കണ്ണപുരം റിജിത്ത് വധം: പ്രതികളായ ഒമ്പത് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം
ശിക്ഷ 20 വര്‍ഷത്തിന് ശേഷം
കണ്ണപുരം ചുണ്ടയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ.
കൊലക്കേസിലെ ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി-3 കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. 2005 ഒക്ടോബര്‍ മൂന്നിന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
ആകെ 10 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. ഇവരില്‍ മൂന്നാംപ്രതി അജേഷ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.
സുഹൃത്തുക്കളായ നികേഷ്, വിമല്‍, വികാസ്, സജീവന്‍ എന്നിവര്‍ക്കൊപ്പം രാത്രി വീട്ടിലേക്ക് നടന്നുപോയ റിജിത്തിനെ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
തച്ചന്‍കണ്ടിയാല്‍ ക്ഷേത്രത്തിനടുത്ത് വെച്ചായിരുന്നു ആക്രമണം. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു. വാക്കത്തി, കഠാര, വടിവാള്‍, വലിയ കഠാര, സ്റ്റീല്‍പൈപ്പ്, ഉറയോടുകൂടിയ വടിവാള്‍ എന്നിവയാണ് കൊലയ്ക്ക് ഉപയോഗിച്ചത്. പ്രദേശത്ത് യാതൊരു വിധത്തിലുള്ള രാഷ്ട്രീയ സംഘര്‍ങ്ങളില്ലാത്ത സാഹചര്യത്തിലായിരുന്നു റിജിത്തിന്റെ കൊലപാതകം.
കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടന്‍വീട്ടില്‍ സുധാകരന്‍(57), കൊത്തില താഴെവീട്ടില്‍ ജയേഷ്(41), ചാങ്കുളത്തുപറമ്പില്‍ രഞ്ജിത്ത്(44), പുതിയപുരയില്‍ അജീന്ദ്രന്‍(51), ഇല്ലിക്കവളപ്പില്‍ അനില്‍കുമാര്‍(52), പുതിയപുരയില്‍ രാജേഷ്(46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടില്‍ ശ്രീകാന്ത്(47), സഹോദരന്‍ ശ്രീജിത്ത്(43), തെക്കേവീട്ടില്‍ ഭാസ്‌കരന്‍(67) എന്നിവര്‍ക്കാണ് ജീവപര്യന്തം വിധിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൊലപാതകം(302), വധശ്രമം(307), അന്യായമായി സംഘംചേരല്‍(143), സംഘം ചേര്‍ന്ന് ലഹളയുണ്ടാക്കല്‍(147), തടഞ്ഞുവയ്ക്കല്‍(341), ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍(324) വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി.