അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ല; പുതിയ ആളെ പാർട്ടി തെരഞ്ഞെടുക്കട്ടെ: കെ അണ്ണാമലൈ

തമിഴ്‌നാട് ബിജെപി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന് കെ അണ്ണാമലൈ. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും പാർട്ടി ഒറ്റക്കെട്ടായി പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നും അണ്ണാമലൈ കോയമ്പത്തൂരിൽ പറഞ്ഞു. 2021 ജൂലൈയിലാണ് അണ്ണാമലൈ തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷനാകുന്നത്
എഐഎഡിഎംകെ വീണ്ടും എൻഡിഎ സഖ്യത്തിലേക്ക് എത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അണ്ണാമലൈ ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാനൊരുങ്ങുന്നത്. 2026ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അണ്ണാ ഡിഎംകെയും ബിജെപിയും തമ്മിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് രാജി സൂചനയുമായി അണ്ണാമലൈ രംഗത്തുവന്നത്
അണ്ണാഡിഎംകെയുമായി രസചേർച്ചയില്ലാത്ത നേതാവാണ് അണ്ണാമലൈ. നേരത്തെയുണ്ടായിരുന്ന സഖ്യം തകരാൻ കാരണം അണ്ണാമലൈയാണെന്ന പരാതിയാണ് അണ്ണാഡിഎംകെ നേതാക്കൾക്കുള്ളത്. അണ്ണമലൈ ബിജെപി പ്രസിഡന്റ് സ്ഥാനത്ത് തുടർന്നാൽ സഖ്യത്തിൽ നിന്ന് പിൻമാറുമെന്ന് എടപ്പാടി പളനിസ്വാമി നേരത്തെ അമിത് ഷായെ അറിയിച്ചിരുന്നു.