കൊച്ചി: എയര്‍ കേരളയുടെ ആദ്യ സര്‍വീസ് ജൂണില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആരംഭിക്കുമെന്നും കൊച്ചി വിമാനത്താവളത്തെ വിമാനക്കമ്പനിയുടെ ഹബ്ബായി പ്രഖ്യാപിക്കുന്നുവെന്നും എയര്‍ കേരള ചെയര്മാന് അഫി അഹമദ്. 76 സീറ്റുകളുള്ള എടിആര്‍ വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുക. എല്ലാം ഇക്കണോമിക് സീറ്റുകളായിരിക്കും. ആദ്യഘട്ടത്തില്‍ അഞ്ച് വിമാനങ്ങളാണ് സര്‍വീസ് നടത്തുക.
പാട്ടത്തിനെടുക്കുന്ന വിമാനങ്ങളില്‍ ആദ്യത്തേത് ഏപ്രിലില്‍ കൊച്ചിയിലെത്തും. വിമാന ജീവനക്കാരില്‍ ഭൂരിഭാഗവും മലയാളികളായിരിക്കുമെന്നാണ് ചെയര്മാന് പറഞ്ഞത്. എയര്‍ കേരള സര്‍വീസ് തുടങ്ങി രണ്ട് വര്‍ഷം കൊണ്ട് വിമാനങ്ങളുടെ എണ്ണം 20 ആക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം.
വിമാനങ്ങള്‍ പാട്ടത്തിനെടുത്താണ് സര്‍വീസ് നടത്തുന്നത്. അള്‍ട്രാ ലോ കോസ്റ്റ് വിമാന സര്‍വീസുകളാണ് കമ്പനി നടത്തുകയെന്ന് ചെയര്മാന് പറഞ്ഞു. ദക്ഷിണ, മധ്യ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും എയര്‍ കേരള സര്‍വീസുകള്‍ നടത്തുന്നതെന്ന് സിഇഒ ഹരീഷ് കുട്ടി അറിയിച്ചു. വിദേശ സര്‍വീസുകള്‍ പിന്നീടുണ്ടാകുമെന്നും അധികൃതര്‍.