അല്‍ ഐന്‍ ഈത്തപ്പഴ ഫെസ്റ്റിവല്‍ എട്ടിന് അവസാനിക്കും
അല്‍ ഐന്‍: അല്‍ ഐന്‍ ഈത്തപ്പഴ ഫെസ്റ്റിവല്‍ എട്ടിന് അവസാനിക്കുമെന്ന് സംഘാടകരായ അബുദാബി ഹെറിറ്റേജ് അതോറിറ്റി അറിയിച്ചു. ജനുവരി മൂന്നിനാണ് ഫെസ്റ്റിവലിന് തുടക്കമായത്. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് അല്‍ ഐനില്‍ പ്രഥമ ഈത്തപ്പഴ ഫെസ്റ്റിവല്‍ നടന്നുവരുന്നത്.
ആദ്യ ദിനത്തില്‍ തന്നെ 2,025 കിലോഗ്രാം ഈത്തപ്പഴമായിരുന്നു 27 പങ്കാളികളില്‍നിന്നായി എലൈറ്റ് അല്‍ ഐന്‍ മത്സരത്തിന് ലഭിച്ചത്. യുഎഇയുടെ പാരമ്പര്യ ചിഹ്നമായ ഈന്തപ്പനയുടെ ചരിത്രപരമായ പ്രാധാന്യവും ഇമറാത്തി ജീവിതത്തില്‍ ഈ മരത്തിനുള്ള സ്ഥാനവും ജനങ്ങളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
ഈത്തപ്പഴ ഇനങ്ങളായ അല്‍ ഐന്‍ എലൈറ്റ്, ഖലാസ്, ഫര്‍ദ്, ഡബ്ബാസ്, ബുമാന്‍, ശീഷി, സാമില്‍ എന്നീ ഏഴ് വിഭാഗങ്ങളിലായായി മികച്ചവയെ കണ്ടെത്താന്‍ മത്സരങ്ങളും വിവിധ ദിവസങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്. 17.56 ലക്ഷം ദിര്‍ഹത്തിന്റെ 70 സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഫെസ്റ്റിന്റെ ഭാഗമായ ഈത്തപ്പഴ ലേലവും വൈവിധ്യമാര്‍ ഈത്തപ്പഴങ്ങളുടെ ്അപൂര്‍വ കാഴ്ചകളുമെല്ലാം ദിനേന ആയിരങ്ങളെയാണ് ആകര്‍ഷിക്കുന്നത്.