ഒരു രാത്രി മുഴുവൻ മഴ നനഞ്ഞ് വിജയരാഘവൻ; സിദ്ധാർഥ് ഭരതനും ഒപ്പം ചേർന്നപ്പോൾ പറന്ന് പറന്ന് പറന്ന് ചെല്ലാൻ
പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് സംവിധായകൻ ജിഷ്‌ണു ഹരീന്ദ്ര
സിദ്ധാർഥ് ഭരതൻ, വിജയ രാഘവൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’. ജിഷ്‌ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിഖ്യാത കലാകാരൻ മധു അമ്പാട്ടാണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് സംവിധായകൻ ജിഷ്‌ണു ഹരീന്ദ്ര.
ലോക്ക് ഡൗൺ സമയത്ത് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്‌ത് ഇന്ത്യ ഒട്ടാകെ ശ്രദ്ധ ആകർഷിച്ച നോ മാൻസ് ലാൻഡ് എന്ന സിനിമയ്ക്ക് ശേഷം ജിഷ്‌ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രമാണ് പറന്ന് പറന്ന് പറന്ന് ചെല്ലാൻ. ലുക്‌മാൻ അവറാൻ, സുധീ കോപ്പ എന്നിവരായിരുന്നു നോ മാൻസ് ലാൻഡ് എന്ന ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
തന്‍റെ ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ച് സംവിധായകൻ ജിഷ്‌ണു സംസാരിച്ചു തുടങ്ങി.
“ഈ സിനിമയുടെ പ്രമോഷണൽ പോസ്റ്ററുകളും വീഡിയോകളും പുറത്തിറങ്ങിയപ്പോൾ മുതൽ കൗതുകത്തോടെ സോഷ്യൽ മീഡിയ ഈ സിനിമയുടെ പേരിനെക്കുറിച്ച് സംസാരിക്കുന്നതായി കേട്ടു. പറന്ന് പറന്ന് പറന്ന് ചെല്ലാൻ.. എന്താണ് ഈ പേരിന് പിന്നിലെ കൗതുകമെന്ന് തീർച്ചയായും സിനിമ കണ്ടാൽ മാത്രമേ വ്യക്തമാവുകയുള്ളൂ.
സിനിമ ചർച്ച ചെയ്യുന്ന ആശയവുമായി സിനിമയുടെ പേരിന് നല്ല ബന്ധമുണ്ട്. പറക്കുക എന്നാൽ സ്വാതന്ത്ര്യവുമായി ചേർത്ത് വായിക്കുന്ന ഒരു വാക്ക് ആണല്ലോ. അപ്രകാരമാണെങ്കിൽ സാധാരണക്കാരായ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പറ്റി സിനിമ ഗൗരവമായി ചർച്ചചെയ്യുന്നുണ്ട്. പൊതുവേ ചില പൊളിറ്റിക്കൽ വിഷയങ്ങളെ ഉയർത്തി കാട്ടുന്നത് കൊണ്ട് ഇതൊരു ഇൻഡിപെൻഡൻസ് സിനിമയാണെന്ന് തെറ്റിദ്ധരിക്കരുത്.
ഇത്തരം ആശയങ്ങൾ ചർച്ച ചെയ്യുന്ന സിനിമകളെ ഒരു പ്രത്യേക വിഭാഗം സിനിമകളാക്കി ചിത്രീകരിക്കുന്ന സ്വഭാവം ഇപ്പോഴുണ്ട്. പറന്ന് പറന്ന് പറന്ന് ചെല്ലാൻ മികച്ച ആസ്വാദന തലം തരുന്ന ഒരു പക്കാ കൊമേഴ്സ്യൽ സിനിമ തന്നെയാണ്. പാലക്കാടിന്‍റെ ഗ്രാമപശ്ചാത്തലത്തിൽ ഒരു കുടുംബത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്
കുടുംബ പ്രേക്ഷകരെ വലിയ രീതിയിൽ ആകർഷിക്കുവാനുള്ള എല്ലാ ഘടകങ്ങളും ഈ ചിത്രത്തിൽ ഉണ്ട്. എന്‍റെ ആദ്യ സിനിമ നോ മാൻസ് ലാൻഡ് റിലീസ് ചെയ്യുന്നത് 2021 നവംബറിൽ ആയിരുന്നു. ശക്തമായ വയലൻസും മയക്കുമരുന്ന് ഉപയോഗവും ചിത്രത്തിന്‍റെ അവലംബമായപ്പോൾ ലഭിച്ചത് എ സർട്ടിഫിക്കറ്റ് ആണ്. സിനിമ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു.
