ലഹരി ഉപയോഗിച്ച നടന്റെ പേര് വിൻസി വെളിപ്പെടുത്തുമെന്ന് താരസംഘടന; പിന്നാലെ നടപടിയുണ്ടാകും

ലഹരി ഉപയോഗിച്ച നടനിൽ നിന്ന് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ നടി വിൻസി അലോഷ്യസ് നടന്റെ പേര് ഉടൻ വെളിപ്പെടുത്തുമെന്ന് താരസംഘടന അമ്മ. വിൻസിയുമായി സംസാരിച്ചെന്നും പേര് വെളിപ്പെടുത്തിയാൽ ഉടൻ ശക്തമായ നടപടിയുണ്ടാകുമെന്നും അമ്മ ഭാരവാഹി ജയൻ ചേർത്തല പറഞ്ഞു. പുരസ്‌കാരങ്ങൾക്ക് പരിഗണിക്കുമ്പോൾ നടീനടൻമാരുടെ അഭിനയം മാത്രമല്ല, സ്വഭാവം കൂടി കണക്കിലെടുക്കണമെന്നും ജയൻ ചേർത്തല പറഞ്ഞു
വിൻസിയുടെ ആരോപണം അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി ചർച്ച ചെയ്തു. ഒന്നിച്ച് അഭിനയിച്ച സിനിമയിലെ നടനിൽ നിന്ന് മോശം അനുഭവമുണ്ടായെന്നായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ. ലഹരി ഉപയോഗിച്ച നടൻ തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറി. സിനിമ പൂർത്തിയാക്കാൻ സംവിധായകൻ അടക്കമുള്ളവർ ബുദ്ധിമുട്ടുന്നത് കണ്ടാണ് സെറ്റിൽ തുടർന്നെന്നും വിൻസി പറഞ്ഞു
ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് നേരത്തെ വിൻസി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.