വിധി കേട്ട് കൂസലില്ലാതെ ഗ്രീഷ്മ; കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കൾ
പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മക്ക്(24) തൂക്കുകയർ. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാനായി കഷായത്തിൽ കീടനാശിനി കലക്കി നൽകി കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയാണ് കോടതി ഗ്രീഷ്മക്ക് വിധിച്ചത്. എന്നാൽ വിധി കേട്ട് യാതൊരു ഭാവഭേദവുമില്ലാതെയാണ് ഗ്രീഷ്മ കോടതിയിൽ നിന്നത്.
നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എഎം ബഷീർ വധശിക്ഷ വിധിച്ചത്. ഗ്രീഷ്മക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. ആന്തരികാവയവങ്ങൾ അഴുകിയാണ് ഷാരോൺ മരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി
ഇന്ന് രാവിലെ കോടതിയിൽ എത്തിച്ച സമയത്ത് ഗ്രീഷ്മ കരയുന്നുണ്ടായിരുന്നു. എന്നാൽ വധശിക്ഷ വിധിച്ചതിന് ശേഷം പ്രതികരണമില്ലാതെ നിർവികാരയായി നിൽക്കുകയായിരുന്നു പ്രതി. അതേസമയം വിധി കേട്ട് കോടതിയിലുണ്ടായിരുന്ന ഷാരോണിന്റെ മാതാപിതാക്കൾ പൊട്ടിക്കരയുകയും ചെയ്തു.