പക്ഷേ ഇനിയൊരു ചിത്രം ചെയ്യുമ്പോൾ എല്ലാ പ്രേക്ഷകരെയും സംതൃപ്‌തിപ്പെടുത്തുന്ന രീതിയിൽ ഒരു നല്ല കൊമേഴ്സ്യൽ സിനിമ ചെയ്യണമെന്ന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയൊരു നിർബന്ധത്തിന്‍റെ പിൻബലത്തിലാണ് പറന്ന് പറന്ന് പറന്ന് ചെല്ലാൻ സംഭവിക്കുന്നത്. ” സംവിധായകൻ ജിഷ്‌ണു ഹരീന്ദ്ര വ്യക്തമാക്കി.
“ഹരിഹരൻ ആലപിച്ച ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോൾ റിലീസ് ചെയ്‌തിട്ടുണ്ട്. ഈ സിനിമയുടെ ആദ്യ ആശയം തന്നിലേക്ക് ലഭിച്ചപ്പോൾ കുറച്ച് അധികം പുതിയ കലാകാരന്മാരെ ഉൾപ്പെടുത്തി ചിത്രീകരണം ആരംഭിക്കാൻ ഉദ്ദേശിച്ചു. ഒരു നിർമാതാവിന്‍റെ പിൻബലം ലഭിച്ചതോടെ ഓഡിഷനിലൂടെയും അല്ലാതെയും നിരവധി പുതിയ കലാകാരന്മാരെ കണ്ടെത്തി.
സിനിമയുടെ ചിത്രീകരണത്തിന് മുന്നോടിയായി ഇവർക്ക് അഭിനയ കളരി സംഘടിപ്പിച്ചു. പ്രീ പ്രൊഡക്ഷൻ ആരംഭിച് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചില സാങ്കേതിക കാരണങ്ങളാൽ നിർമാതാക്കൾ പിന്മാറി. എന്നാൽ ചിത്രീകരണം തുടങ്ങുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് ഞങ്ങൾ എത്തിച്ചേർന്നിരുന്നു. അതുകൊണ്ടുതന്നെ ഒരുപാട് വ്യക്തികളോട് ഈ സിനിമയെ ചുറ്റിപ്പറ്റി കടപ്പാടുകൾ രൂപപ്പെട്ടിരുന്നു.
പക്ഷേ സിനിമ നിന്നതോടെ ഒപ്പം നിന്നവരോട് എന്തു മറുപടി പറയണം എന്ന് അറിയാതെ വന്നു. എങ്ങനെയും ഈ സിനിമ വീണ്ടും ആരംഭിക്കണം. പിന്നീടുള്ള യാത്രകൾ അതികഠിനമായിരുന്നു. അങ്ങനെയൊരു കരിമല കയറുന്നതിനിടെ ഈ സിനിമ ചെയ്യാൻ മറ്റൊരു നിർമാതാവ് മുന്നോട്ടുവന്നു.”
ഈ ദുഷ്‌കരമായ യാത്രയിൽ വിജയം തന്നെ തേടി വന്നത് താൻ പോലും അറിയാതെയായിരുന്നു എന്ന് ജിഷ്‌ണു വ്യക്തമാക്കി. ജെ എം ഇൻഫർട്ടമെന്‍റ് പോലൊരു നിർമാണ കമ്പനി അതിശക്തമായ ഒരു പിൻബലം നൽകിയില്ലായിരുന്നുവെങ്കിൽ ഇതുപോലൊരു ചിത്രം ഒരിക്കലും സംഭവിക്കില്ലായിരുന്നു എന്നും ജിഷ്‌ണു ഹരീന്ദ്ര വ്യക്തമാക്കി.
“സിനിമയുടെ ഏറ്റവും വലിയ ആകർഷക ഘടകം ഒരു ഇടവേളക്കു ശേഷം വിഖ്യാത ഛായാഗ്രഹകൻ മധു അമ്പാട്ട് സാർ ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിച്ചു എന്നുള്ളതാണ്. സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ അദ്ദേഹത്തെ പോലൊരു ക്യാമറാമാന്‍റെ സാന്നിധ്യം പറന്ന് പറന്ന് പറന്ന് ചെല്ലാൻ എന്ന സിനിമയുടെ ആസ്വാദന തലം ഇരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്. 75 വയസുണ്ട് അദ്ദേഹത്തിന്.
