എഴുത്തുകാരനാകണമെന്ന ആഗ്രഹത്താല്‍ പരിഹസിക്കപ്പെട്ടവനാണ് താനെന്ന് അഖില്‍ പി ധര്‍മജന്‍
ഷാര്‍ജ: എഴുത്തുകാരനാകണമെന്ന ആഗ്രഹത്താല്‍ ജീവിച്ച തനിക്ക് ഏറെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതായി റാം C/O ആനന്ദിയുടെ രചയിതാവ് അഖില്‍ പി ധര്‍മജന്‍. താന്‍ മോശമായി ഒന്നും ചെയ്യുന്നില്ല, ആരെയും അക്രമിക്കുന്നില്ല, എന്നിട്ടും തനിക്കെതിരെ പല കോണുകളില്‍ നിന്നും അധിക്ഷേപങ്ങള്‍ വരുന്നു. 43-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ‘പുസ്തകത്തിനപ്പുറമുള്ള കഥകള്‍ – റാം C/O ആനന്ദിയുടെ കഥാകാരന്‍ അഖില്‍ പി ധര്‍മജനുമൊത്ത് ഒരു സായാഹ്നം’ എന്ന പരിപാടിയില്‍ വായനക്കാരുമായി സംവദിക്കുകയായിരുന്നു മലയാളത്തിന്റെ പുതുതലമുറയിലെ ശ്രദ്ധേയനായ നോവലിസ്റ്റ്.
തന്റെ ശബ്ദത്തേയും, വേഷത്തേയും ചിലര്‍ പരിഹസിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ ബോഡി ഷെയ്മിങ് നടത്തുന്നു.
ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് അവഗണിക്കാനും അതിജീവിക്കാനും പഠിച്ചെന്നും എഴുത്തുകാരനാവണം എന്നാഗ്രഹിച്ചതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെട്ട ഒരാളാണ് താനെന്നും അഖില്‍ പറഞ്ഞു.
ചുരുങ്ങിയ കാലത്തിനിടയില്‍ മൂന്ന് ലക്ഷത്തിലധികം കോപ്പികള്‍ വിറ്റ് മലയാള പ്രസാധന ചരിത്രത്തില്‍ നാഴികല്ലായി മാറിയ റാം C/O ആനന്ദി എന്ന നോവല്‍ മുന്നൂറ് താളുകള്‍ എഴുതിയ ശേഷം പൂര്‍ണമായും ഒഴിവാക്കി വീണ്ടും എഴുതിയ പുസ്തകമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ആദ്യ രചന പൂര്‍ത്തിയാക്കിയ ശേഷം 2018 എന്ന സിനിമയുടെ തിരക്കഥ എഴുതി. ഇതിന് ശേഷം ഒരിക്കല്‍ കൂടി വായിച്ചപ്പോള്‍ കുറേക്കൂടി മെച്ചപ്പെട്ട രീതിയില്‍ എഴുതാമായിരുന്നു എന്ന് ബോധ്യമായതുകൊണ്ടാണ് ആദ്യം എഴുതിയത് പൂര്‍ണമായും ഒഴിവാക്കിയത്. നോവല്‍ സിനിമയാക്കുമ്പോള്‍ പ്രണവ് മോഹന്‍ലാലും സായ് പല്ലവിയും പ്രധാന വേഷങ്ങള്‍ ചെയ്യണെന്നാണ് ആഗ്രഹിക്കുന്നത്. ഇനി സംവിധായികയുടെ കൂടി താത്പര്യം പരിഗണിച്ചാവും സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുകയെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ജെ വൈശാഖ് മോഡറേറ്ററായിരുന്നു. റാം ഇ/ഛ ആനന്ദിയുടെ നിറവിന്യാസത്തില്‍ രഞ്ജിത്ത് വരച്ച അഖിലിന്റെ ചിത്രം ചിത്രകാരന്‍ എഴുത്തുകാരന് സമ്മാനിച്ചു.