദീകരണം തേടിയിരുന്നു.

Related Articles

Back to top button
error: Content is protected !!