ട്രംപിന് വോട്ട് ചെയ്ത മുസ്ലിംകള്‍ നിരാശയില്‍; വേണ്ടിയിരുന്നില്ലെന്ന് തുടക്കം തന്നെ തോന്നി
ഗാസ- ലബനാന്‍ വിഷയത്തിലെ നിലപാടില്‍ പ്രതിഷേധം
വാഷിംഗ്ടണ്‍: ബൈഡന്റെ ഇസ്രാഈല്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി രംഗത്തിറങ്ങിയ മുസ്ലിംകള്‍ക്ക് പണി കിട്ടി തുടങ്ങി. ഇപ്പോള്‍ ട്രംപിനെ പിന്തുണക്കേണ്ടിയിരുന്നില്ലെന്ന് മുസ്ലിം നേതാക്കള്‍ക്ക് തോന്നിതുടങ്ങി.
തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് തൊട്ടുപിന്നാലെ ട്രംപ് സ്വീകരിക്കുന്ന ഇസ്രാഈല്‍ അനുകൂല നിലപാടാണ് ട്രംപ് അനുകൂല മുസ്ലിംകളെ നിരാശപ്പെടുത്തിയത്. ഫിലാഡല്‍ഫിയയിലെ നിക്ഷേപകനും ‘മുസ്ലിംസ് ഫോര്‍ ഡൊണാള്‍ഡ് ട്രംപിന്റെ’ സഹസ്ഥാപകനുമായ റബീഉല്‍ ചൗധരി തന്റെ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തി.
‘ഞങ്ങള്‍ കാരണമാണ് ട്രംപ് വിജയിച്ചത്, അദ്ദേഹത്തിന്റെ തീരുമാനങ്ങളില്‍ ഞങ്ങള്‍ സന്തുഷ്ടരല്ല.’ പെന്‍സില്‍വാനിയയിലെ കമലാ ഹാരിസിനെതിരെ പ്രക്ഷോഭം നടത്തിയ സംഘത്തിന്റെ അധ്യക്ഷനായ ചൗധരി വ്യക്തമാക്കി.
ട്രംപിന്റെ ഭരണകൂടത്തിന്റെ നയങ്ങളിലും കാബിനറ്റ് നിയമനങ്ങളിലും മുസ്ലിം വിരുദ്ധത വ്യക്തമാണെന്നും ട്രംപിന്റെ അറബ്-അമേരിക്കന്‍ അനുയായികള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.