Kerala

ആനകൾക്ക് മേലെ ഇനി കുതിര കയറാൻ പാടില്ല; എഴുന്നള്ളിപ്പിന് നിയന്ത്രണം വേണമെന്ന് അമിക്കസ് ക്യൂറി

റിപോർട്ട് ഹൈക്കോടതിയിൽ

കൊച്ചി: ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കാന്‍ പാടില്ലെന്നും മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്നും അതും നിയന്ത്രണങ്ങളോട് കൂടിയെ പറ്റൂവെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച് അന്തിമ മാര്‍ഗ്ഗ രേഖ ചൊവ്വാഴ്ച്ച പുറപ്പെടുവിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തില്‍ കൊണ്ടുപോകരുത്. 30 കിലോമീറ്ററിലധികം നടത്തിക്കൊണ്ടു പോകാനും പാടില്ല. എഴുന്നള്ളിപ്പുകള്‍ക്ക് നിര്‍ത്തുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും ജനങ്ങളില്‍ നിന്ന് 10 മീറ്റര്‍ അകലവും പാലിക്കണമെന്നും അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തു. 65 വയസ് കഴിഞ്ഞുള്ള ആനകളെ എഴുന്നള്ളിക്കരുതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

നാട്ടാനകളുടെ എഴുന്നള്ളിപ്പുമായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി അമിക്കസ്‌ക്യൂറിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമുള്ള നിര്‍ദേശങ്ങളാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടായി കോടതിക്ക് സമര്‍പ്പിച്ചത്. കര്‍ശനനിയന്ത്രണങ്ങളാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലുള്ളത്.

ആനകളുടെ തലപ്പൊക്ക മത്സരം, വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവ പാടില്ല. കൂടാതെ തീവെട്ടി അടക്കമുള്ളവയ്ക്ക് അഞ്ച് മീറ്റര്‍ ദൂരപരിധി വയ്ക്കണം. രാവിലെ 11 മുതല്‍ വൈകുന്നേരം നാല് വരെയും രാത്രി 10 മണി മുതല്‍ രാവിലെ നാല് വരെയും ആനകളെ യാത്ര ചെയ്യിക്കരുത്. ഈ സമയം താത്കാലികമായ വിശ്രമ സൗകര്യം ഒരുക്കണം. മാത്രമല്ല, യാത്ര ചെയ്യുന്ന സമയത്തെ വിശ്രമ സമയമായി പരിഗണിക്കാനാകില്ലെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോഗ്യപരമായ അവശത ബാധിച്ച ആനകളെ എഴുന്നള്ളിക്കരുത്. അഞ്ചില്‍ കൂടുതല്‍ ആനകള്‍ ഉള്ള എഴുന്നള്ളിപ്പിന് 24 മണിക്കൂര്‍ മുന്‍പ് വൈദ്യ പരിശോധന പൂര്‍ത്തിയാക്കണം. എഴുന്നള്ളിപ്പിന് അനുമതി കൊടുക്കുന്നതിന് മുന്‍പ് ആന ആരോഗ്യവാനാണെന്ന വെറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രം ഉറപ്പാക്കണമെന്നും അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തു.

Related Articles

Back to top button