അദ്ദേഹത്തിന്‍റെ പകുതി പ്രായമാണ് തനിക്ക്. പക്ഷേ അദ്ദേഹത്തിന്‍റെ എനർജിയോടൊപ്പം ഞാനടക്കമുള്ള സെറ്റിലെ ഒരു ചെറുപ്പക്കാർക്കും മത്സരിക്കാൻ സാധിച്ചിട്ടില്ല. ക്യാമറയ്ക്ക് പിന്നിലെത്തിയാൽ മധുസാറിന് പ്രായം 25 ആണ്. അദ്ദേഹം ഫ്രെയിമുകൾക്ക് ലൈറ്റ് ചെയ്യുന്ന രീതിയൊക്കെ കണ്ട് അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. കൂടെ നിൽക്കുന്ന ചെറുപ്പക്കാരായ അസിസ്റ്റന്‍റ് പിള്ളേർക്ക് പോലും വർക്കിംഗ് ടൈമിൽ അദ്ദേഹത്തിന്‍റെ കൂടെ പിടിക്കാൻ ചിലപ്പോൾ സാധിച്ചിട്ടില്ല.
ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും സെറ്റിൽ എത്തിയാൽ മധു അമ്പാട്ട് സാർ ചുറുചുറുക്കാവും. ഒരു കോംപ്രമൈസും ഇല്ലാത്ത കലാകാരൻ. ഓരോ ഷോട്ടിനും കൃത്യമായ പ്രാധാന്യം കൊടുക്കുന്ന ആൾ. വലിയ ഇംപോർട്ടൻസ് ഇല്ലാത്ത ഒരു ഷോട്ട് ആണെങ്കിൽ കൂടി നമുക്കത് ഇങ്ങനെ ചെയ്‌താൽ മതി എന്ന് മധുസാറിനെ കൺവിൻസ് ചെയ്യാൻ ആകില്ല. മധു അമ്പാട്ട് സാറുമായി എനിക്ക് വളരെക്കാലം മുൻപ് തന്നെ സൗഹൃദം ഉണ്ടായിരുന്നു.
പക്ഷേ സൗഹൃദത്തിന്‍റെ അടിസ്ഥാനത്തിൽ ഒന്നും അദ്ദേഹം ഒരു സിനിമ ചെയ്യാൻ സമ്മതിക്കില്ല. ആദ്യം അദ്ദേഹത്തോട് കഥ പറഞ്ഞു. പിന്നീട് തിരക്കഥ വായിക്കാൻ കൊടുത്തു. അദ്ദേഹത്തിന് തിരക്കഥ വായിച്ച് ഇഷ്‌ടപ്പെട്ടിട്ട് മാത്രമാണ് ഈ സിനിമ ചെയ്യാമെന്ന് സമ്മതിച്ചത്. അല്ലാതെ പരിചയമുള്ള ഒരാൾ ഒരു സിനിമ ചെയ്യുമ്പോൾ ഞാൻ വന്നു ക്യാമറ ചെയ്‌തു തരാമെന്ന് ഒരിക്കലും മധുസാർ പറഞ്ഞിട്ടില്ല.
പെർഫെക്ഷന് വേണ്ടി മധു അമ്പാട്ട് സാർ ഏതറ്റം വരെയും പോകും. ഒരു പാട്ടിലെ ഒരു ഫ്രെയിമിന് വേണ്ടി കൃത്യമായ ലൈറ്റ് അപ്പ് ലഭിക്കാൻ മൂന്നര മണിക്കൂർ സമയമെടുത്തിട്ടുണ്ട്. എന്നാൽ അത്യാവശ്യം ദൈർഘ്യമുള്ള ഒരു നിർണായക സീൻ ലൈറ്റ് അപ്പു ചെയ്യാൻ അദ്ദേഹം എടുത്തത് 10 മിനിറ്റ് ആണ്. ഒരിക്കലും അദ്ദേഹത്തെ പ്രെഡിക്റ്റ് ചെയ്യാനാകില്ല. ഈ സിനിമയിൽ മധു അമ്പാട്ട് സാർ ചിത്രീകരിച്ചിരിക്കുന്ന ഓരോ ഫ്രെയിമുകളും രവിവർമ്മയുടെ പെയിന്‍റിംഗ് പോലെ വരച്ചെടുത്തതാണെന്ന് തോന്നിയിട്ടുണ്ട്.” ജിഷ്‌ണു ഹരീന്ദ്ര വിശദമാക്കി.
ഇഡിഎമ്മും ട്രാൻസും അധികരിച്ചിട്ടുള്ള ഒരു മ്യൂസിക് പാറ്റേൺ ആണ് പറന്നു പറന്നു പറന്നു ചെല്ലാൻ എന്ന ചിത്രത്തിനുള്ളത്, ദൃശ്യങ്ങളും സംഗീതവും ഒരു ഫ്യൂഷൻ പോലെ സമന്വയിക്കുന്ന മറ്റൊരു സിനിമ തന്‍റെ അറിവിൽ സംഭവിച്ചിട്ടില്ല എന്ന് ജിഷ്‌ണു ഹരീന്ദ്ര പറയുകയുണ്ടായി.
നാട്ടിൻപുറവും തറവാടിന്‍റെ പശ്ചാത്തലവുമാണ് കഥാ തന്തു എങ്കിലും ഒരു ക്ലാസിക് ചിത്രത്തിന്‍റെ എസ്സൻസോ ഒരു നാട്ടിൻപുറ സിനിമയിൽ കണ്ടു പരിചയിച്ച ദൃശ്യങ്ങളോ ഈ ചിത്രത്തിൽ കാണാനാകില്ല. ക്യാമറാമാൻ മധു അമ്പാട്ട് സാറിനോട് ഈ സിനിമയുടെ ദൃശ്യങ്ങളുടെ പാറ്റേണിനെ പറ്റി സംസാരിക്കുമ്പോൾ ഞാൻ ആദ്യം പറഞ്ഞതും ഇക്കാര്യം തന്നെയാണ്.” ജിഷ്‌ണു ഹരീന്ദ്ര വ്യക്തമാക്കി.
“സാധാരണ കുടുംബങ്ങളിൽ ജീവിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ ഗൗരവകരമായി സിനിമയിൽ സമീപിച്ചിട്ടുണ്ട്. പക്ഷേ ഈ ആശയം സിനിമയിൽ ഇൻഡയറക്‌ടറായിട്ടാണ് ചർച്ച ചെയ്‌തു പോവുക.” ജിഷ്‌ണു ഹരീന്ദ്ര സിനിമയുടെ ആശയത്തെക്കുറിച്ച് ചുരുക്കി പറഞ്ഞു.
അതിഭീകരൻ സിദ്ധാർഥ് ഭരതൻ
“മലയാള സിനിമയെ സംബന്ധിച്ചിടത്തോളം അല്ലെങ്കിൽ ഇന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം പകരം വയ്ക്കാൻ ഇല്ലാത്ത രണ്ട് ലെജന്‍റുകളുടെ മകനാണ് സിദ്ധാർഥ് ഭരതൻ. വിഖ്യാത സംവിധായകൻ ഭരതന്‍റെയും അതുല്യ അഭിനയേത്രി കെപിഎസി ലളിതയുടെയും മകൻ. പക്ഷേ അത്തരം താരജാഡ തീർത്തും ഇല്ലാത്ത വ്യക്തിത്വമാണ് സിദ്ധാർഥ് ഭരതന്‍റേത് .
പറന്ന് പറന്ന് പറന്ന് ചെല്ലാൻ എന്ന സിനിമയുടെ ഡിസ്‌കഷൻ തുടങ്ങുന്ന സമയത്ത് ഭ്രമയുഗം, സൂക്ഷ്‌മദർശിനി തുടങ്ങിയ സിനിമകൾ ആരംഭിച്ചിട്ടില്ല. മധു അമ്പാട്ട് സാറാണ് സിദ്ധാർത്ഥിനോട് ഈ സിനിമയെക്കുറിച്ച് സംസാരിക്കുന്നത്. തുടർന്ന് കോൺടാക്‌ട് എനിക്ക് കൈമാറുകയായിരുന്നു.
തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ടതോടെ ഭ്രമയുഗം എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഈ സിനിമ ചെയ്യാമെന്ന് അദ്ദേഹം വാഗ്‌ദാനം നൽകി. ഭ്രമയുഗത്തിന്‍റെ ഷൂട്ടിംഗ് പൂർണമായി കഴിഞ്ഞ് അഞ്ചോ ആറോ ദിവസത്തിനു ശേഷമാണ് സിദ്ധാർഥ് ഭരതൻ ഈ സിനിമയിൽ ജോയിൻ ചെയ്യുന്നത്. ഒരു താടിയൊക്കെ വച്ചാണ് അദ്ദേഹം സെറ്റിൽ എത്തിച്ചേർന്നത്. പിന്നീട് താടി വടിച്ച് കട്ടി മീശ വച്ചു.
ഈ സിനിമയിലെ ക്യാരക്‌ടറിനെ സിദ്ധാർഥ് ഭരതൻ സ്വയം ഡിസൈൻ ചെയ്‌തതാണ്. വന്ന് ഞങ്ങളോടൊക്കെ കമ്പനി അടിച്ചു നിന്നു. പക്ഷേ ഷോട്ട് സമയമായതോടെ ആളാകെ മാറി. ആദ്യ ടേക്ക് കഴിഞ്ഞതും ഈ കോമഡി പറഞ്ഞ് നിന്ന ആളാണോ ഇങ്ങനെ അഭിനയിച്ചതെന്ന് ആലോചിച്ച് സെറ്റിൽ ഉള്ളവർ എല്ലാവരും അമ്പരന്നു.” സിദ്ധാർഥ് ഭരതനെ കുറിച്ച് ജിഷ്‌ണു ഹരിന്ദ്ര വാചാലനായി.
“സിദ്ധാർഥ് ഭരതൻ എന്ന നടൻ എല്ലാവർക്കും ഒരു മാതൃകയാണ്. എത്രയോ സിനിമകളിൽ അസിസ്റ്റന്‍റ് ഡയറക്‌ടറായി വർക്ക് ചെയ്‌ത ആളാണ് അദ്ദേഹം. നിരവധി സിനിമകൾ സംവിധാനം ചെയ്‌തിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ നായകനായും പ്രതിനായകനായും ക്യാരക്‌ടർ കഥാപാത്രങ്ങളായും വേഷമിട്ടു. പക്ഷേ ഒട്ടും എക്‌സ്‌പീരിയൻസ് അല്ലാത്ത എന്നെപ്പോലൊരു സംവിധായകന് അദ്ദേഹം നൽകിയ പരിഗണന വളരെ വലുതാണ്.
ഒരു സംവിധായകന്‍റെ ജോലിയിൽ അദ്ദേഹം ഒരിക്കലും കൈകടത്തിയിട്ടില്ല. ഓരോ ഷോട്ടിനു വേണ്ടിയും അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായ വലിയ എഫർട്ട് കയ്യടി അർഹിക്കുന്നതാണ്. എന്തെങ്കിലും ഒരു സംശയം ചോദിച്ചാലും ഞാനെന്ന സംവിധായകന് പ്രാധാന്യം നൽകിക്കൊണ്ട് മാത്രമാണ് അദ്ദേഹം അതിനു മറുപടി പറഞ്ഞിട്ടുള്ളത്.
ഈ സിനിമയുടെ ചിത്രീകരണത്തിന് മുമ്പ് ഈ ചിത്രത്തിൽ അഭിനയിക്കുന്ന പുതുമുഖ അഭിനേതാക്കൾക്ക് ഒരു ആക്‌ടിംഗ് വർക്ക്‌ഷോപ് നൽകിയിരുന്നു. ഈ വർക്ക് ഷോപ്പിനെ കുറിച്ച് ഞാൻ സിദ്ധാർഥ് ഭരതന് ഒരു മെസേജിലൂടെ അറിയിപ്പ് നൽകി. ഞാനും വർക്ക് ഷോപ്പിന്‍റെ ഭാഗം ആകാൻ ആഗ്രഹിക്കുന്നു എന്ന് മറുപടി പറഞ്ഞ് അദ്ദേഹവും വർക്ക്‌ഷോപ്പ് നടക്കുന്ന ദിവസങ്ങളിൽ അവിടെയെത്തി.
