നാട്ടിലെത്തി ഉറ്റവരുടെ ചേതനയത്ത് ശരീരം കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് അഫാന്റെ പിതാവ്

ദമാം: തിരുവനന്തപുരം കൂട്ടക്കൊല കേസിലെ പ്രതിയായ തന്റെ മകന് മാനസിക പ്രശ്‌നങ്ങളോ, സാമ്പത്തിക ബാധ്യതകളോ ഉള്ളതായി അറിയില്ലെന്ന് സൗദിയിലുള്ള പിതാവ്. മലയാളി സമൂഹത്തെ മുഴുവനും ഞെട്ടിച്ച് ഇന്നലെ നാലു പേരെ കൊലപ്പെടുത്തിയ തിരുവനന്തപുരത്തെ അഫാന്റെ പിതാവാണ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേ ഇക്കാര്യം പറഞ്ഞത്. യാത്രാ രേഖകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാല്‍ കുറെ കാലമായി നാട്ടില്‍ പോകാന്‍ സാധിച്ചിട്ടില്ലെന്ന് പിതാവ് അബ്ദുറഹീം വ്യക്തമാക്കി.
രണ്ടു ദിവസം മുന്‍പ് വീട്ടിലേക്ക് വിളിച്ചിരുന്നു. അന്ന് അവിടെ എന്തെങ്കിലും പ്രശ്‌നമുള്ളതായി ആരും പറഞ്ഞിട്ടില്ല. ഇളയ സഹോദരങ്ങളോടും എന്റെ ഉമ്മയോടും എന്റെ സഹോദരിയോടുമൊന്നും അഫ്‌വാന് യാതൊരു പ്രശ്‌നങ്ങളും ഉള്ളതായി അറിയില്ല. അവരുടെ വീടുകളിലെല്ലാം കഴിഞ്ഞ ദിവസവും അവന്‍ പോയിരുന്നതാണ്. സന്ദര്‍ശന വിസയില്‍ സൗദിയില്‍ വന്നപ്പോഴും കച്ചവടത്തിന്റെ പേരില്‍ കടമോ, ബാധ്യതയോ അവന്റെ പേരില്‍ ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച വൈകിട്ട് നാലിന് സഹോദരിയുടെ മകന്‍ നാട്ടില്‍ നിന്ന് വിളിച്ചപ്പോഴാണ് ഉമ്മ മരിച്ചത് അറിഞ്ഞത് അപ്പോഴും എന്റെ ഇളയ മകന്‍ മരിച്ചത് അറിഞ്ഞിരുന്നില്ല. റിയാദിലുള്ള സുഹൃത്താണ് മകനും ഭാര്യയും എന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്ന് ആദ്യം പറയുന്നത്. ആകുലതയോടെ നാട്ടിലേക്ക് വിളിച്ചപ്പോള്‍ ഭാര്യയുടെ ഇളയ സഹോദരിയാണ് ആശുപത്രിയിലാണെന്നുള്ള വിവരം പറഞ്ഞത്. മകന്‍ മരിച്ച കാര്യം അപ്പോഴും അറിഞ്ഞിരുന്നില്ല. ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് മാത്രമാണ് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.