പികെ ശശിക്കെതിരെ വീണ്ടും നടപടി; രണ്ട് പദവികളിൽ നിന്ന് കൂടി നീക്കി
പികെ ശശിക്കെതിരെ വീണ്ടും പാർട്ടി നടപടി. സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്. പകരം സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി എൻ മോഹനൻ സിഐടിയു ജില്ലാ പ്രസിഡന്റാകും.
പി കെ ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം സർക്കാർ തീരുമാനിക്കട്ടെയെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു. അഴിമതി നടത്തിയെന്ന അന്വേഷണ കമ്മീഷൻ കണ്ടെത്തലിനെ തുടർന്നാണ് പികെ ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും നീക്കിയത്
ജില്ലാ സെക്രട്ടറിയെ കേസിൽ കുടുക്കാനുള്ള ഗൂഢനീക്കവും ശശിയുടെ പുറത്താകലിന് വഴിവെച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഷൊർണൂർ എംഎൽഎയുമായിരുന്ന ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പീഡന പരാതി നൽകിയതോടെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു
രണ്ട് വർഷത്തിന് സേഷം ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുത്തു. എന്നാൽ വിഭാഗീയതയുടെ പേരിൽ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. 2021ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കുകയും ചെയ്തിരുന്നു.