Business

അംബാനിയുടെ ദീപാവലി സമ്മാനം; 12,000 രൂപയ്ക്ക് ലാപ്ടോപ്പ്

മുംബൈ: എല്ലാ ദീപാവലിക്കും തങ്ങളുടെ കസ്റ്റമേഴ്‌സിന് എന്തെങ്കിലും ഒരു കിടിലന്‍ ഓഫര്‍ പ്രഖ്യാപിക്കുകയെന്നത് റിലയന്‍സ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനിയുടെ ജീവിതചര്യയായി മാറിയിരിക്കുന്ന കാര്യമാണ്. ഈ ഉത്സവ സീസണിലും അതിന് കാര്യമായ മാറ്റമൊന്നുമില്ല. ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ഇത്തവണത്തെ ഉപയോക്താക്കളുടെ കണ്ണ് തള്ളിക്കുന്ന സമ്മാനവുമായി എത്തിയിരിക്കുകയാണ് റിലയന്‍സ് ജിയോ.

വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും മുകേഷ് അംബാനിയുടെ ദീപാവലി സമ്മാനമായി ലഭിക്കുക ഉഗ്രന്‍ ഒരു ലാപ്‌ടോപ്പാണ്. അതും വെറും 12,000 രൂപക്ക്. റിലയന്‍സ് ഈയടുത്ത് പുറത്തിറക്കിയ ജിയോ ബുക്കിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ജിയോ ബുക്ക് അവതരിപ്പിച്ച സമയം തന്നെ വിലക്കുറവ് കൊണ്ട് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ഓഫര്‍ കൊണ്ടും ജിയോ ബുക്കിന് വന്‍ ഡിമാന്‍ഡ് കൈവന്നിരിക്കുകയാണ്.

ഒരു 5ജി ഫോണിനേക്കാള്‍ വിലക്കുറവിലാണ് മുകേഷ് അംബാനി ലാപ്‌ടോപ്പ് ലഭ്യമാക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമെല്ലാം സര്‍വ സാധാരണമായിരിക്കേയാണ് കിടിലന്‍ ഓഫര്‍ ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ദീപാവലി സമയത്ത് ആമസോണ്‍, റിലയന്‍സ് ഡിജിറ്റല്‍ എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലാണ് റിലയന്‍സ് ബുക്ക് ഓഫര്‍ കൊണ്ട് ഞെട്ടിച്ചിരിക്കുന്നത്. വിലക്കുറവിനൊപ്പം മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ആജീവനാന്തമായ സൗജന്യ ആക്സസും ലാപ്ടോപ്പ് വാഗ്ദാനം ചെയ്യുന്നു. വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോലം ഇതൊരു മികച്ച ഓഫറായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.

11.6 ഇഞ്ച് ഡിസ്പ്ലേയും 990 ഗ്രാം മാത്രം ഭാരവുമുള്ള ജിയോ ബുക്ക് എട്ട് മണിക്കൂര്‍ ശരാശരി ബാറ്ററി ബാക്കപ്പും ലഭിക്കും. 4ജി മൊബൈല്‍ നെറ്റ്വര്‍ക്ക് കണക്ടിവിറ്റിയെ പിന്തുണക്കുന്ന ജിയോ ബുക്ക് 11 എന്ന മോഡലില്‍ മീഡിയടെക് 8788 പ്രൊസസര്‍ ആണ് ഉപയോഗിച്ചിട്ടുള്ളത്. ആന്‍ഡ്രോയിഡ് അധിഷ്ഠിതമായി റിലയന്‍സ് തന്നെ വിപുലീകരിച്ച ജിയോ ഒഎസില്‍ ആണ് പ്രവര്‍ത്തനം.

12 മാസത്തെ വാറണ്ടിയുള്ള ഈ ലാപ്‌ടോപ്പ് 64 ജിബി സ്റ്റോറേജും 4 ജിബി റാമുമുള്ള മോഡലാണ്. ആകര്‍ഷകമായ ഇഎംഐ സംവിധാനങ്ങളും ജിയോ ബുക്കിനായി റിലയന്‍സ് വാഗ്ദാനം ചെയ്യുന്നു. 16,499 രൂപക്ക് ജിയോ അവതരിപ്പിച്ച ജിയോ ബുക്കാണ് ദീപാവലി പ്രമാണിച്ച് പ്രത്യേക ഡിസ്‌ക്കൗണ്ടായ 3,609 രൂപ കുറവില്‍ 12,890 രൂപയ്ക്ക് ലഭ്യമാവുന്നത്.

Related Articles

Back to top button