നടിയെ ആക്രമിച്ച കേസ്: പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും; വിചാരണ നടപടി അവസാനഘട്ടത്തിലേക്ക്
നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും. ഡിസംബറിൽ ആരംഭിച്ച പ്രോസിക്യൂഷന്റെ വാദം ഇന്നലെ പൂർത്തിയായിരുന്നു. പ്രതിഭാഗത്തിന്റെ വാദവും ഒരു മാസത്തോളം നീണ്ടുനിൽക്കും. ഫെബ്രുവരി അവസാനത്തോടെ കേസിലെ വിചാരണ നടപടികൾ പൂർത്തിയാകും എന്നാണ് വിലയിരുത്തൽ. കേസിൽ പ്രധാന പ്രതി പൾസർ സുനിക്ക് സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എട്ടാം പ്രതിയാണ് നടൻ ദിലീപ്.
അതേസമയം, കേസിലെ ഒന്നാം പ്രതി പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട് ഫോറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിം കോടതിയെ സമീപിച്ചത്. സാമ്പിളുകൾ ശേഖരിച്ച ഡോക്ടർ, ഫൊറൻസിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടർ എന്നിവരെ വീണ്ടും വിസ്തരിക്കണം എന്നാണ് ആവശ്യം.
പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന സമയത്ത് താൻ ജയിലിൽ ആയിരുന്നതിനാൽ അഭിഭാഷകനോട് കാര്യങ്ങൾ സംസാരിക്കാനായില്ലെന്നുമാണ് പൾസർ സുനിയുടെ വാദം. ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്.