അദ്ദേഹത്തിന് അതിന്‍റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ സിനിമയ്ക്ക് നൽകുന്ന ഒരു പിന്തുണ എന്നുള്ള രീതിയിലാണ് അദ്ദേഹം എത്തി ആക്‌ടിംഗ് വർക്ക് ഷോപ് അറ്റൻഡ് ചെയ്‌തത്. ഈ സിനിമയുടെ ക്ലൈമാക്‌സ് വലിയൊരു സീക്വൻസ് ആണ്. ഒരുപാട് പുതുമുഖ അഭിനേതാക്കൾ ഒന്നിക്കുന്ന ഒരു രംഗം. ഒരുപാട് പ്രാവശ്യം നല്ല റിഹേഴ്‌സൽ കൊടുത്താൽ മാത്രമേ ടേക്ക് എടുക്കുമ്പോൾ മികച്ചത് ആവുകയുള്ളൂ.
സിദ്ധാർഥ് ഭരതനെ പോലൊരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഫൈനൽ സമയത്ത് വന്ന് ഒരു റിഹേഴ്‌സൽ നോക്കിയശേഷം ടേക്ക് എടുക്കാവുന്നതാണ്. പക്ഷേ കാരവനിൽ ഇരിക്കാതെ അദ്ദേഹം എല്ലാവരോടൊപ്പം ആദ്യം മുതൽ തന്നെ റഹേഴ്‌സലിൽ പങ്കെടുത്തു. മറ്റുള്ളവർക്ക് ലഭിക്കാത്ത ഒരു പരിഗണനയും തനിക്ക് നൽകേണ്ട എന്നാണ് അദ്ദേഹം അഭിപ്രായപ്പെടാറുള്ളത്.
ഒരിക്കൽ ഒരു കോസ്റ്റും അദ്ദേഹത്തിന് ശരിയാകാതെ വന്നപ്പോൾ വണ്ടിയോടിച്ച് സ്വന്തം വീട്ടിൽ പോയി സ്വന്തം കോസ്റ്റ്യൂം എടുത്തു കൊണ്ടുവന്ന് അഭിനയിച്ച ആളാണ്. അയാളോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക.” ജിഷ്‌ണു ഹരീന്ദ്ര വ്യക്തമാക്കി.
വിജയരാഘവൻ എന്ന മാജിക്
“നടൻ വിജയരാഘവന്‍റെ ഒരുപാട് മികച്ച കഥാപാത്രങ്ങൾ അടുത്തിടെ റിലീസ് ചെയ്‌ത മലയാള ചിത്രങ്ങൾ നമ്മൾ കണ്ടതാണ്. പറന്ന് പറന്ന് പറന്ന് ചെല്ലാൻ എന്ന സിനിമയുടെ കാര്യത്തിലും അദ്ദേഹത്തിന്‍റെ കഥാപാത്രം പ്രേക്ഷകരെ വിസ്‌മയിപ്പിക്കും. പ്രാദേശിക ഭാഷയിൽ പറയുകയാണെങ്കിൽ അങ്ങനെയൊന്നും പ്രേക്ഷകർക്ക് അദ്ദേഹത്തിന്‍റെ കഥാപാത്രത്തെ ഒരു പിടുത്തം ലഭിക്കുമെന്ന് തോന്നുന്നില്ല.
ഒരു വല്ലാത്ത കഥാപാത്രമാണ് അദ്ദേഹം ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. നായകൻ ഉണ്ടെങ്കിലും നായക പ്രാധാന്യമുള്ള മറ്റു കഥാപാത്രങ്ങൾ ഉണ്ടെങ്കിലും വിജയരാഘവൻ ഒരു ചിത്രത്തിൽ ഉണ്ടെങ്കിൽ സിനിമയുടെ ഫുൾ ക്രെഡിറ്റ് അദ്ദേഹം കൊണ്ടുപോകുന്ന ഒരു രീതിയാണ് ഇപ്പോഴുള്ളത്. ഈ ചിത്രത്തിലും അതിനു വലിയ മാറ്റം സംഭവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
നമ്മുടെ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ആരും ഇപ്പോൾ സ്വന്തം ഇമേജ് നോക്കാറില്ല. സിനിമ നന്നാവുക എന്നുള്ളതാണ് എല്ലാവരുടെയും അൾട്ടിമേറ്റ് ലക്ഷ്യം. അതുകൊണ്ടുതന്നെയാണ് വിജയരാഘവൻ സാറും ജഗദീഷ് ചേട്ടനും ഒക്കെ ഇപ്പോൾ നമ്മളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്.
പറന്ന് പറന്ന് പറന്ന് ചെല്ലാൻ എന്ന സിനിമയിൽ വളരെയധികം പ്രാധാന്യമുള്ള ഒരു രംഗമുണ്ട്. ആ രംഗത്തിൽ പെർഫോം ചെയ്യുന്നത് വിജയരാഘവൻ സാറാണ്. ഒരു രാത്രിയിൽ മഴയത്തുള്ള രംഗമാണ്. വൈകുന്നേരം 7 മണി മുതൽ പുലർച്ചെ നാലുമണിവരെയാണ് ഞങ്ങൾ ആ രംഗം ഷൂട്ട് ചെയ്‌തത്.
അദ്ദേഹത്തിന്‍റെ പ്രായം നിങ്ങൾ ആലോചിക്കണം. ഒരു മടിയും കൂടാതെ ഫുൾടൈം അദ്ദേഹം മഴ നനഞ്ഞു. ഓരോ ഷോട്ട് കഴിയുമ്പോഴും തലതുവർത്താൻ ടവ്വലുമായി ഞങ്ങൾ ചെല്ലും. ഇല്ല വെള്ളം തുളച്ചു കളഞ്ഞാൽ കണ്ടിന്യുറ്റി നഷ്‌ടപ്പെടും, അത് വേണ്ട എന്നാണ് അദ്ദേഹത്തിന്‍റെ മറുപടി.
പിറ്റേ ദിവസവും അദ്ദേഹത്തിന് ഷൂട്ട് ഉണ്ട്. ഒരു രാത്രി മുഴുവൻ മഴ നനഞ്ഞതു കൊണ്ട് പിറ്റേദിവസം അദ്ദേഹത്തിന് ജലദോഷവും പനിയും പിടിച്ചു. ഞങ്ങൾ ഷൂട്ട് ബ്രേക്ക് ചെയ്യാമെന്ന് നിർദേശിച്ചിട്ടും അദ്ദേഹം അതിനു സമ്മതിച്ചില്ല. എന്‍റെ അസുഖം കാരണം ഒരിക്കലും ഈ ഷൂട്ട് നിൽക്കാൻ പാടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇത്രയും സീനിയറായ ഒരു നടൻ ഇത്രയധികം ഡെഡിക്കേഷൻ കാണിക്കേണ്ട കാര്യമില്ല. വിജയരാഘവൻ നോ എന്ന് പറഞ്ഞാൽ പിന്നെ വേറെ ചോദ്യം ഇല്ല. പാക്ക് അപ്പ് ആണ്. പക്ഷേ അദ്ദേഹം സ്വന്തം ശരീരത്തെക്കാൾ പ്രാധാന്യം നൽകിയത് ഈ സിനിമയ്ക്കാണ്. ഇത്രയും ആത്മാർഥത ഈ കഥാപാത്രം ഒരു പുതിയ ആൾ ചെയ്യുകയാണെങ്കിൽ പോലും കാണിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.” ജിഷ്‌ണു ഹരീന്ദ്ര പറയുകയുണ്ടായി.
“ഒരു ഷോട്ട് ശരിയാക്കാൻ എത്ര പ്രാവശ്യം അഭിനയിക്കാനും വിജയരാഘവൻ റെഡിയാണ്. സംവിധായകനായ എന്‍റെ മുഖത്ത് നോക്കുമ്പോൾ അദ്ദേഹത്തിന് അറിയാം, രംഗം നന്നായോ ഇല്ലയോ എന്ന്. ഞാൻ ചിലപ്പോൾ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ഷോട്ട് ഓക്കേ പറഞ്ഞാലും എന്‍റെ മുഖത്ത് നോക്കി തൃപ്‌തിയില്ല എന്ന് മനസിലാക്കി നമുക്ക് ഒന്നുകൂടി നോക്കാമെന്ന് വിജയരാഘവൻ പറയുമായിരുന്നു. വജ്ര തുല്യമായ പ്രതിഭയും സ്വഭാവ ഗുണവും ഒത്തുചേർന്ന ഒരു പ്രതിഭാസമാണ് വിജയരാഘവൻ.” ജിഷ്‌ണു ഹരീന്ദ്ര പ്രതികരിച്ചു.
പറന്ന് പറന്ന് പറന്ന് ചെല്ലാൻ ജനുവരി 31ന് തീയേറ്ററുകളിൽ എത്തും.