ജയ്‌സ്വാൾ സെഞ്ച്വറിക്ക് അരികെ, രാഹുലിനും അർധ സെഞ്ച്വറി; പെർത്തിൽ ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ
പെർത്ത് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 172 റൺസ് എന്ന നിലയിലാണ്. നിലവിൽ ഇന്ത്യക്ക് 218 റൺസിന്റെ ലീഡുണ്ട്. ഇന്ത്യക്കായി ഓപണർമാരായ യശസ്വി ജയ്‌സ്വാളും കെ എൽ രാഹുലും അർധസെഞ്ച്വറി നേടി.
ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 150 റൺസിന് ഓൾ ഔട്ടായിരുന്നു. എന്നാൽ രണ്ടാമിന്നിംഗ്‌സിൽ പൊരുതാനുറച്ചാണ് ഇന്ത്യ ക്രീസിലിറങ്ങിയത്. ഇന്ത്യൻ ഓപണർമാർക്ക് വെല്ലുവിളി ഉയർത്താൻ ഓസീസ് ബൗളർമാർക്ക് ഒരു ഘട്ടത്തിൽ പോലും സാധിച്ചില്ല. കൃത്യമായ പ്രതിരോധത്തിലൂന്നിയായിരുന്നു ജയ്‌സ്വാളും രാഹുലും രണ്ടാമിന്നിംഗ്‌സിൽ സ്‌കോർ മുന്നോട്ടു കൊണ്ടുപോയത്
193 പന്തിൽ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 90 റൺസുമായി ജയ്‌സ്വാളും 153 പന്തിൽ നാല് ഫോർ സഹിതം 62 റൺസുമായി കെഎൽ രാഹുലും ക്രീസിലുണ്ട്. അമ്പതിൽ താഴെയാണ് ഇരുവരുടെയും സ്‌ട്രൈക്ക് റേറ്റ് എന്നതും ശ്രദ്ധേയമാണ്. മൂന്നാം ദിനമായ നാളെ നാനൂറിന് മുകളിൽ ലീഡ് ഉയർത്തിയ ശേഷം ഡിക്ലയർ ചെയ്യാനാകും ഇന്ത്യയുടെ പദ്ധതി.