
ദുബായ്: യുഎഇയുടെ വാണിജ്യ തലസ്ഥാനമായ ദുബായില്‍ അനുഭവപ്പെടുന്ന അതികഠിനമായ ഗതാഗതകുരുക്കിന് വിപ്ലവകരമായ പരിഹാരവുമായി ഭരണാധികാരികള്‍. നഗരം നേരിടുന്ന കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി ദുബായി ലൂപ് പദ്ധതിയാണ് അധികൃതര്‍ മുന്നോട്ടുവെക്കുന്നത്. ഹൈപ്പര്‍ ലൂപ്പ് ഗതാഗത സംവിധാന രംഗത്ത് ഏറ്റവും മികച്ച ടെക്‌നോളജിയുമായി മുന്നേറുന്ന ഇലോണ്‍ മസ്‌കിന്റെ ബോറിങ് കമ്പനിയുമായി ഇതിനായി കൈകോര്‍ക്കുമെന്ന് ദുബായ് കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി.
ദുബായിലെ ഏറ്റവും അധികം ഗതാഗതക്കുരുക്ക് നേരിടുന്ന പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ഭൂഗര്‍ഭത്തിലൂടെയുള്ള തുരങ്ക സംവിധാനം യാഥാര്‍ത്ഥ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. നഗരവാസികളുടെ ദൈന്യംദിന ജീവിതത്തില്‍ സുപ്രധാനമായ മാറ്റത്തിനാവും ഈ സംവിധാനം വഴിയൊരുക്കുക. ഒരിടത്തുനിന്ന് പുറപ്പെടുന്ന യാത്രക്കാരന് യാതൊരുവിധ തടസ്സങ്ങളും നേരിടാതെ തന്റെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ ലൂപ്പ് വരുന്നതോടെ സാധിക്കുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. മണിക്കൂറില്‍ ഇരുപതിനായിരം യാത്രക്കാരെ കൈകാര്യം സാധിക്കുന്ന തരത്തിലാണ് ഇത് വിഭാവനം ചെയ്യുന്നത്.
17 കിലോമീറ്റര്‍ ആണ് ദുബായ് ലൂപ്പിന്റെ മൊത്തം നീളം. 11 സ്റ്റേഷനുകള്‍ ആയിരിക്കും രൂപകല്‍പ്പന ചെയ്യുക. പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ടിഎയും ദി ബോറിങ് കമ്പനിയും ധാരണാപത്രം ഉപ്പുവെച്ചതായും ശൈഖ് ഹംദാന്‍ വെളിപ്പെടുത്തി. ദുബായ് ആതിഥ്യമരുളിയ ലോക സര്‍ക്കാര്‍ ഉച്ചകോടിയുടെ ഭാഗമായാണ് ഇരുവിഭാഗവും ധാരണാപത്രത്തില്‍ ഒപ്പിട്ടത്.