പഹൽഗാം ആക്രമണം നടത്തിയ മൂന്ന് ഭീകരരെയും വധിച്ചു; പ്രതിപക്ഷത്തിന് അതിൽ സന്തോഷമില്ലെന്ന് അമിത് ഷാ

പഹൽഗാമിലെ കിരാതമായ നടപടിയെ അപലപിക്കുന്നതായും കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് അനുതാപം പ്രകടിപ്പിക്കുന്നുവെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ലോക്‌സഭയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. പഹൽഗാം ഭീകരവാദികളെ വധിച്ചെന്ന് കേൾക്കുമ്പോൽ പ്രതിപക്ഷത്തിന് സന്തോഷമാകുമെന്നാണ് താൻ കരുതിയത്. എന്നാൽ അവർക്ക് സന്തോഷമുള്ളതായി തോന്നുന്നില്ലെന്നും അമിത് ഷാ പറഞ്ഞു
ആർമിയുടെയും സിആർപിഎഫിന്റെയും ജമ്മു കാശ്മീർ പോലീസിന്റെയും സംയുക്ത നടപടിയായ ഓപറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരവാദികളെ വധിച്ചു. സുലൈമാൻ, അഫ്ഗാൻ, ജിബ്രാൻ എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്. ബൈസരൺ താഴ് വരയിൽ നമ്മുടെ പൗരൻമാരെ കൊലപ്പെടുത്തിയ ഈ മൂന്ന് പേരെയും ഇല്ലാതാക്കി കഴിഞ്ഞു
പഹൽഗാം ആക്രമണത്തിന് പിന്നാലെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ താൻ സന്ദർശിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ആറ് ദിവസത്തിനപ്പുറം വിധവയായ ഒരു യുവതിയെ കണ്ടു. ആ രംഗം തനിക്കൊരിക്കലും മറക്കാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു