അമ്പലമുക്ക് വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രനുള്ള ശിക്ഷ ഇന്ന് വിധിക്കും

തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാര ചെടി കടയിലെ ജീവനക്കാരി വിനീതയെ കുത്തി കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. പ്രതി തമിഴ്നാട് സ്വദേശി രാജേന്ദ്രൻ കുറ്റക്കാരനെന്ന് തിരുവനന്തപുരം സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലവും മാനസികാവസ്ഥയും മനസ്സിലാക്കുന്നതിനായി കന്യാകുമാരി, തിരുവനന്തപുരം ജില്ലാ കലക്ടർമാരുടെ അടക്കമുള്ള ഏഴ് റിപ്പോർട്ടുകൾ കോടതി വിളിച്ചു വരുത്തി പരിശോധിച്ചു.
പ്രതി കൊടും കുറ്റവാളിയെന്നായിരുന്നു തമിഴ്‌നാട്ടിൽ രാജേന്ദ്രൻ നടത്തിയ മൂന്ന് കൊലപാതകങ്ങൾ ഉയർത്തി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ചെയ്യാത്ത കുറ്റത്തിന് പശ്ചാത്താപം ഇല്ലെന്നും ഉന്നത കോടതികളെ സമീപിക്കുമെന്നായിരുന്നു പ്രതി രാജേന്ദ്രന്റെ പ്രതികരണം. 2022 ഫെബ്രുവരി ആറിനാണ് വിനീത കൊല്ലപ്പെട്ടത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപ്പവന്റെ മാല മോഷ്ടിയ്ക്കാനായിരുന്നു കൊലപാതകം.
ഒരു സീരിയൽ കില്ലർ എന്ന നിലയിൽ പ്രതി സമൂഹത്തിന് ഭീഷണിയെന്നും വധശിക്ഷ വിധിയ്ക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. കവർച്ചക്കായി രാജേന്ദ്രൻ തമിഴ്‌നാട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയതും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.